കനത്ത മഴ: സംസ്ഥാനത്ത് 3,530 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി
text_fieldsതിരുവനന്തപുരം: മഴ വ്യാപകമായ സാഹചര്യത്തിൽ 3,530 കുടുംബങ്ങളിൽപെട്ട 11,446 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്. 69 ക്യാമ്പുകളിലായി 3795 പേരാണ് വയനാട്ടിലുള്ളത്. പത്തനംതിട്ടയിൽ 43 ക്യാമ്പുകളിലായി 1015 പേരും കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളുമുണ്ട്. എറണാകുളത്ത് 30 ക്യാമ്പുകളിൽ 852 പേർ, ഇടുക്കിയിൽ 17 ക്യാമ്പുകളിൽ 542 പേർ, മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേർ എന്നിങ്ങനെയാണ് മാറ്റി പാർപ്പിച്ചവരുടെ കണക്ക്.
സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലുമായി പെയ്തത് യഥാക്രമം 198.4, 157.2 മില്ലി മീറ്റർ മഴയാണ്. ഏഴടിയോളം ജലനിരപ്പ് ഉയരുകയും ചെയ്തു. അത് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയാവുന്നതോടെ അണക്കെട്ടിലെ ജലം ടണൽ വഴി വൈഗേ അണക്കെട്ടിലെത്തിച്ച് പുറത്തേക്കൊഴുക്കി വിടാൻ നിർദേശം നൽകണമെന്ന് തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.5 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അതിതീവ്ര മഴ അപകട സാധ്യത വർധിപ്പിക്കും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ചയും മലപ്പുറം, കണ്ണൂർ ജില്ലകളിൽ തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിതീവ്രമോ അതിശക്തമോ ആയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കേരളത്തിെൻറ തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.