ബജറ്റ് വിഹിതം തികയാതെ ആരോഗ്യമേഖല
text_fieldsതിരുവനന്തപുരം: ആരോഗ്യമേഖലയിൽ മികവുകൾ അവകാശപ്പെടുമ്പോഴും ആവശ്യമായ മരുന്ന് വാങ്ങാൻ പോലും ബജറ്റ് വിഹിതം തികയുന്നില്ലെന്ന് കണക്കുകൾ. ആവശ്യമായ മരുന്നിന്റെ 30 ശതമാനം വാങ്ങാനുള്ള പണം മാത്രമാണ് വകയിരുത്തലായുള്ളത്. ആശുപത്രികളിൽ നിന്നുള്ള ആവശ്യകതയടക്കം അനുസരിച്ച് വരുന്ന സാമ്പത്തിക വർഷം (2025-26) 1014.92 കോടി രൂപയുടെ മരുന്ന് വേണം. എന്നാൽ, ബജറ്റ് വിഹിതം 356.4 കോടിയും.
നിലവിലെ സാമ്പത്തിക വർഷത്തിലും (2024-25 ) സ്ഥിതി ഇതുതന്നെ. ഈ വർഷം 934.28 കോടി രൂപയുടെ മരുന്ന് സംഭരിക്കണമെന്നതായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാൽ, കേരള മെഡിക്കൽ സർവിസസ് കോർപറേഷന് ബജറ്റിൽ അനുവദിച്ചത് 356.4 കോടി രൂപ മാത്രം. അധികമായി 150 കോടി കൂടി അനുവദിച്ചെങ്കിലും 427 കോടി കുറവ്. കെ.എം.എസ്.സി.എൽ വഴി മരുന്ന് വാങ്ങിയ ഇനത്തിൽ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക 693.78 കോടി കഴിഞ്ഞു.
മരുന്ന് ക്ഷാമത്തിനു പിന്നിൽ
സർക്കാർ ആശുപത്രികൾ നേരിടുന്ന മരുന്ന് ക്ഷാമത്തിൽ സാമ്പത്തിക വിഹിതത്തിലെ കുറവ് പ്രധാന ഘടകമാണ്. പണമില്ലാത്തതിനാൽ ടെൻഡർ ചെയ്ത മരുന്നുകൾ വെട്ടിക്കുറക്കലാണ് പോംവഴി. വിലകൂടിയ മരുന്നുകളിലാണ് ഈ കത്രിക വെക്കൽ. ഇതോടെ, പുറത്തുനിന്ന് വാങ്ങൽ മെഡിക്കൽ കോളജുകളിലടക്കമെത്തുന്ന രോഗിയുടെ ചുമലിലാകും.
സർക്കാർ ആശുപത്രികളിലെ മരുന്ന് സംഭരണകാര്യത്തിൽ ഗുരുതര വീഴ്ചയുണ്ടാകുന്നെന്ന് ആരോഗ്യമേഖല സംബന്ധിച്ച സി.എ.ജിയുടെ ഒടുവിലെ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. മരുന്ന് ക്ഷാമം ഒഴിവാക്കുകയാണ് കെ.എം.എസ്.സി.എൽ രൂപവത്കരിച്ചതിന്റെ പ്രധാന ഉദ്ദേശ്യമെങ്കിലും ഇൻഡെന്റ് ചെയ്ത അളവിൽ മരുന്നുകൾ സംഭരിക്കാനാകാത്തത് ആശുപത്രികളിൽ മരുന്ന് ക്ഷാമത്തിനിടയാക്കിയെന്നാണ് പരാമർശം.
2016-17 മുതൽ 2021-22 വരെ കാലയളവിൽ ആശുപത്രികൾ 4732 ഇനം മരുന്ന് ആവശ്യപ്പെട്ടെങ്കിലും പൂർണമായ അളവിൽ എത്തിച്ചത് 536 ഇനം മാത്രമാണെന്നാണ് സി.എ.ജിയുടെ കണ്ടെത്തൽ. 512 മരുന്നുകൾക്ക് പകുതിയിൽ താഴെയേ ഓർഡർ നൽകിയുള്ളൂ. 185 ഇനങ്ങൾക്ക് ഓർഡർ നൽകിയതുമില്ല. സംസ്ഥാനത്തെ 67 ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ 62,826 ലേറെ സന്ദര്‍ഭങ്ങളില്‍ മരുന്നുകള്‍ സ്റ്റോക്കുണ്ടായിരുന്നില്ലെന്ന കണ്ടെത്തലും സി.എ.ജി മുന്നോട്ടുവെക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.