തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ; മൂന്നിടത്ത് റെഡ് അലർട്ട്, എറണാകുളത്ത് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു
text_fieldsതിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ തുടരുന്നു. വടക്കൻ തമിഴ്‌നാടിന് മുകളിലും തെക്ക് കിഴക്കൻ അറബിക്കടലിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയും കാറ്റും ഉണ്ടാകുന്നത്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. യെല്ലോ അലർട്ടുള്ള ജില്ലകളിൽ അടക്കം റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കം നടത്താനാണ് നിർദേശം.
എറണാകുളം കളമശ്ശേരിയിൽ മണ്ണിടിഞ്ഞ് ലോറി ഡ്രൈവർ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. ലോറിനിർത്തി പുറത്തിറങ്ങിയ ഉടൻ മണ്ണിടിയുകയായിരുന്നു. മണ്ണിനടയിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം.
അതേസമയം, തിരുവനന്തപുരം ജില്ലയിൽ ഇന്ന് മഴക്ക് ശമനമുണ്ട്. ജില്ലയിൽ 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റിപ്പാർപ്പിച്ചു. വിനോദസഞ്ചാരവും ക്വാറി പ്രവർത്തനവും നിരോധിച്ചു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ഇടുക്കി ഡാമിന്‍റെ ഒരു ഷട്ടർ തുറക്കും
തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 140 അടിയായി. ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാം തുറക്കുമെന്നാണ് റിപ്പോർട്ട്. 141 അടിയാണ് ഡാമിൽ റൂൾകർവ് പ്രകാരം പരമാവധി സംഭരിക്കാവുന്ന വെള്ളത്തിന്‍റെ അളവ്. പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇടുക്കി കലക്ടർ അറിയിച്ചു. അതേസമയം, ഇടുക്കി ഡാമിൽ ഉച്ചക്ക് ശേഷം ഒരു ഷട്ടർ തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
400 ഘനയടി വെള്ളമാണ് ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വർധിപ്പിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് തുടരുന്ന കനത്ത മഴയാണ് ഡാമിൽ ജലനിരപ്പ് ഉയരാൻ കാരണം.
ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി ഡാമിന്‍റെ ഒരു ഷട്ടർ ഉച്ചക്കു ശേഷം തുറക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുഡാമുകളും ഒരുമിച്ച് തുറക്കേണ്ട സാഹചര്യമില്ല. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെങ്കിലും കുറച്ചു ജലം ഒഴുക്കിവിടാമെന്ന തീരുമാനത്തിലാണ് ഡാം തുറക്കുന്നത്. ജലനിരപ്പ് വീണ്ടും ഉയരുകയാണെങ്കിൽ റെഡ് അലർട്ടിലെത്താൻ അനുവദിക്കാതെ ജലം തുറന്നുവിടും -റോഷി അഗസ്റ്റിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.