ഇടമുറിയാതെ മഴ; സംസ്ഥാനത്ത് മഴക്കുറവ് 42 ശതമാനം ആയി താഴ്ന്നു
text_fieldsതിരുവനന്തപുരം: രണ്ടുദിവസം തുടർച്ചയായി പരക്കെ മഴപെയ്തപ്പോൾ സംസ്ഥാനത്തെ മഴക്കുറവ് 42 ശതമാനമായി താഴ്ന്നു. ചൊവ്വാഴ്ച ലഭിച്ച മഴയുടെ കണക്ക് കൂടി ഉൾപ്പെടുത്തി കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ പട്ടികയിലാണ് വർധവ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ആകെ ജൂൺ ഒന്നുമുതൽ ജൂലൈ അഞ്ച് വരെ 758.2 മി.മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ 441.1 മി.മീറ്റർ മഴയാണ് ഇതു വരെ ലഭിച്ചത്.
ഏറ്റവും കൂടുതൽ മഴക്കുറവുള്ളത് കോഴിക്കോട് വയനാട് ജില്ലകളിലാണ്. വയനാട് 69 ശതമാനവും കോഴിക്കോട് 60 ശതമാനവുമാണ് മഴക്കുറവുള്ളത്. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ലക്ഷദ്വീപ് എന്നിവടങ്ങളിൽ മഴ ശരാശരിയിലെത്തി. പത്തനംതിട്ടയിൽ നാല് ശതമാനം മഴയുടെ കുറവു മാത്രമാണുള്ളത്. ബുധനാഴ്ച തകർത്ത് പെയ്യുന്ന കണക്കുകൂടി എടുത്താൽ ശരാശരി കടന്നേക്കും.
അതേസമയം, സംസ്ഥാനത്ത് ശക്തമായ കാറ്റിലും കനത്ത മഴയിലും ഇന്നും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട തിരുമൂലപുരത്ത് നൂറോളം വീടുകളിൽ വെള്ളം കയറി. തിരുമൂലപുരം ആറ്റുമാലി, പുളിക്കത്തറ, മംഗലശ്ശേരി എന്നീ കോളനികളിലെ വീടുകളിലാണ് ഇന്ന് രാവിലെയോടെ വെള്ളം കയറിയത്. പത്തനംതിട്ട നിരണം പനച്ചിമൂട്ടിൽ 135 വർഷത്തോളം പഴക്കമുള്ള സി.എസ്.ഐ പള്ളിയും വയനാട്ടിലും അടൂരിലും വീടുകളും തകർന്നു വീണു.
കണ്ണൂർ സെൻട്രൽ ജയിലിലെ അതിസുരക്ഷാ മതിൽ ഇടിഞ്ഞു വീണു. അഞ്ചാം ബ്ലോക്കിലെ ന്യൂ ബ്ലോക്ക് ബിൽഡിങ്ങിന് എതിർ വശത്തുള്ള കൂറ്റൻ മതിലാണ് 30 മീറ്ററോളം നിലംപൊത്തിയത്. മണ്ണിടിഞ്ഞതിനെ തുടർന്ന് പെരിന്തൽമണ്ണ-പട്ടാമ്പി റോഡിലെ പെട്രോൾ പമ്പിന് പിറകുവശത്തെ വലിയ ഭിത്തി നിലംപൊത്തി. മൂന്ന് വാഹനങ്ങൾ മണ്ണിനടിയിൽ പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.