ജാഗ്രത! ചുരത്തിൽ ഗതാഗത നിയമം ലംഘിച്ചാൽ കനത്ത പിഴ; ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന വാഹനങ്ങളുടെ ഫോട്ടോ വാട്സാപ്പ് ചെയ്യാം
text_fieldsവൈത്തിരി: വയനാട് ചുരം പാതയിൽ ഗതാഗതക്കുരതുക്കിൽപെട്ട് രോഗി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിന് പിന്നാലെ ഗതാഗതനിയമം കർക്കശമാക്കി മോട്ടോർ വാഹന വകുപ്പ്. ചുരത്തിൽ തോന്നിയപോലെ വണ്ടിയോടിച്ച് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നവർക്ക് കനത്ത പിഴ ചുമത്താനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് കാർ ഓടിച്ച ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. നരിക്കുനി പന്നിക്കോട്ടൂർ കൊളത്തക്കര അബ്ദുൽ റഹീമിനെതിരെ കോഴിക്കോട് ആർടിഒ കെ. ബിജുമോന്റെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ് സ്ക്വാഡ് എം.വി.ഐ എം.കെ. പ്രജീഷാണ് കേസെടുത്തത്. കാർ ഉടമക്ക് 5000 രൂപ പിഴ ചുമത്തി.
ചുരത്തിൽ ഗതാഗതക്കുരുക്കിൽ വാഹനങ്ങൾ നിർത്തിയിട്ടതിനിടെ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളെയും ആംബുലൻസും തടസ്സപ്പെടുത്തിയതിനാണ് നടപടി. സംഭവ സമയത്ത് ചുരത്തിൽ കുടുങ്ങിയ യാത്രക്കാർ ഈ കാറിന്റെ ഫോട്ടോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരി പ്പിച്ചിരുന്നു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഇതു സംബന്ധിച്ച് പരാതി നൽകുകയും ചെയ്തിരുന്നു.
ഗതാഗത നിയമം പാലിക്കാതെ ഡ്രൈവിങ് നടത്തുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്കും വാഹന വകുപ്പ് അധികൃതരെ വിവരമറിയിക്കാം. ഫോട്ടോ, വിഡിയോ എന്നിവ ആർ.ടി.ഒയുടെ വാട്സാപ്പ് നമ്പറായ 7012602340ലേക്ക് അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.