മഴയും ചുഴലിക്കാറ്റും; മലപ്പുറത്ത് മലയോര മേഖലയിൽ കനത്തനാശം
text_fieldsനിലമ്പൂർ (മലപ്പുറം): കനത്ത മഴക്കൊപ്പം ചുഴലിക്കാറ്റുകൂടി വീശിയതോടെ മലയോര മേഖലയിൽ ബുധനാഴ്ചയും വ്യാപക നാശം. നാടുകാണി ചുരം റോഡിൽ കൂറ്റൻ മരം വീണ് ഗതാഗതം മുടങ്ങി. അതിർത്തിയോടു ചേർന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം. ഒന്നരമണിക്കൂറോളം ഗതാഗതം മുടങ്ങി. ട്രോമാകെയർ പ്രവർത്തകരും വാർഡ് മെംബർ പി. ഹക്കീമിെൻറ നേതൃത്വത്തിൽ നാട്ടുകാരും വനംവകുപ്പും ഊരാളുങ്കൽ സൊസൈറ്റി തൊഴിലാളികളും ചേർന്നാണ് മരം നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചത്.
മഴ തുടരുന്നതിനാൽ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായതോടെ പുഞ്ചക്കൊല്ലി കോളനി ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോളനിയിലേക്കുള്ള ഏകപാലം വെള്ളത്തിനടിയിലായി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകുവിെൻറ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, റവന്യൂ, വനം, പൊലീസ്, ട്രോമാകെയർ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ കോളനിയിലെത്തി. മലവെള്ളപ്പാച്ചിലിൽ കോളനിയിൽ ഒഴുകിയെത്തിയ കൂറ്റൻ മരങ്ങൾ മുറിച്ചുമാറ്റി.
പ്രവൃത്തി നടക്കുന്നതിനിടെ വീണ്ടും പുഴയിലൂടെ കുത്തൊഴുക്കുണ്ടായതോടെ പ്രവൃത്തി നിർത്തിവെച്ചു. മരങ്ങൾ മുഴുവൻ നീക്കംചെയ്യാതെ അധികൃതർ മടങ്ങിയതിൽ ആദിവാസി കുടുംബങ്ങൾ പ്രതിഷേധിച്ചു. ചാലിയാറിെൻറ പ്രധാന പോഷകനദിയായ പുന്നപ്പുഴ കരകവിഞ്ഞൊഴുകി മുപ്പിനി, മുട്ടിക്കടവ് പാലങ്ങൾക്കു മുകളിൽ വെള്ളം കയറി. മഴ തുടരുന്നതിനാൽ പാലത്തിലെ വെള്ളം വൈകിയും ഇറങ്ങിയിട്ടില്ല. വനംവകുപ്പിെൻറ കനോലി പ്ലോട്ടിനു സമീപവും തേക്ക് മ്യൂസിയത്തിന് സമീപവും റോഡിലേക്ക് തേക്ക് വീണു. കെ.എൻ.ജി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.