ഉഷ്ണതരംഗസാധ്യത: തൊഴിൽ സമയക്രമീകരണം ഹൈറേഞ്ച് മേഖലക്കും ബാധകമെന്ന് ലേബർ കമീഷണർ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തിൽ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ തൊഴിലാളികൾക്കും ബാധകമായിരിക്കുമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.
സംസ്ഥാനത്തെ തൊഴിലാളികൾക്കായി മെയ് 15 വരെ ഏർപ്പെടുത്തിയ തൊഴിൽ സമയ ക്രമീകരണങ്ങളിൽ നിന്നും സമുദ്രനിരപ്പിൽ നിന്ന് 3,000 അടി ഉയരമുള്ള പ്രദേശങ്ങളെ ഒഴിവാക്കിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിലവിൽ അനുഭവപ്പെടുന്ന ഉഷ്ണ തരംഗത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഈ മേഖലകളിലെ തോട്ടം തൊഴിലാളികൾ അടക്കമുള്ള എല്ലാ തൊഴിലാളികൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും കമീഷണർ അറിയിച്ചു.
ഈ മേഖലകളിൽ ഉച്ചക്ക് 12 മുതൽ വെകിട്ട് മൂന്ന് വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമക്കെതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ, ഡെപ്യൂട്ടി ലേബർ ഓഫീസർ, അസി ലേബർ ഓഫീസർ എന്നിവരുടെ മേൽ നോട്ടത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച കർശന പരിശോധനകൾ നടത്തിവരികയാണ് സംസ്ഥാനത്ത് ഫെബ്രുവരി മുതൽ മെയ് 15 വരെ രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി ഉത്തരവായി.
പകൽ സമയം ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് മണിവരെ വിശ്രമവേളയായിരിക്കും. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം. കൺസ്ട്രക്ഷൻ, റോഡ് നിർമാണം, തോട്ടം മേഖലകളിൽ വരും ദിവസങ്ങളിൽ കർശന പരിശോധന ഉറപ്പാക്കുമെന്നും കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.