ആരോഗ്യമന്ത്രിയുടെ തട്ടകം: ‘രോഗം’ ആരോഗ്യ മേഖലക്ക്
text_fieldsപത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോർജിന്റെ തട്ടകമായിട്ടും ജില്ലയിലെ സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട് അസ്വസ്ഥതകൾ പുകയുന്നത് ആരോഗ്യമേഖലക്ക് നാണക്കേടാകുന്നു. ഡോക്ടർമാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ വഷളാകുന്നത് ആശുപത്രികളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിച്ചുതുടങ്ങി.
ഡോക്ടർമാരുടെ സ്ഥലംമാറ്റം, പരാതികളിൽ തീരുമാനമില്ലാത്തത്, എൻ.എച്ച്.എം ഡോക്ടർമാരുടെ വേതനം മുടങ്ങൽ, ആശുപത്രികളിലെ സ്ഥലപരിമിതി തുടങ്ങിയ വിഷയങ്ങളാണ് പരിഹാരമില്ലാതെ നീളുന്നത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിത ഡോക്ടറെ ജില്ലയുടെ അതിർത്തി പ്രദേശത്തേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങി.
രാഷ്ട്രീയ താൽപര്യങ്ങൾക്ക് കൂട്ടുനിൽക്കാതെ വന്നപ്പോഴാണ് സ്ഥലംമാറ്റമെന്ന ആക്ഷേപം ഡോക്ടർമാർക്കിടയിലുണ്ട്. ജനറൽ ആശുപത്രിയിൽ കാഷ്വാലിറ്റി വിഭാഗത്തിലും ഒ.പിയിലും ഡോക്ടർമാരില്ലാതെ വലയുമ്പോഴാണ് സ്ഥലം മാറ്റം. കോഴഞ്ചേരി ജില്ല ആശുപത്രിയിലും പത്തനംതിട്ട, അടൂർ ജനറൽ ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്ത് വിജിലൻസ് അടുത്തിടെ നടത്തിയ പരിശോധനയും ഇതുമായി ബന്ധപ്പെട്ട് നൽകിയ റിപ്പോർട്ടുകളും ആരോഗ്യവകുപ്പിന് നാണക്കേടായി.
നിയമവിരുദ്ധമായ സ്വകാര്യ പ്രാക്ടീസ് നടത്തിയില്ലെന്നും ഇത്തരം പരിശോധന അവഹേളിക്കാനുള്ള തന്ത്രമാണെന്നും ആരോപണ വിധേയരായ ഡോക്ടർമാർ പറയുന്നത്. എന്നാൽ, നിയമങ്ങൾ മറികടന്ന് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ആശുപത്രി പരിസരങ്ങളിൽ കൂട്ടമായി മുറിയെടുത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നത് യാഥാർഥ്യമാണ്.
മിക്ക ആശുപത്രികളിലും മരുന്ന് ക്ഷാമം നേരിടുന്നുണ്ട്. പരിശോധനക്ക് സ്വകാര്യലാബുകളെയും ആശ്രയിക്കേണ്ടി വരുന്നു. നിലവിൽ ജില്ലയിലെ പ്രമുഖ സർക്കാർ ആശുപത്രികൾപോലും സ്ഥലപരിമിതി അടക്കമുള്ള പ്രശ്നങ്ങളിലാണ്. കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ഉൾപ്പെടെ ഡോക്ടർമാർക്ക് നേരെ കൈയേറ്റ ശ്രമവും ആരോഗ്യമേഖലക്ക് തിരിച്ചടിയാകുന്നു.
എൻ.എച്ച്.എമ്മിൽ ആറുമാസമായി ശമ്പളമില്ല
ഡോക്ടർമാരുൾപ്പെടെ നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) വഴി നിയമിതരായ എല്ലാ ജീവനക്കാർക്കും ആറുമാസമായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. സമരപരിപാടികൾ നടത്തിയിട്ടും ഫലമുണ്ടായില്ല. കേന്ദ്രസർക്കാറിന്റെ 60 ശതമാനവും സംസ്ഥാന സർക്കാറിന്റെ 40 ശതമാനവും തുക ഉപയോഗിച്ചാണു ജീവനക്കാർക്കു ശമ്പളം നൽകുന്നത്.
ഡോക്ടർമാർ, നഴ്സുമാർ, ഫിസിയോതെറപ്പിസ്റ്റ്, ആശാ പ്രവർത്തകർ, ക്ലറിക്കൽ ജീവനക്കാർ തുടങ്ങിയ തസ്തികകളിൽ എൻ.എച്ച്.എം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. കേന്ദ്ര ചട്ടപ്രകാരം പ്രവർത്തിക്കുന്നില്ലെന്ന പേരിലാണ് എൻ.എച്ച്.എം ഫണ്ട് മുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം കേന്ദ്രനിർദേശ പ്രകാരമുള്ള ബോർഡ് കൂടി വെക്കാൻ തീരുമാനമുണ്ടായിരിക്കുന്നത്.
ജില്ല ആശുപത്രിയിൽ ഡോക്ടർമാർ പ്രതിഷേധത്തിൽ
കോഴഞ്ചേരി ജില്ല ആശുപത്രിയിൽ ഉൾപ്പെടെ ഡോക്ടർമാർ കൈയേറ്റ ശ്രമം നടന്നതിൽ പ്രതിഷേധത്തിലാണ്. പരാതി നൽകിയിട്ടും നടപടിയില്ല. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. നിതീഷ് ഐസക് സാമുവേലിനെ ഡ്യൂട്ടി സമയത്തു വധഭീഷണി മുഴക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നടപടി വൈകുന്നതിനെതിരെ ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ പ്രതിഷേധിച്ചിരുന്നു.
അക്രമി സംഘത്തിനെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം ആറന്മുള പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ ഇട്ടെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ജില്ല ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെതിരെയുള്ള പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സൂപ്രണ്ടിനു നേരെ ഭീഷണി ഉണ്ടായത്.
ജൂൺ 14ന് സൂപ്രണ്ടിന്റെ ചേംബറിൽ കടന്നുകയറി ഭീഷണി മുഴക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ഒ.പി ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കെ.ജി.എം.ഒ.എ ഭരാവാഹികൾ പറഞ്ഞു.
യൂനിയനോടും നീരസത്തിൽ ജീവനക്കാർ
ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് ഫണ്ട് ആവശ്യപ്പെട്ട് യൂനിയൻ നേതാവിന്റെ അറിയിപ്പ് വന്നതു മുതൽ ആരോഗ്യമേഖലയിലെ ജീവനക്കാർ നീരസത്തിലാണ്. ജീവനക്കാർക്ക് ഒരു പ്രയോജനവുമില്ലാത്ത യൂനിയനുവേണ്ടി ഇനിയും പിരിവു നൽകാൻ പലരും വിസമ്മതം പ്രകടിപ്പിച്ചതോടെ ഡോക്ടർമാർ അടക്കമുള്ളവർക്കുനേരെ പ്രതികാര നടപടി തുടങ്ങിയതായി പറയുന്നു.
യൂനിയൻ നേതാവിന്റെ താൽപര്യം സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ആരോഗ്യവകുപ്പിൽ സ്വാധീനം ചെലുത്തി നടപടി എടുപ്പിക്കുന്നുവെന്നുമാണ് ആക്ഷേപം. മുമ്പ് അംഗത്വ ഫീസ് ഉൾപ്പെടെ പണം പിരിക്കുന്നതിനൊന്നും യൂനിയൻ നേതാവ് രസീത് കൊടുക്കാറില്ലായിരുന്നു.തെരഞ്ഞെടുപ്പ് ഫണ്ട് കൊടുത്തവർക്കും രസീത് കിട്ടാതെ വന്നപ്പോൾ വനിത ഡോക്ടർ ഉൾപ്പെടെ ചോദ്യം ചെയ്തതാണ് നേതാവിനെ പ്രകോപിപ്പിച്ചത്.
ജീവനക്കാരുടെ സംരക്ഷണത്തിനെന്ന് പറഞ്ഞാണ് രാഷ്ട്രീയ ഭേദമന്യേ എല്ലാ എൻ.എച്ച്.എം ജീവനക്കാരെയും ഉൾപ്പെടുത്തി സംഘടന രൂപവത്കരിച്ചത്. ഇതിന്റെ തലപ്പത്തുള്ളത് ഭരണകക്ഷി അനുഭാവിയായ ജീവനക്കാരനാണ്.
ജില്ലയിൽ വ്യാജ മെഡിക്കൽ കോളജും
നേരെ ചൊവ്വേ ആശുപത്രിയായി പോലും പ്രവര്‍ത്തിക്കാത്ത സ്ഥാപനം മെഡിക്കല്‍ കോളജ് ബോര്‍ഡുവെച്ച് പ്രവര്‍ത്തിക്കുന്നതും ആരോഗ്യമന്ത്രിയുടെ ജില്ലയിലാണ്. അനുമതി നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയെ അറിയിച്ച വടശ്ശേരിക്കര കുമ്പളത്താമണ്ശ്രീഅയ്യപ്പ ആശുപത്രിയാണ് മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഫൗണ്ടേഷൻ എന്ന പേരിൽ ബോർഡ് സ്ഥാപിച്ച് രോഗികളെ ആകർഷിക്കുന്നത്.
സി.ആര്. മഹേഷ് എം.എല്‍.എയാണ് സഭയിൽ ചോദ്യം ഉന്നയിച്ചത്. ജില്ലയില്‍ വടശ്ശേരിക്കര കുമ്പളത്താമണ്ണില്‍ പുതുതായി ഒരു മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിന് എന്‍.ഒ.സിയും എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി ശ്രീഅയ്യപ്പമെഡിക്കല് കോളജ് ആന്‍ഡ് റിസര്‍ച് ഫൗണ്ടേഷന് ചെയര്മാന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേന നടത്തിയ പരിശോധനയില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അനുമതി നിഷേധിച്ചെന്നാണ് മന്ത്രിയുടെ മറുപടിയിലുള്ളത്.
എന്നാല്‍, മെഡിക്കല്‍ കോളജ് എന്ന ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇതുമായി ആശുപത്രി പ്രവര്‍ത്തനം മുന്നോട്ടു പോവുകയുമാണ്. നിയമസഭയില്‍ മന്ത്രിയുടെ മറുപടി വന്നതോടെ കോളജിന്റെ വെബ്സൈറ്റ് കഴിഞ്ഞ ദിവസം അപ്രത്യക്ഷമായിട്ടുണ്ട്. ആറു വര്‍ഷമായി ആശുപത്രി പ്രവര്‍ത്തിക്കുന്നുവെന്നും പറയുന്നു.
ആരോഗ്യമന്ത്രിയുടെ മറുപടിയിൽ വെട്ടിലായി സി.പി.എം
ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് കോളജ് ഉടമകള്‍ ഫണ്ട് നല്‍കിയിരുന്നുവെന്നാണ് വിവരം. ആരോഗ്യമന്ത്രിയുടെ നിയമസഭയിലെ മറുപടിയോടെ വെട്ടിലായത് സി.പി.എമ്മാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡോ. ടി.എം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ മുഖ്യ സ്പോണ്‍സറായിരുന്നു വടശ്ശേരിക്കര ശ്രീ അയ്യപ്പമെഡിക്കല്‍ കോളജ്.
കോളജ് ചെയര്മാന് പരിപാടി സ്പോണ്സര് ചെയ്തത് ആശുപത്രിക്ക് സർക്കാർ എന്‍.ഒ.സി നേടിയെടുക്കുന്നതിനാണെന്ന് അന്ന് കോണ്‍ഗ്രസ് ആക്ഷേപം ഉന്നയിച്ചിരുന്നു. സ്വന്തം ജില്ലയിലെ വ്യാജമെഡിക്കല്‍ കോളജിനെ കുറിച്ച് മന്ത്രിക്ക് അറിയില്ലേ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.
അസൗകര്യങ്ങളുടെ നടുവിൽ
പുതിയ കെട്ടിടം പണിയെത്തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാലുകുത്താൻപറ്റാത്ത അവസ്ഥയാണ്. ഒ.പിയിലും മറ്റും രോഗികൾക്ക് നിന്നുതിരിയാൻ സ്ഥലം ഇല്ല. മഴകൂടി തുടങ്ങിയതോടെ രോഗികൾ നരകിക്കുകയാണ്. കെട്ടിടം പണിയുടെ പ്രാഥമിക ജോലികൾപോലും ഇഴഞ്ഞാണ് നീങ്ങുന്നത്. പണി പൂർത്തിയാകാൻ വർഷങ്ങൾ വേണ്ടി വരും. കോന്നിയിൽ സർക്കാർമെഡിക്കൽ കോളജ് ഉണ്ടായിട്ടും പ്രയോജനമില്ല.
അസുഖം വന്നാൽ കോട്ടയം മെഡിക്കൽ കോളജിൽപോകേണ്ട ഗതികേടിലാണ് രോഗികൾ. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടർന്നിട്ടും ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനം താളംതെറ്റിയ നിലയിലാണ്. പത്തനംതിട്ട നഗരസഭ, പന്തളം നഗരസഭ, മലയാലപ്പുഴ, കലഞ്ഞൂർ, തണ്ണിത്തോട്, ഏനാദിമംഗലം, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലും എലിപ്പനി , ഡെങ്കി വ്യാപകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.