പേടിപ്പെടുത്തി പേമാരി
text_fieldsതിരുവനന്തപുരം: സംസ്ഥാനമൊട്ടുക്കും കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിലും ഉരുൾപൊട്ടലിലും വ്യാപക നാശനഷ്ടം. പുഴകളും നദികളും കര കവിഞ്ഞൊഴുകിയതോടെ താഴ്ന്ന പ്രദേശങ്ങൾ മിക്കതും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾ തകർന്നു. വീടുകളിൽ വെള്ളം കയറി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പലയിടത്തും റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്ന് കെ.എസ്.ഇ.ബിക്ക് കോടികളുടെ നഷ്ടമുണ്ടായി. വടക്കെ മലബാറിലാണ് കൂടുതൽ ദുരിതം.
വ്യത്യസ്ത അപകടങ്ങളിൽ അഞ്ചു പേർ മരിച്ചു. പാലക്കാട് വീട് തകർന്ന് ഒരാൾ മരിച്ചു. പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂർ പഞ്ചായത്തിലെ പോക്കുപ്പടിയിൽ വീടു തകർന്ന് മച്ചിങ്ങത്തൊടി മൊയ്തീൻ (മാനു-70) ആണ് മരിച്ചത്. മറ്റു കുടുംബാംഗങ്ങൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച ഇടുക്കിയിലെ ഏലപ്പാറ-വാഗമൺ റോഡിൽ നല്ലതണ്ണിയിൽ ഒഴുക്കിൽെപട്ട് കാണാതായ കാറിൽ ഉണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. നല്ലതണ്ണി പുതുവയലിൽ താമസിക്കുന്ന മാർട്ടിെൻറ (30) മൃതദേഹമാണ് അപകടം നടന്നതിന് 300 മീറ്റർ അകലെ നീരൊഴുക്കിൽ കണ്ടത്. ഒപ്പമുണ്ടായിരുന്ന അനീഷിനുവേണ്ടി തിരച്ചിൽ തുടരുകയാണ്. കണ്ണൂരിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. ഇരിട്ടി മുടിയരിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട് കേബ്ൾ ടി.വി ജീവനക്കാരനായ കാക്കയങ്ങാട് സ്വദേശി ജോം തോമസാണ് മരിച്ചത്.
വൈപ്പിനിൽ മത്സ്യബന്ധനത്തിനിടെ വീരൻപുഴയിൽ വഞ്ചി മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ രണ്ടുപേരുടെ മൃതദേഹങ്ങളും ലഭിച്ചു. പച്ചാളം കാരത്താട്ട്പറമ്പിൽ സജീവൻ (56) , എളങ്കുന്നപ്പുഴ അടിമക്കണ്ടത്തില്‍ സിദ്ധാര്ഥൻ (53) എന്നിവരുടെ മൃതദേഹങ്ങളാണ്അഗ്നിരക്ഷാസേന കണ്ടെടുത്തത്. മൂന്നുപേരിൽ നായരമ്പലം കടുവങ്കശേരി സന്തോഷിെൻറ മൃതശരീരം വ്യാഴാഴ്ച മുളവുകാടിനടുത്ത് കണ്ടെത്തിയിരുന്നു.
കാസർകോട് ജില്ലയിൽ കാലവർഷത്തിന് താരതമ്യേന ശക്തി കുറഞ്ഞു. എന്നാൽ, കടൽക്ഷോഭം രൂക്ഷമാണ്.
വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ വീടുകൾ തകർന്നു. സമീപത്തെ സ്വകാര്യ റിസോർട്ടിനും കേടുപാടുകൾ പറ്റി. ഇവിടേക്കുള്ള രണ്ടു പാലങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ദേശീയപാത 766ൽ മുത്തങ്ങയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരത്തിലും മണ്ണിടിഞ്ഞു. മലപ്പുറം ജില്ലയിലും നാശനഷ്ടങ്ങളേറെ.
വയനാട് ജില്ലയിലെ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിൽ മലവെള്ളപ്പാച്ചിലിൽ മൂന്നു പാലങ്ങൾ തകർന്നു. ചാലിയാറിന് കുറുകെയുള്ള തൂക്കുപാലം ഒലിച്ചുപോയതിനെ തുടർന്ന് മുണ്ടേരി യിലെ നാല് ആദിവാസി കോളനികൾ ഒറ്റപ്പെട്ടു.
പാലക്കാട് നെല്ലിയാമ്പതിയിൽ കുണ്ടറച്ചോല, ചെറുനെല്ലി, മരപ്പാലം ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഭവാനി, ശിരുവാണി നദികളിൽ ജലനിരപ്പുയർന്നു. തൃശൂർ ജില്ലയിൽ പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് കൂടുതൽ വെള്ളം എത്തിയതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയർന്ന് ഒഴുക്ക് ശക്തമായി. പൂമല ഡാമിെൻറ നാലു ഷട്ടറുകളും തുറന്നു.
കോഴിക്കോട് മാവൂരിലുണ്ടായ വെള്ളപ്പൊക്കത്തിൽ പ്രദേശം ഒറ്റപ്പെട്ടു. കൂളിമാട് ഭാഗത്ത് വെള്ളംകയറി കോഴിക്കോട്-ഉൗട്ടി േറാഡ് അടച്ചു. കക്കയം ഡാം തുറന്നതോടെ കുറ്റ്യാടി പുഴയോരവാസികൾ പ്രളയഭീഷണിയിലാണ്. വ്യാഴാഴ്്ച രാത്രി തുഷാരഗിരി വനത്തിൽ ഉരുൾപൊട്ടി.
എറണാകുളം ജില്ലയിൽ പെരിയാറും മൂവാറ്റുപുഴയാറും കരകവിഞ്ഞ് നൂറ്റമ്പതോളം വീടുകളിൽ വെള്ളം കയറി. കോട്ടയത്തിെൻറ കിഴക്കൻ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലുമാണ് നാശമേറെ. പമ്പ-മണിമല-മീനച്ചിലാറുകളിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ആലപ്പുഴ ആറാട്ടുപുഴയിൽ രൂക്ഷ കടൽക്ഷോഭം. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മൂന്നു ദിവസമായി തുടരുന്ന മഴയിൽ അച്ചൻകോവിലിൽ തൂവൽമല, മണലാർ, കുംഭാവുരുട്ടി, പള്ളിവാസൽ മലകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. പത്തനംതിട്ടയിൽ പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ജില്ല പ്രളയഭീതിയിൽ. ശബരിമലയുടെ ഉൾവനങ്ങളിൽ ഉരുൾപൊട്ടിയതിെനത്തുടർന്ന് കക്കാട്ടാറ്റിലും പമ്പയിലും ജലനിരപ്പ് ഉയരുന്നുണ്ട്. ശബരിമല പമ്പ ത്രിവേണി മുങ്ങി.
തിരുവനന്തപുരം ജില്ലയിൽ 47 വീടുകൾ ഭാഗികമായും രണ്ട് വീടുകൾ പൂർണമായും തകർന്നു. കടൽക്ഷോഭത്തിൽ പൂന്തുറ ചേരിയമുട്ടത്ത് 20 ഓളം വീടുകളിൽ വെള്ളം കയറി. അരുവിക്കര ഡാമിെൻറ നാല് ഷട്ടർ 200 സെ.മീ വീതം ഉയർത്തി.
നീരൊഴുക്ക് ശക്തം; 17 അണക്കെട്ടുകൾ തുറന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ 17 അണക്കെട്ടുകള്‍ തുറന്നു. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍ ഡാമുകളും, പത്തനംതിട്ട ജില്ലയിലെ മണിയാര്‍, മൂഴിയാര്‍ ഡാമുകളും, പാലക്കാട് ജില്ലയിലെ മൂലത്തറ, മംഗലം, ശിരുവാണി, കാഞ്ഞിരപ്പുഴ ഡാമുകളും, തൃശൂര്‍ ജില്ലയിലെ പൊരിങ്ങല്കുത്തും, വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമും, കോഴിക്കോട് ജില്ലയിലെ കുറ്റിയാടി ഡാമും, കണ്ണൂരിലെ പഴശി ഡാമുമാണ് തുറന്നത്.
ജലവകുപ്പിന് കീഴിലുള്ള ഡാമുകള്‍ അലർട്ട് ലെവല്‍ എത്തുന്നതിനു മുന്നേതന്നെ തുറന്നിരുന്നു. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഡാമുകള്‍ റൂള്‍ കര്‍വനുസരിച്ച് ശാസ്ത്രീയമായാണ് തുറക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ അനുഭവങ്ങള്‍ കൂടി കണക്കിലെടുത്താണ് പ്രകൃതിദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് സംഘങ്ങളെ വയനാട്, ഇടുക്കി, തൃശൂര്‍, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ കൂടുതല്‍ ടീമിനെ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പ്രശ്നബാധിത മേഖലകളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ കലക്ടമാര്‍ക്ക് നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.