അട്ടപ്പാടിയിൽ വ്യാജ-വിഷമദ്യ ഉപയോഗത്താൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നു
text_fieldsഅഗളി (പാലക്കാട്): അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തടയാൻ സത്വര നടപടി സ്വീകരിക്കുമെന്നും ആവശ്യമായ നടപടികൾ സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും പട്ടികജാതി- പട്ടികവർഗ ക്ഷേമ നിയമസഭ സമിതി ചെയർമാൻ ഒ.ആർ. കേളു. അട്ടപ്പാടിയിലെ ഊരുകൾ സന്ദർശിച്ച ശേഷം ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഊരുകളിൽ റേഷൻ, ഭക്ഷ്യകിറ്റുകൾ, പെൻഷൻ, വിവിധ വകുപ്പുകളുടെ സഹായ പദ്ധതികൾ എന്നിവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതായി സമിതി അംഗങ്ങൾ അറിയിച്ചു. ഊരുനിവാസികൾ, വിദ്യാർഥികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരോട് സമിതി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
മേഖലയെ സംബന്ധിക്കുന്ന വിഷയങ്ങൾ സമിതി ഗൗരവമുള്ളതായി കാണുന്നതായും അംഗങ്ങൾ പറഞ്ഞു. ശിശുമരണം, ഗർഭിണികളിൽ കാണുന്ന അസുഖങ്ങൾ എന്നിവ സംബന്ധിച്ച് പ്രത്യേകം പരിശോധിക്കും.
അട്ടപ്പാടിയിൽ വ്യാജമദ്യം ധാരാളമായെത്തുന്നതായി ജനപ്രതിനിധികളും എക്സൈസും സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് എക്സൈസ് നടത്തിയ പഠന റിപ്പോർട്ട് സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരും. വ്യാജ -വിഷമദ്യ ഉപയോഗത്താൽ 18നും 50നും ഇടയിൽ പ്രായമുള്ളവരിൽ ആരോഗ്യപ്രശ്നങ്ങൾ വർധിക്കുന്നത് പ്രധാന സാമൂഹിക പ്രശ്നമാണെന്ന് സമിതി കണ്ടെത്തി.
അട്ടപ്പാടിയിൽ 30 -50 ഇടയിൽ പ്രായമായവർക്കിടയിൽ മരണനിരക്ക് സംബന്ധിച്ച് പ്രത്യേകം പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട കണക്ക് ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുമെന്നും അംഗങ്ങൾ വ്യക്തമാക്കി. ഇവ പരിശോധിച്ച് സർക്കാറിന് റിപ്പോർട്ട് നൽകും.
അവലോകന യോഗത്തിൽ സമിതി അംഗങ്ങളും എം.എൽ.എമാരുമായ കടകംപള്ളി സുരേന്ദ്രൻ, എ.പി. അനിൽകുമാർ, പി.പി. സുമോദ്, എ. രാജ, വി.ആർ. സുനിൽകുമാർ, പട്ടികജാതി -പട്ടികവർഗ നിയമസഭ വെൽഫെയർ കമ്മിറ്റി ജോ. സെക്രട്ടറി ഷാജി സി. ബേബി, ജില്ല കലക്ടർ മൃൺമയി ജോഷി, ഷോളയൂർ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ രാമമൂർത്തി, ജ്യോതി അനിൽകുമാർ, വകുപ്പ് ഉദ്യോഗസ്ഥർ, സാമൂഹിക -രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.