മുഹമ്മദ് ഫൈസലിന്റെ അപ്പീലിൽ ഇന്നും വാദം തുടരും
text_fieldsകൊച്ചി: വധശ്രമക്കേസിൽ കവരത്തിയിലെ വിചാരണക്കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതിനെതിരെ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീലിൽ ചൊവ്വാഴ്ചയും വാദം തുടരും.
ശിക്ഷ വിധിച്ചതിന് പിന്നാലെ മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലക്ഷദ്വീപിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം ഇറക്കിയിരുന്നു. ഈ സാഹചര്യത്തിൽ ശിക്ഷ മാത്രമല്ല, കോടതി തന്നെ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിയും സ്റ്റേ ചെയ്യണമെന്ന് മുഹമ്മദ് ഫൈസൽ ആവശ്യപ്പെട്ടു. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടാൽ സ്വാഭാവികമായി അയോഗ്യനാക്കപ്പെടുമെന്നും ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ലക്ഷദ്വീപ് ഭരണകൂടം വാദിച്ചു. ഒരു വർഷവും ഏതാനും മാസങ്ങളും മാത്രമാണ് ഇനിയുള്ളതെന്നിരിക്കെ ഇക്കാലയളവിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് വലിയ ചെലവുണ്ടാക്കില്ലേയെന്ന് അപ്പീലിൽ വാദം കേൾക്കെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ചോദിച്ചു.
ശിക്ഷ ചോദ്യം ചെയ്ത് അപ്പീൽ നൽകിയ സാഹചര്യത്തിൽ തന്നെ അയോഗ്യനാക്കി ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അപരിഹാര്യമായ നഷ്ടമുണ്ടാക്കുമെന്ന് മുഹമ്മദ് ഫൈസൽ വാദിച്ചു. വധശ്രമക്കേസാണെങ്കിലും ഇരയ്ക്ക് താരതമ്യേന ചെറിയ പരിക്കുകളാണ് ഉള്ളതെന്ന് വിചാരണക്കോടതിയുടെ വിധിയിൽ തന്നെ പറയുന്നു. വിചാരണക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നടപടി സ്റ്റേ ചെയ്താൽ എം.പി സ്ഥാനം നഷ്ടമാവില്ലെന്നും മുഹമ്മദ് ഫൈസലിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വാദിച്ചു.തെരഞ്ഞെടുപ്പ് ഒഴിവാക്കാനായി വിചാരണക്കോടതി വിധി സ്റ്റേ ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും ലക്ഷദ്വീപ് ഭരണകൂടത്തിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ കെ.എം. നടരാജൻ വാദിച്ചു.
കേസിലെ ഒന്നാം പ്രതി സയ്യിദ് മുഹമ്മദ് നൂറുൽ അമീനടക്കമുള്ള പ്രതികളുടെ വാദം ചൊവ്വാഴ്ച നടക്കും. മുൻ കേന്ദ്രമന്ത്രി പി.എം. സഈദിന്റെ മരുമകനായ മുഹമ്മദ് സ്വാലിഹിനെ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസൽ അടക്കമുള്ള പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.