ഹൃദയശസ്ത്രക്രിയ: സംസ്ഥാനത്ത് 20 മുതൽ സ്റ്റെൻറ് വിതരണം നിർത്തുന്നു
text_fieldsതിരുവനന്തപുരം: വിവിധ സർക്കാർ ആശുപത്രികളിൽനിന്ന് 69 കോടി കിട്ടാനുള്ള സാഹചര്യ ത്തിൽ ജൂലൈ 20 മുതൽ സംസ്ഥാന വ്യാപകമായി ഹൃദ്രോഗ ചികിത്സക്കുള്ള സ്റ്റെൻറ് വിതരണം നിർത്താൻ ഏജൻസികളുടെ തീരുമാനം. തിരുവനന്തപുരം, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ കാത്ത് ലാബുകളുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് 19 കോടിയും ആലപ്പുഴ മെഡിക്കൽ കോളജിൽനിന്ന് 14.90 കോടിയും കിട്ടാനുള്ള സാഹചര്യത്തിൽ ജൂലൈ രണ്ട് മുതൽ സ്റ്റെൻറ് വിതരണം നിർത്തിവെച്ചിരുന്നു. 2014 മുതലുള്ള ബിൽ തുക ലഭിക്കാനുണ്ടെന്നാണ് ഏജൻസികൾ പറയുന്നത്. രണ്ടാഴ്ചയായി സ്റ്റെൻറുകൾ ലഭിക്കാതായയോടെ തിരുവനന്തപുരത്തെ രണ്ട് കാത്ത് ലാബുകളുടെ പ്രവർത്തനം നിലച്ച നിലയിലാണ്.
ഇവിടങ്ങളിലായി പ്രതിദിനം മുപ്പത് ഹൃദയശസ്ത്രക്രിയകളാണ് നടന്നിരുന്നത്. ഇൻഷുറൻസ് കമ്പനിയായ റിലയൻസിൽനിന്ന് തുക നൽകാത്തതാണ് തുക കൈമാറാനാകാത്തതിന് കാരണമെന്നാണ് അധികൃത വിശദീകരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കലക്ടറുടെ ഉറപ്പിലാണ് സ്റ്റെൻറ് വിതരണം പുനരാരംഭിച്ചത്. ജൂലൈ 15നുള്ളിൽ തുക നൽകാമെന്നായിരുന്നു വ്യവസ്ഥയെങ്കിലും ഇനിയും ഫണ്ട് നൽകിയിട്ടില്ലെന്ന് വിതരണ ഏജൻസികളുടെ പ്രതിനിധികൾ പറയുന്നു.
ഇതിനുപുറമെ ആശുപത്രി ഉപകരണങ്ങളും സാമഗ്രികളും വിതരണം ചെയ്ത ഇനത്തിൽ 150 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. ഡീലർമാർ വിതരണം നിർത്തുമെന്ന് അറിയിച്ചെങ്കിലും കഴിഞ്ഞ ബുധനാഴ്ച 46 കോടി രൂപ അനുവദിച്ചതോടെയാണ് പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചത്.
ശസ്ത്രക്രിയ ഉപകരണങ്ങൾ മുതൽ രക്തം പരിശോധിക്കുന്നതിനുള്ള റീജൻറുകൾവരെ വാങ്ങിയ ഇനത്തിൽ 2016 മുതലുള്ള തുകയാണ് നൽകാനുള്ളത്. സർക്കാർ ഏജൻസികളായ കാരുണ്യ, കെ.എം.എസ്.സി.എൽ, കെ.എച്ച്.ആർ.ഡബ്ല്യു.എസ് എന്നീ സ്ഥാപനങ്ങൾ മുഖേനയും നേരിട്ട് ഒാർഡറുകളിലൂടെയുമാണ് ആശുപത്രി ഉപകരണങ്ങൾ ഡീലർമാരിൽനിന്ന് വാങ്ങിയിട്ടുള്ളത്. ഇതിൽ കെ.എം.എസ്.സി.എല്ലാണ് ഏറ്റവും കൂടുതൽ തുക നൽകാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.