നിപ ഉറവിടം അമ്പഴങ്ങയെന്ന് സൂചന; വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
text_fieldsമലപ്പുറം: പാണ്ടിക്കാട് നിപ ബാധിച്ചു മരിച്ച കുട്ടി വവ്വാലിന്‍റെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അമ്പഴങ്ങ കഴിച്ചതായി തന്നെയാണ് ആരോഗ്യ വകുപ്പിന് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ അമ്പഴങ്ങയിൽ നിന്ന് തന്നെയാകാം വൈറസ് ബാധയേറ്റതെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പ്രത്യേക സംഘം തീവ്ര ശ്രമത്തിലാണ്. ഇതിനുശേഷമായിരിക്കും ആരോഗ്യവകുപ്പ് ഉറവിടത്തെ കുറിച്ച് കൂടുതൽ വ്യക്തത നൽകുക.
രോഗം സ്ഥിരീകരിക്കുന്നതിനു മുമ്പേ തന്നെ കുട്ടി അബോധവസ്ഥയിലായതിനാൽ എന്തെല്ലാം പഴങ്ങളാണ് കഴിച്ചതെന്ന് ആരോഗ്യപ്രവർത്തകർക്ക് ചോദിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കളിക്കാൻ പോയ സമയത്ത് നാട്ടിലെ ഒരു മരത്തിൽ നിന്ന് അമ്പഴങ്ങ പറിച്ച് കഴിച്ചതായി സൂചന ലഭിച്ചത്. ഇക്കാര്യം തന്നെയാണ് തിങ്കളാഴ്ച രാവിലെ മലപ്പുറത്ത് നടന്ന നിപ അവലോകന യോഗത്തിനു ശേഷം ആരോഗ്യ മന്ത്രി വീണ ജോർജും വ്യക്തമാക്കിയത്.
കുട്ടി മറ്റ് ജില്ലകളിൽ യാത്ര പോയത് വളരെ മുമ്പാണ്. അതിനാൽ മറ്റു ജില്ലകളിൽ നിന്ന് വൈറസ് ബാധയേൽക്കാൻ സാധ്യതില്ല. സുഹൃത്തുകളിൽ നിന്ന് ലഭിച്ച വിവരപ്രകാരം നാട്ടിലെ മരത്തിൽ നിന്നാണ് പഴം കഴിച്ചതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മറ്റു കുട്ടികൾ ഈ പഴം കഴിച്ചിട്ടില്ലെന്നുമാണ് അറിയിച്ചത്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താൻ കൂടുതൽ തെളിവുകൾ ശേഖരിച്ച് വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേമസയം ആരും വവ്വാലുകളുടെ ആവാസ വ്യവസ്‌ഥ നശിപ്പിക്കാൻ ശ്രമിക്കരുത്. അവയെ ഓടിച്ചു വിടാനും തീയിടാനും ശ്രമിക്കരുത്. അത് കൂടുതൽ അപകടത്തിനും വ്യാപനത്തിനും സാധ്യത ഉണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.