ആരോഗ്യ സർവകലാശാല ഇന്റർസോൺ: കോഴിക്കോട് മെഡിക്കൽ കോളജ് ടീം ചാമ്പ്യന്മാർ
text_fieldsകോട്ടക്കൽ: നാലു രാപ്പകലുകളിൽ നടന താളമേള വർണ വിസ്മയങ്ങളാൽ മൊഞ്ചണിഞ്ഞ കേരള ആരോഗ്യ സർവകലാശാല ഇന്റർസോൺ കലോത്സവത്തിന് ആയുർവേദ നഗരത്തിൽ പരിസമാപ്തി. ‘ഫലസ്തീൻ’ എന്ന് പേരിട്ട മേളയിൽ 143 പോയന്റുമായി കോഴിക്കോട് മെഡിക്കൽ കോളജ് ടീം ഓവറോൾ ചാമ്പ്യന്മാരായി.
71 പോയന്റ് നേടി കൊല്ലം ഗവ. മെഡിക്കൽ കോളജ് രണ്ടാം സ്ഥാനവും 67 പോയന്റ് നേടി ആതിഥേയരായ വി.പി.എസ്.വി ആയുർവേദ കോളജ് കോട്ടക്കൽ മൂന്നാം സ്ഥാനവും നേടി. കോഴിക്കോടിന്റെ കന്നി കിരീട നേട്ടമാണിത്.
14 ജില്ലകളിലെ 120ലധികം കോളജുകളിൽനിന്നുള്ള 3000ത്തോളം വിദ്യാർഥികളാണ് വിവിധ വേദികളിൽ മത്സരിച്ചത്. 66 സ്റ്റേജ് ഇനങ്ങളിലും 30 സ്റ്റേജിതര ഇനങ്ങളിലുമായിരുന്നു മത്സരം. ‘ഫലസ്തീൻ’ എന്ന ആശയത്തിലായിരുന്നു വേദികൾ. ഫലസ്തീൻ നഗരങ്ങളുടെ ഓർമ പുതുക്കാനായി ഗസ്സ, വെസ്റ്റ് ബാങ്ക്, ഖാൻ യൂനിസ്, ജബാലിയ എന്ന പേരുകളാണ് പ്രധാന വേദികൾക്കിട്ടത്.സമാപന സമ്മേളനം ജില്ല കലക്ടർ വി.ആർ. വിനോദ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-ശാസ്ത്ര സർവകലാശാല ചെയർമാൻ ഡോ. അഖീൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്റ്റുഡന്റ് അഫയർ ഡീൻ ഡോ. വി.എൻ. ഇക്ബാൽ, കോട്ടക്കൽ ആയുർവേദ കോളജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. എം.വി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ഡോ. കൃഷ്ണ പ്രസാദ് സ്വാഗതവും കോളജ് യൂനിയൻ ചെയർമാൻ പി. അനഘ നന്ദിയും പറഞ്ഞു.
കലാതിലകമായി സംറീൻ സത്താറും നന്ദനയും
കോട്ടക്കൽ: മത്സരിച്ച എല്ലാ ഇനങ്ങളിലും മികച്ച പ്രകടനം നടത്തിയ സംറീൻ സത്താറും വി. നന്ദനയും കലാതിലക പട്ടം പങ്കിട്ടു. പ്രോസ് ആൻഡ് കോൺസ് മത്സരത്തിലും ഇംഗ്ലീഷ് ഇലക്യൂഷനിലും എക്സ്റ്റംബർ ഇംഗ്ലീഷിലും ഒന്നാം സ്ഥാനം നേടിയാണ് സംറീന സത്താർ നേട്ടത്തിനർഹയായത്. കൊല്ലം ഗവ. മെഡിക്കൽ കോളജ് വിദ്യാർഥിയാണ്.
മത്സരിച്ച മൂന്നിനത്തിലും ഒന്നാം സ്ഥാനം നേടിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ വി. നന്ദന കലാതിലക നേട്ടം പങ്കിട്ടത്. ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം എന്നിവയിലാണ് നന്ദന ഒന്നാമതായത്. എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർഥിയായ നന്ദന സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും എ ഗ്രേഡുകളും സ്വന്തമാക്കിയിട്ടുണ്ട്. 15 പോയന്റാണ് ഇരുവരും നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.