ആലപ്പുഴ ജില്ലയിൽ കനത്ത നാശം, 73 വീട് തകർന്നു
text_fieldsആലപ്പുഴ: കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിൽ കനത്ത നാശം. ആഞ്ഞുവീശിയ കാറ്റിൽ മരംവീണ് 73 വീട് ഭാഗികമായി തകർന്നു. ഏറ്റവും കൂടുതൽ നാശം ചേർത്തല താലൂക്കിലാണ്. ഇവിടെ 27 വീടാണ് തകർന്നത്. അമ്പലപ്പുഴ-19, മാവേലിക്കര-10, കാർത്തകപ്പള്ളി-ഒമ്പത്, ചെങ്ങന്നൂർ-അഞ്ച്, കുട്ടനാട്-മൂന്ന് എന്നിങ്ങനെയാണ് മറ്റ് താലൂക്കിൽ വീടുകൾ തകർന്ന കണക്ക്. മഴക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. രണ്ടു കുടുംബത്തിലെ എട്ടുപേരെ ഇവിടേക്ക് മാറ്റി.
ദേശീയപാത നിർമാണം പുരോഗമിക്കുന്ന ഹരിപ്പാട്, കരുവാറ്റ അടക്കമുള്ള പ്രദേശങ്ങളിൽ പാതയോരത്തെ നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളംകയറി. വെള്ളമൊഴുകാനുള്ള ഓടകൾ അടഞ്ഞതാണ് പ്രശ്നം. താമരക്കുളത്ത് ഒരു വർക്ഷോപ് ഭാഗികമായി തകർന്നു.വള്ളികുന്നത് കിണർ ഇടിഞ്ഞുതാഴ്ന്നു. കടൽ പ്രക്ഷുബ്ധമായതോടെ തീരദേശവാസികൾ ഭീതിയിലാണ്. തോട്ടപ്പള്ളി മുതൽ പുറക്കാട് വരെയും വളഞ്ഞവഴി, പുന്നപ്ര പ്രദേശങ്ങളിലും തീരദേശവാസികൾ ഭീതിയിലാണ്.
ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും ഇടറോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. കണിച്ചുകുളങ്ങരയില്‍ മരംവീണ് നിരവധി വൈദ്യുതി ലൈനുകള്‍ക്ക് നാശമുണ്ടായി. റോഡുകളിലേക്കും വൈദ്യുതി ലൈനുകൾക്കും മുകളിൽവീഴുന്ന മരങ്ങൾ അഗ്നിരക്ഷാസേനയും കെ.എസ്.ഇ.ബിയും ചേർന്ന് വെട്ടിമാറ്റുന്നുണ്ട്. എന്നാൽ, വീടുകൾക്ക് മുകളിൽ വീണതും ചാഞ്ഞുനിൽക്കുന്നതുമായ മരങ്ങൾ മുറിക്കുന്നില്ലെന്ന് പരാതിയുണ്ട്.
പമ്പ, മണിമല, അച്ചൻകോവിൽ നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നു. പുറക്കാട്, തോട്ടപ്പള്ളി, തകഴി, കരുമാടി, കഞ്ഞിപ്പാടം, പുന്നപ്ര അടക്കമുള്ള കായലോര മേഖലകളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറിത്തുടങ്ങി. തോട്ടപ്പള്ളി സ്പിൽവേയിലെ 39 ഷട്ടർ ഉയർത്തി. പൊഴിമുറിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. അതിതീവ്ര മഴ കണക്കിലെടുത്ത് ചൊവ്വാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിയിരുന്നു. ചൊവ്വാഴ്ച രാവിലെ 6.30നുശേഷമാണ് കലക്ടറുടെ ഉത്തരവിറങ്ങിയത്. ഇത് നേരിയ ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും സമൂഹമാധ്യമങ്ങൾ വഴി അതിവേഗം പങ്കുവെച്ചതോടെ കുട്ടികൾക്ക് മറ്റ് തടസ്സമുണ്ടായില്ല. ഓറഞ്ച് അലർട്ടിന്റെ പരിധിയിലുള്ള ജില്ലയിൽ പ്രകൃതിദുരന്തങ്ങളെ നേരിടാൻ എൻ.ഡി.ആർ.എഫ് സംഘവും സജ്ജമാണ്.
വെള്ളപ്പൊക്ക ബാധിത മേഖലകളായ കുട്ടനാട്, അപ്പർകുട്ടനാട് മേഖല കേന്ദ്രീകരിച്ചാവും പ്രവർത്തനം. ജില്ലയില്‍ മഴ തുടരുന്നതിനാൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാൻ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. മഴക്കെടുതി നേരിടാൻ ആലപ്പുഴ നഗരസഭയും കൺട്രോൾ റൂം തുറന്നിട്ടുണ്ട്.
അതിതീവ്രമഴ, കൺട്രോൾ റൂം തുറന്നു
ജില്ലതലം
കലക്ടറേറ്റ്-
0477 2238630 / 1077
താലൂക്കുതലം
ചേർത്തല-0478 2813103
അമ്പലപ്പുഴ-0477 2253771
കുട്ടനാട്-0477 2702221
കാർത്തികപ്പള്ളി-0479 2412797
ചെങ്ങന്നൂർ-0479 2452334
മാവേലിക്കര-0479 2302216
ആലപ്പുഴ നഗരസഭ
0477 2251792, 9745202363
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.