ഡിജിറ്റല്‍ ഫീസ്, സ്പെഷ്യല്‍ ഫീസ്, കോ-കരിക്കുലം ഫീസ്...; സ്വകാര്യ സ്കൂളുകളിൽ കോവിഡ് കാലത്ത് ഫീ കൊള്ള
text_fieldsകാട്ടാക്കട: കോവിഡ് കാലത്ത് സ്വകാര്യ സ്കൂളുകളിലെ പഠനത്തിന് കനത്ത ഫീസ്. സ്വകാര്യ സ്കൂളുകളിലെ ഓണ്‍ലൈന്‍ ക്ലാസ് ഫീസിന്‍റെ പേരിലാണ് വന്‍ കൊള്ള. കോവിഡ് കാലത്ത് നിത്യചിലവിനു വരുമാനം പോലും ഇല്ലാതെ വലയുമ്പോഴാണ് ഫീസിനത്തില്‍ സ്വകാര്യ സ്കൂളുകള്‍ രക്ഷിതാക്കളെ കൊള്ളയടിക്കുന്നത്.
എല്‍.കെ.ജി മുതല്‍ പ്ലസ്ടൂ തലം വരെ ക്ലാസുകള്‍ നടത്തുന്ന സ്വകാര്യ സ്കൂളുകളാണ് കനത്ത ഫീസ് ഈടാക്കുന്നത്. പ്രതിമാസം 2000 മുതല്‍ 6000 രൂപവരെയാണ് പല സ്കൂളുകളും ഈടാക്കുന്നത്. ട്യൂഷന്‍ ഫീസിനു പുറമേ ഡിജിറ്റല്‍ ഫീസ്, സ്പെഷ്യല്‍ ഫീസ്, കോ-കരിക്കുലം ഫീസ് എന്നീ പേരുകളിലാണ് ഇപ്പോള്‍ മാസംതോറും പണം ഈടാക്കുന്നത്.
ഓരോ മാസവും ആദ്യദിവസം തന്നെ ഫീസ് നല്‍കാനുള്ള അറിയിപ്പ് നല്‍കും. ഒരാഴ്ത പിന്നിട്ടാല്‍ ഫീസ് അടയ്ക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും നിഷേധിക്കുന്ന സ്കൂളുകളുമുണ്ട്. സംസ്ഥാനം മുഴുവനും സ്കൂളുകളുള്ള സ്ഥാപനങ്ങള്‍ പോലും കനത്ത ഫീസാണ് ഈടാക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.
അധ്യായനം ഓണ്‍ലൈന്‍ വഴിയായതോടെ നെറ്റ് കണക്ഷനായി പ്രതിമാസം 500ലേറെ രൂപയാണ് വിദ്യാര്‍ഥികള്‍ക്കായി ചിലവാക്കുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഒരുവശത്ത് നെറ്റ് കണക്ഷനുകളിലും മറുവശത്ത് ക്ലാസ് നടത്തുന്ന സ്വകാര്യ ട്യൂഷൻ കേന്ദ്രം മുതല്‍ സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രം വരെ തട്ടിപ്പ് നടത്തി രക്ഷിതാക്കളെ പിഴിയുന്നു.
പാഠ്യവിഷയങ്ങല്‍ റെക്കോഡ് ചെയ്ത് വാട്സാപ്പ് വഴി കൈമാറുന്ന ട്യൂഷന്‍ കേന്ദ്രങ്ങള്‍ വരെ കനത്ത ഫീസാണ് ഈടാക്കുന്നത്. ക്ലാസ് മുറികളില്‍ നടത്തിയിരുന്നപ്പോള്‍ ഈടാക്കിയിരുന്നതിനെക്കാളും ഉയര്‍ന്ന ഫീസുകളാണ് ഇത്തരത്തില്‍ പഠിപ്പിക്കുന്നതിനു കേന്ദ്രങ്ങള്‍ ഈടാക്കുന്നത്.
ഒന്നിലധികം കുട്ടികള്‍ പഠിക്കുന്ന വീടുകളില്‍ ഇരട്ടിയാണ് നെറ്റ് ചാര്‍ജ്ജ് ചെയ്യാന്‍ വിനിയോഗിക്കുന്നത്. ജോലികള്‍ നഷ്ടപ്പെട്ട് വീടുകളില്‍ കഴിയുന്നവര്‍ക്ക് നിത്യചിലവിന് വരുമാനംപോലും ഇല്ലാതെ വലയുമ്പോഴാണ് ഓണ്‍ലൈന്‍ പഠനത്തിന്‍റെ പേരില്‍ കൊള്ളയടിക്കുന്നത്.
ഇപ്പോള്‍ ഫീ നല്‍കിയില്ലെങ്കില്‍ പരീക്ഷ സമയത്ത് അതിന്‍റെ ഭവിഷ്യത്ത് ഉണ്ടാകുമെന്ന് ഭീഷണിമുഴക്കുന്ന സ്ഥാപനങ്ങളുമുണ്ട് അതുകൊണ്ടാണ് പല രക്ഷിതാക്കളും ഫീസ് അടയ്ക്കുന്നത്. സ്വകാര്യ സ്കൂളുകള്‍ കോവിഡ് കാലത്ത് നടത്തുന്ന ക്ലാസുകള്‍ക്കായി അന്യായമായി ഫീസ് ഈടാക്കുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.