'ഹൃദയം തകർന്നുപോയി'; ദു:ഖം വിവരിക്കാൻ വാക്കുകളില്ലെന്ന് നിഖിത ഗാന്ധി
text_fieldsകൊച്ചി: കുസാറ്റ് ക്യാമ്പസിൽ ഗാനസന്ധ്യക്ക് മുമ്പായുണ്ടായ തിരക്കിൽപെട്ട് നാല് വിദ്യാർഥികൾക്ക് ജീവൻ നഷ്ടമായ വാർത്തയറിഞ്ഞ് ഹൃദയം തകർന്നുപോയെന്ന് ഗായിക നിഖിത ഗാന്ധി. നിഖിതയുടെ നേതൃത്വത്തിൽ സംഗീതപരിപാടി ആരംഭിക്കുന്നതിന് മുമ്പായാണ് കുസാറ്റിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ദുരന്തമുണ്ടായത്. ഇതോടെ പരിപാടി ഒഴിവാക്കിയിരുന്നു.
'കൊച്ചിയിൽ നടന്ന സംഭവത്തിൽ എന്‍റ ഹൃദയം തകർന്നുപോയി. വേദിയിലെത്താനോ പരിപാടി ആരംഭിക്കാനോ കഴിയുന്നതിന് മുമ്പായിരുന്നു ദുരന്തം. ഈ ദു:ഖം വിവരിക്കാൻ വാക്കുകളില്ല. വിദ്യാർഥികളുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനയിൽ ചേരുന്നു' -നിഖിത ഗാന്ധി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ശനിയാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു കുസാറ്റിൽ ദുരന്തമുണ്ടായത്. ഗാനസന്ധ്യക്ക് മുന്നോടിയായി വൻതോതിൽ വിദ്യാർഥികൾ സ്ഥലത്ത് എത്തിയിരുന്നു. താഴേക്ക് പടികളിറങ്ങുന്ന വിധത്തിലാണ് ഓഡിറ്റോറിയം. ഇതിന് മുകളിലെ പ്രവേശന ഗേറ്റിൽ നൂറുകണക്കിന് വിദ്യാർഥികൾ തടിച്ചുകൂടിയിരുന്നു. ഗേറ്റ് തുറന്നതോടെ വിദ്യാർഥികൾ തിക്കിത്തിരക്കി ഉള്ളിലേക്ക് കടന്നതും നിരവധി പേർ പടിക്കെട്ടിൽ വീണു. പിന്നാലെ വന്നവർ ഇവർക്ക് മേലെ വീണതോടെ ദുരന്തം സംഭവിച്ചു. പുറത്ത് മഴപെയ്തതും കൂടുതൽ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്കെത്താൻ കാരണമായി.
രണ്ടാംവർഷ സിവിൽ വിദ്യാർഥി എറണാകുളം കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ തമ്പിയുടെ മകൻ അതുൽ തമ്പി, രണ്ടാംവർഷ ഇലക്ട്രോണിക്സ് വിദ്യാർഥിനി പറവൂർ ഗോതുരുത്ത് കുറുമ്പത്തുരുത്ത് കോണത്ത് റോയ് ജോർജുകുട്ടിയുടെ മകൾ ആൻ റിഫ്ത്ത (20), രണ്ടാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനി കോഴിക്കോട് താമരശ്ശേരി പുതുപ്പാടി മൈലേലംപാറ വയലപള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (19) എന്നീ വിദ്യാർഥികളും പാലക്കാട് മുണ്ടൂർ സ്വദേശിയായ ആൽബിൻ ജോസഫുമാണ് മരിച്ചത്. 64 പേർക്ക് പരിക്കുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.