കേരളത്തിൽ ഏഴു ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്; നിയന്ത്രണം കൂടുതൽ കർശനമാക്കണം
text_fieldsന്യൂഡൽഹി: കേരളത്തിലെ ഏഴു ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം, വയനാട് എന്നിവയാണ് കോവിഡ് വ്യാപനം കൂടുതലുള്ള ഏഴു ജില്ലകളെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ അറിയിച്ചു.
കേരളത്തിലെ 10 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) 10 ശതമാനത്തിന് മുകളിലാണ്. ടി.പി.ആർ നിരക്ക് കൂടിയ ജില്ലകളിൽ ഒരു തരത്തിലുമുള്ള ഇളവ് അനുവദിക്കരുതെന്നും നിയന്ത്രണം കൂടുതൽ കർശനമാക്കണമെന്നും നിർദേശമുണ്ട്.
മഴക്കാല രോഗങ്ങൾ തടയാൻ സംസ്ഥാനം മുൻകരുതൽ സ്വീകരിക്കണം. രാജ്യത്ത് കോവിഡ് വ്യാപനം കുത്തനെ കുറയുന്ന സാഹചര്യത്തിൽ 22 ജില്ലകളിൽ കോവിഡ് കേസുകൾ ഉയരുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ആഗോള വീക്ഷണത്തിൽ നോക്കുകയാണെങ്കിൽ മഹാമാരി അവസാനിക്കുന്നില്ല. ലോകമെമ്പാടുമുള്ള കേസുകളുടെ എണ്ണത്തിൽ പ്രകടമായ വർധനയുണ്ട്. അത് ആശങ്കാജനകമാണ്. വൈറസിന്‍റെ വ്യാപനം കുറയ്ക്കാൻ കർശന നിയന്ത്രണം വേണമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കേരളത്തിലെ ഏഴു ജില്ലകള്‍ക്ക് പുറമേ, മണിപ്പൂരില്‍ അഞ്ചും മേഘാലയയില്‍ മൂന്നും ജില്ലകളില്‍ അതീവ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്ന് നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി.കെ പോള്‍ പറഞ്ഞു. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുമ്പായി വാക്‌സിനേഷന്‍ അതീവ വേഗത്തിലാക്കണം. കോവിഡ് രണ്ടാംതരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല.
ചില ജില്ലകളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നും താഴ്ന്നും ഇരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിനേഷനും ജാഗ്രതയും മാത്രമേ പ്രതിരോധത്തിന് ഉതകുകയുള്ളു. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളാണ് തീരുമാനം എടുക്കേണ്ടത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കണം എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.