ഷഹബാസ് വധം: വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിന് മുന്നിൽ ഇന്നും കനത്ത പ്രതിഷേധം
text_fieldsപ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കോഴിക്കോട്: താമരശ്ശേരിയിലെ പത്താംക്ലാസുകാരൻ ഷഹബാസിനെ വധിച്ച കേസിലെ കുറ്റാരോപിതരെ പരീക്ഷ എഴുതിക്കുന്നതിനെതിരെ ഇവരെ പാർപ്പിക്കുകയും പരീക്ഷ എഴുതിപ്പിക്കുകയും ചെയ്യുന്ന വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിന് മുന്നിൽ ഇന്നും പ്രതിഷേധം. എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്. ഒബ്സർവേഷൻ ഹോം കവാടത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട്-മെസൂരു ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
ഇന്നലെയും വൻ പ്രതിഷേധമാണ് ഇവിടെയുണ്ടായത്. കുറ്റാരോപിതരായ വിദ്യാർഥികളെ പരീക്ഷ എഴുതിക്കുന്നത് തടയുമെന്ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മെഡിക്കൽ കോളജ് എ.സി.പിയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹമാണ് വെള്ളിമാടുകുന്നിലുള്ളത്. പരീക്ഷ നടക്കുന്ന വരും ദിവസങ്ങളിലും പ്രതിഷേധം തുടരാനാണ് സാധ്യത.
കുറ്റാരോപിതരെ അവർ പഠിച്ചിരുന്ന താമരശ്ശേരിയിലെ സ്കൂളിലേക്ക് പരീക്ഷ എഴുതാൻ കൊണ്ടുപോകുന്നത് സുരക്ഷിതമല്ലെന്നതിനെ തുടർന്ന് ഒബ്സർവേഷൻ ഹോമിന് തൊട്ടടുത്തുള്ള സ്കൂളിൽ പരീക്ഷ എഴുതിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒബ്സർവേഷൻ ഹോമിൽതന്നെ പരീക്ഷ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ആദ്യ പരീക്ഷ.
ഷഹബാസ് വധത്തിൽ ഒരു വിദ്യാര്‍ഥിയെ കൂടി ഇന്നലെ അറസ്റ്റു ചെയ്തിരുന്നു. പത്താം ക്ലാസുകാരനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കുറ്റാരോപിതരുടെ എണ്ണം ആറായി. ചൊവ്വാഴ്ച രാവിലെയാണ് ഈ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഘർഷത്തിൽ ഈ വിദ്യാർഥി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയെ വിശദമായി ചോദ്യംചെയ്യും.
വിദ്യാർഥികൾ അല്ലാത്തവർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന ഷഹബാസിന്‍റെ പിതാവിന്റെ ആരോപണത്തിലും പൊലീസ് കൂടുതൽ അന്വേഷണം നടത്തും. തിങ്കളാഴ്ച ഏഴ് വിദ്യാര്‍ഥികളെക്കൂടി പൊലീസ് ചോദ്യംചെയ്തിരുന്നു. അക്രമസമയത്ത് പരിസരത്ത് ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന രണ്ട് സ്‌കൂളുകളിലെയും ട്യൂഷന്‍ സെന്ററിലെയും വിദ്യാര്‍ഥികളെയാണ് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തിയത്.
താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ ഫെബ്രുവരി 23ന് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് പത്താം ക്ലാസുകാരൻ എളേറ്റിൽ വട്ടോളി എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസിന് (15) സാരമായി പരിക്കേറ്റതും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 28ന് രാത്രിയോടെ മരിച്ചതും. തലയോട്ടിക്ക് സാരമായ പരിക്കേറ്റാണ് മരണം. കേസിൽ പിടിയിലായ വിദ്യാർഥികളിലൊരാളുടെ വീട്ടിൽ നിന്ന് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.