കോടതിവിധി ആശ്വാസകരം –മന്ത്രി ശൈലജ
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ മാനേജ്മെൻറുകൾ ആവശ്യപ്പെട്ട ഫീസ് അംഗീകരിക്കാൻ കോടതി തയാറായില്ല എന്നത് സർക്കാറിന് സന്തോഷവും ആശ്വാസകരവുമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വർധിച്ച ഫീസ് അംഗീകരിച്ചുകൊടുക്കാൻ ആരോഗ്യവകുപ്പിന് കഴിയില്ല. ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് കോടതി അംഗീകരിച്ചു എന്നതിലും ഉയർന്ന ഫീസ് അംഗീകരിച്ചില്ല എന്നതും സ്വാഗതാർഹമാണ്.
അലോട്ട്മെൻറ് നടപടികളുമായി സർക്കാർ മുന്നോട്ടുപോകും. ആഗസ്റ്റ് 31നകം സ്പോട്ട് അലോട്ട്മെൻറ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കും. അതിനുള്ള തയാറെടുപ്പുകൾ സർക്കാർ നടത്തിയിട്ടുണ്ട്. പാവപ്പെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ് നൽകാൻ എൻ.ആർ.െഎ ഫീസിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം നീക്കിവെക്കാനുള്ള സർക്കാർ തീരുമാനം കോടതി അംഗീകരിക്കുമെന്നാണ് കരുതുന്നത്.
21ന് കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. കോടതി നിർദേശ പ്രകാരം ബുധനാഴ്ച മുഴുവൻ കോളജുകളിലെയും താൽക്കാലിക ഫീസ് ഘടന പ്രസിദ്ധീകരിക്കുന്നതിന് പ്രായോഗിക തടസ്സമില്ല. മുൻവർഷത്തെ ഫീസിൽ മൂന്ന് കോളജുകളുമായി സർക്കാർ കരാർ ഒപ്പിട്ടിട്ടുണ്ട്. കരാറിനെ കുറിച്ച് കോടതിവിധിയുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. ഇനി മുതൽ കരാർ ഒപ്പിടേണ്ടതില്ല എന്ന് കോടതി നിർദേശിച്ചതായാണ് പ്രാഥമിക വിവരം.
ഒപ്പിട്ട കരാറിെൻറ കാര്യത്തിലുള്ള കോടതിയുടെ നിർദേശം അറിയേണ്ടിയിരിക്കുന്നു. ആ കോളജുകളിലെ ഫീസ് ഘടന കോടതി നിർദേശിച്ചത് വ്യക്തമല്ല. ന്യൂനപക്ഷ കോളജുകളിൽ സാമുദായിക സീറ്റുകളിലേക്ക് റവന്യൂ സർട്ടിഫിക്കറ്റ് മാത്രം പരിഗണിക്കാനുള്ള സർക്കാർ ഉത്തരവിെൻറ കാര്യത്തിൽ കോടതി നിർദേശം അംഗീകരിക്കും. നേരത്തേ ഇറക്കിയ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കിയത് ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെൻറ് ഫെഡറേഷൻ േകാടതിയിൽ ചോദ്യം ചെയ്തിരുന്നു. കോടതി നിർദേശിച്ചാൽ ഇവരിലെ ഉപവിഭാഗങ്ങൾക്ക് സീറ്റ് നീക്കിവെക്കുന്നതിന് സർക്കാർ തയാറാണെന്നും മന്ത്രി പറഞ്ഞു. കരാറിൽ ഏർപ്പെടുന്നതിന് മാനേജ്മെൻറുകൾ ഉയർന്ന ഫീസ് ആവശ്യപ്പെട്ടതിനാൽ അതിനുള്ള സാഹചര്യം ഇല്ലാതെപോയി. തുടർന്നാണ് ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് അംഗീകരിക്കാൻ സർക്കാർ തയാറായത്. സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി ഇത്തവണ അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.