നേവിസിന്‍റെ ഹൃദയം പ്രേംചന്ദിന്‍റെ ശരീരത്തിൽ മിടിച്ചു തുടങ്ങി; നന്ദി മനുഷ്യരെ..
text_fieldsകോഴിക്കോട്: മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻററിൽ ശനിയാഴ്ച രാത്രി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ പ്രേംചന്ദിന്‍റെ (59) ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മാനേജിങ് ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ മുഹമ്മദ് മുസ്തഫ അറിയിച്ചു. ആലുവ രാജഗിരി ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്‍റെ (25) ഹൃദയമാണ് കണ്ണൂർ സ്വദേശിയായ പ്രേംചന്ദിന് മാറ്റിവെച്ചത്.
രോഗിയുടെ ശരീരത്തിൽ പുതിയ ഹൃദയം പ്രവർത്തനം ആരംഭിക്കുകയും ബോധം തിരിച്ചുകിട്ടുകയും ചെയ്തതായി ഡോ. മുഹമ്മദ് മുസ്തഫ പറഞ്ഞു. കാർഡിയോ തൊറാസിക് സർജറി ഡയറക്ടറും ട്രാൻസ്പ്ലാൻറ് സർജനുമായ പ്രഫ. ഡോ. വി. നന്ദകുമാർ, ഡോ. അശോക് ജയരാജ്, ഡോ. ലക്ഷ്മി, ഡോ. ലക്ഷ്മി, ഡോ. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നിർവഹിച്ചത്. ആലുവയിൽനിന്നും റോഡ് മാർഗം ആംബുലൻസിൽ പൊലീസ് എസ്കോർട്ടോടുകൂടി മൂന്നുമണിക്കൂർ അഞ്ചു മിനിറ്റു കൊണ്ട് ഹൃദയം ഇവിടെ എത്തിക്കുവാൻ കഴിഞ്ഞത് ശസ്ത്രക്രിയയുടെ വിജയത്തിന് കാരണമായി.
ഫ്രാന്‍സില്‍ അക്കൗണ്ടിങ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം വീട്ടിൽ ഓണ്‍ലൈനിലായിരുന്നു പഠനം. സെപ്റ്റംബർ 16നാണ് നേവിസിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മസ്തിഷ്ക മരണം സ്ഥിരീകരിച്ച നേവിസിന്‍റെ ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. സാജന്‍ മാത്യുവും ഷെറിനുമാണ് നേവിസിന്‍റെ മാതാപിതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.