കനത്ത മഴയും കാറ്റും: ഉത്സവത്തിനിടെ മരം വീണ് മൂന്ന് ആദിവാസികൾ മരിച്ചു
text_fieldsകോഴിക്കോട്: കനത്ത മഴയെയും കാറ്റിനേയും തുടർന്ന് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ വൻ നാശനഷ്ടം. മലപ്പുറം എടക്കരയിൽ ഉത്സവം നടക്കുന്നതിനിടെ കാറ്റിൽ മരം വീണ് മൂന്ന് ആദിവാസികൾ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത് പൂളക്കപ്പാറ കോളനിയിലെ വെള്ളകയുടെ ഭർത്താവ് ശങ്കരൻ (64), വെള്ളകയുടെ മകൾ ചാത്തി (60), ബന്ധു പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി (58) എന്നിവരാണ് മരിച്ചത്.
പൂളക്കപ്പാറ കോളനിയിലെ വേണുവിെൻറ മകൾ അനന്യ (എട്ട്), വെള്ളകയുടെ മകൾ തങ്ക (45) എന്നിവർക്കാണ് പരിക്കേറ്റത്. അനന്യയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കോളനിക്ക് സമീപത്തെ വനത്തിലാണ് സംഭവം. വർഷം തോറും നടത്താറുള്ള ഊരുത്സവം തുടങ്ങാനിരിക്കെ ശക്തമായ മഴക്കൊപ്പം കാറ്റ് വീശുകയും ഉത്സവപന്തലിന് മുകളിലൂടെ മരം മുറിഞ്ഞ് വീഴുകയുമായിരുന്നു. മൂവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കോഴിക്കോട് ജില്ലയിലെ മലയോര മേഘലയിലും കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടമുണ്ടായി. മുക്കം പൂളപ്പൊയിലിൽ വീടുകൾക്ക് മുകളിലേക്ക് മരം വീണതിനെ തുടർന്ന് പ്രദേശത്തെ ആറ് വീടുകൾ ഭാഗികമായി തകർന്നു. കനത്ത കാറ്റിനെ തുടർന്ന് ഓമശ്ശേരിയിൽ വ്യാപകമായ കൃഷിനാശമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.