വവ്വാലുകളുടെ ആവാസ വ്യവസ്ഥ തകർത്താൽ അപകടമെന്ന് ആരോഗ്യ മന്ത്രി
text_fieldsകോഴിക്കോട്: നിപ വൈറസ് ആശങ്കയുെട പശ്ചാത്തലത്തില്‍ വവ്വാലുകളെ കൂട്ടത്തോടെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് കൂടുതല്‍ അപകടങ്ങൾക്കിടയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇവയുടെ ആവാസ വ്യവസ്ഥക്കുനേരേയുള്ള ആക്രമണങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ജില്ലയിലെ എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിൽ മന്ത്രി പറഞ്ഞു.
ഫീല്‍ഡ് സര്‍വൈലന്‍സും ഫീവര്‍ സര്‍വൈലന്‍സും തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനതലത്തിലും ജില്ല തലത്തിലും ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു. വൈറസ് രോഗബാധയുടെ ഉറവിടം വ്യക്തമാക്കുന്നതിന് വവ്വാലുകളെ പരിശോധിക്കുന്നതിനായി കേന്ദ്രസംഘം ബുധനാഴ്ച രാവിലെ ജില്ലയിലെത്തും.
ജില്ലയില്‍ രണ്ടാമത്തെ തവണ രോഗബാധ വന്ന സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജില്ലയില്‍ പൊതു ജാഗ്രത അനിവാര്യമാണ്. കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ അതി ജാഗ്രതയും ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.
എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അതതു മണ്ഡലങ്ങളിലെ പഞ്ചായത്ത് പ്രസിഡൻറുമാര്‍ക്ക് എം.എൽ.എമാര്‍ കൃത്യമായ നിര്‍ദേശം നല്‍കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രന് ആവശ്യപ്പെട്ടു. ജനങ്ങളിലെ ആശങ്ക അകറ്റുന്നതിന് നേതൃത്വപരമായ പങ്ക് ഉണ്ടാകണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളണമെന്നും എം.കെ. രാഘവന് എം.പി പറഞ്ഞു.
നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടക്കുന്നത് തടയണമെന്ന് ലിേൻറാ ജോസഫ് എം.എൽ.എ പറഞ്ഞു. ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി വേണമെന്നും ഇ.കെ. വിജയന് എം.എല്‍.എ ആവശ്യപ്പെട്ടു.
കുറ്റ്യാടി പുഴയോരത്തെ വലിയ രീതിയിലുള്ള വവ്വാലുകളുടെ കൂട്ടം ജനജീവിതത്തിന് ഏതെങ്കിലും തരത്തില്‍ ഭീഷണിയാകുമോ എന്ന കാര്യം പരിശോധിക്കണമെന്ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എൽ.എ അഭിപ്രായപ്പെട്ടു. നടപ്പില്‍ വരുത്തുന്ന നിയന്ത്രണങ്ങള്‍ക്ക് എല്ലാം ഏകീകരണ രൂപം നല്‍കണമെന്ന് പി.ടി.എ. റഹീം എം.എല്‍.എ ആവശ്യപ്പെട്ടു. നിപ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. സുരക്ഷാക്രമീകരണാർഥം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് മാറ്റുന്ന രോഗികള്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സച്ചിന്‍ദേവ് എം.എല്‍.എ അഭിപ്രായപ്പെട്ടു.
മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍, ജില്ല കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ തുടങ്ങിയവര്‍ ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.