ഇരിട്ടിയിൽ ഉരുൾപൊട്ടൽ: വീട് തകർന്ന് രണ്ടുപേർ മരിച്ചു
text_fieldsഇരിട്ടി: ഉരുൾപൊട്ടലിൽ വീട് തകർന്ന് രണ്ടുപേർ മരിച്ചു. എടപ്പുഴയിലെ വട്ടംതൊട്ടിയിൽ ഷൈനി (41), ഇവരുടെ ഭർതൃപിതാവ് ഇമ്മട്ടിക്കൽ തോമസ് (70) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടുണ്ടായ ഉരുൾപൊട്ടലിലാണ് ഇവരുടെ വീടിന് മുകളിലേക്ക് കല്ലും മണ്ണും പാറയും ഒഴുകിയെത്തിയത്. അപകടത്തിൽ വീട് പൂർണമായും തകർന്നു. ഉരുൾെപാട്ടലിനെ തുടർന്ന് തകർന്നടിഞ്ഞ വീടിനടിയിൽ ഷൈനിയും തോമസും അകപ്പെടുകയായിരുന്നു.
കനത്ത മഴ മൂലം രക്ഷാപ്രവർത്തനം വേഗത്തിൽ നടത്താനായില്ല. വിവരമറിഞ്ഞ് ഇരിട്ടിയിൽനിന്നെത്തിയ ഫയർഫോഴ്സും കരിക്കോട്ടക്കരി പൊലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഷൈനിയുടെ ഭർത്താവ് ജയ്സൺ അയ്യങ്കുന്നിലെ ലോഡിങ് തൊഴിലാളിയാണ്. മക്കൾ: അഞ്ജു, അഖിൽ.
വയനാട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
ശക്തമായ മഴയെത്തുടർന്ന് റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് ദേശീയപാതയിൽ ഒരുമണിക്കൂറോളം നേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. തളിപ്പുഴക്കടുത്ത ഒരു റിസോർട്ടിനോട് ചേർന്ന സ്ഥലമാണ് ഇടിഞ്ഞു റോഡിലേക്ക് പതിച്ചത്.
ലക്കിടിയിൽനിന്നും രക്ഷാപ്രവർത്തനം കഴിഞ്ഞു തിരിച്ചുപോകുകയായിരുന്ന അഗ്നിശമന ജീവനക്കാർ സ്ഥലത്തെത്തി റെഡ്ക്രോസ് വളണ്ടിയർമാരോടൊപ്പം റോഡിലെ മണ്ണ് നീക്കം ചെയ്തു. കഴിഞ്ഞ രണ്ടുദിവസമായി വയനാടിൻെറ പലഭാഗങ്ങളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.