തോരാതെ മഴ; ഇടുക്കി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു
text_fieldsതൊടുപുഴ: ചൊവ്വാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ലഭിച്ചത് കനത്ത മഴ. പീരുമേട് താലൂക്കിൽ 87 മില്ലീമീറ്റർ മഴ ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ ലഭിച്ചു.ജില്ലയിലാകെ ശരാശരി 58.88 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. തോട്ടം മേഖലയിലടക്കം കനത്ത മഴ പെയ്തു. ലോറേഞ്ച് മേഖലയിൽ തിങ്കളാഴ്ച മുതൽ ആരംഭിച്ച ശക്തമായ മഴക്ക് അൽപം ശമനമുണ്ടായത് ചൊവ്വാഴ്ച ഉച്ചയോടെയാണ്. മൺസൂൺ പാത്തിയും തീരദേശ ന്യൂനമർദ പാത്തിയും ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസവും ശക്തമായി മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബുധനാഴ്ച ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ വകുപ്പുകളുടെയും യോഗം ചേർന്ന് മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കലക്ടർ ഷീബ ജോർജ് പറഞ്ഞു. ജില്ലതലത്തിലും എല്ല താലൂക്കിലും കൺട്രോൾ റൂമുകൾ സജ്ജീകരിച്ചു. എല്ലാ വില്ലേജ് ഓഫിസർമാരും അതത് കേന്ദ്രങ്ങളിൽ ക്യാമ്പ് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ഒരു ടീം പൈനാവിൽ ക്യാമ്പ് ചെയ്യുന്നു.
കനത്ത മഴ പെയ്യുന്നതിനാൽ ഹൈറേഞ്ചിലേക്കുള്ള രാത്രിയാത്രയിൽ ജാഗ്രത പുലർത്തണമെന്ന് നിർദേശമുണ്ട്. ടൂറിസം കേന്ദ്രങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിൽ പോകുന്നവർ മുന്നറിയിപ്പും മാർഗനിർദേശങ്ങളും പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
പീരുമേട്ടിൽ അടിയന്തര യോഗം ചേർന്നു
പീരുമേട്: താലൂക്കിന്റെ വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. കരടിക്കുഴി 55ാം മൈലിൽ ദേശീയ പാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമനസേന, ഹൈവെ പൊലീസ്, പ്രദേശവാസികൾ എന്നിവർ ചേർന്ന് നീക്കം ചെയ്തു. ചൊവ്വാഴ്ച 87 മില്ലിമീറ്റർ മഴയാണ് പീരുമേട്ടിൽ രേഖപ്പെടുത്തിയത്.
പീരുമേട്, പെരുവന്താനം, കൊക്കയാർ, ഏലപ്പാറ എന്നിവിടങ്ങളിൽ ശക്തമായ മഴയുണ്ട്. മഴ ആരംഭിച്ചതോടെ പലയിടത്തും വൈദ്യുതി മുടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക് 12ന് വൈദ്യുതി നിലച്ചത് വൈകീട്ടും പുനഃസ്ഥാപിച്ചില്ല. ലൈൻ കമ്പികൾ മരച്ചില്ലകൾക്കിടയിൽ കുടുങ്ങിയതിനാൽ കാറ്റിൽ കൂട്ടിയിടിക്കുമ്പോൾ വൈദ്യുതി വിതരണം നിൽക്കുന്ന സാഹചര്യവുമുണ്ട്. വൈദ്യുതി തടസ്സം സർക്കാർ ഓഫിസുകളുടെ അടക്കം പ്രവർത്തനത്തെ ബാധിച്ചു.
അതേസമയം, കനത്ത മഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിലയിരുത്താനും വാഴൂർ സോമൻ എം.എൽ.എയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. താലൂക്കിന്റെ വിവിധ മേഖലകളിൽ വ്യത്യസ്ത കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ മേഖലകൾ തിരിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിൽ രണ്ട് ദിവസമായി തുടർച്ചയായി കനത്ത മഴ പെയ്യുകയാണ്. ഇത്തരം സാഹചര്യങ്ങളിൽ പ്രാദേശിക മേഖലകൾ തിരിച്ച് അവധി നൽകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
തോട്ടങ്ങളിലെ ലയങ്ങൾ കാലപ്പഴക്കത്തിൽ ശോച്യമായതിനാൽ അടിയന്തര ഘട്ടത്തിൽ തൊഴിലാളികളെ മാറ്റിപാർപ്പിക്കണമെന്നും എം.എൽ.എ പറഞ്ഞു. കരടിക്കുഴി പഞ്ചായത്ത് സ്കൂളിന്റെ പിന്നിലെ മൺതിട്ട ഇടിഞ്ഞു വീഴാറായത് നീക്കം ചെയ്യാനും നിർദേശിച്ചു. തഹസിൽദാർ സണ്ണി ജോർജ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മലങ്കര ഡാമിലെ ജലനിരപ്പ് 40.5 മീറ്റർ; ജലം പുറത്തേക്ക് ഒഴുക്കുന്നു
മുട്ടം: മലങ്കര ഡാമിലെ ജലനിരപ്പ് 40.5 മീറ്ററിലെത്തി. ഏതാനും ദിവസങ്ങളായി ലഭിക്കുന്ന മഴയും മൂലമറ്റം നിലയത്തിലെ ഉൽപാദനവും ഉയർന്നതോടെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. എന്നാൽ, ജലനിരപ്പ് ശരാശരി 39 മീറ്ററിൽ നിലനിർത്താൻ ഡാം അധികൃതർ ശ്രമിക്കുന്നുണ്ട്. നാല് ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്. കൂടാതെ മലങ്കര ചെറുകിട വൈദ്യുതി നിലയത്തിൽ നിന്ന് ശരാശരി നാല് മെഗാവാട്ട് വീതം വൈദ്യുതിയും ഉൽപാദിപ്പിക്കുന്നുണ്ട്. മൂലമറ്റം നിലയത്തിൽ ചൊവ്വാഴ്ച 3.25 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
അണക്കെട്ടുകളുടെ സുരക്ഷയിൽ ആശങ്ക വേണ്ട
മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞ നിലയിലായതിനാൽ മഴ ശക്തമായി തുടർന്നാലും അണക്കെട്ടിന്റെ കാര്യത്തിൽ ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടുക്കി ഡാമിലെ ജലനിരപ്പ് ഒരു ദിവസംകൊണ്ട് ഒരടിയിലേറെ ഉയർന്ന് 2307.84 ആയി. സംഭരണശേഷിയുടെ 15 ശതമാനം ജലം മാത്രമാണുള്ളത്.
തിങ്കളാഴ്ച 2306.60 അടിയായിരുന്നു. 2403 അടിയാണ് ഡാമിലെ പരമാവധി സംഭരണശേഷി. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 62.6 മില്ലീമീറ്റർ മഴ ലഭിച്ചു. 20.266 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിക്കാൻ ആവശ്യമായ ജലമാണ് ചൊവ്വാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. അടുത്ത നാളിലെ ഏറ്റവും ഉയർന്ന നീരൊഴുക്കാണിത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 114.95 അടിയായി. 142 അടിയാണ് പരമാവധി സംഭരണശേഷി.
മഴയിൽ വീട് തകർന്നു
കട്ടപ്പന: തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും വണ്ടൻമേട് വെള്ളിമലയിൽ വീട് തകർന്നു. കുന്നത്ത് ബിജുവിന്റെ വീടിന്റെ പിൻഭിത്തിയാണ് തകർന്നത്. മൺകട്ട ഉപയോഗിച്ച് നിർമിച്ച വീടിന്റെ ഭിത്തി വിണ്ടിരുന്നതിനാൽ അയൽപക്കത്തേക്ക് ബിജുവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തെ തിങ്കളാഴ്ച മാറ്റിപ്പാർപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിൻഭാഗത്തെ ഭിത്തി നിലംപൊത്തിയ നിലയിൽ കണ്ടത്.
ലൈഫ് ഭവന പദ്ധതിയിൽ കുടുംബത്തെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും മുൻഗണന ലിസ്റ്റിൽ പിന്നിലായാണ് പേരുള്ളത്. ജില്ല പഞ്ചായത്ത് അംഗം ജിജി കെ. ഫിലിപ്പ്, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനംങ്കേരിയിൽ, വാർഡ് അംഗം രാജി സന്തോഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. കുടുംബത്തെ അടിയന്തരമായി പുനരധിവസിപ്പിക്കാൻ വിഷയം ജില്ല കലക്ടറുടെയടക്കം ശ്രദ്ധയിൽപെടുത്തുമെന്നും പഞ്ചായത്ത് അടിയന്തര സഹായം നൽകുമെന്നും പഞ്ചായത്ത് ജനപ്രതിനിധികൾ അറിയിച്ചു.
മൂന്നാറിൽ റോഡിലേക്ക് മൺതിട്ട ഇടിഞ്ഞു വീണു
മൂന്നാർ: മൂന്നാറിലും മഴ കനത്തു. ടൗണിൽ പോസ്റ്റ് ഓഫിസ് കവലയിൽ റോഡിലേക്ക് മൺതിട്ട ഇടിഞ്ഞ് ഗതാഗതം രണ്ട് മണിക്കൂർ തടസ്സപ്പെട്ടു.ഫയർഫോഴ്സ് എത്തിയാണ് മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. ശക്തമായ മഴയെത്തുടർന്ന് തേയിലത്തോട്ടങ്ങളിൽ പലയിടത്തും ഉച്ചയോടെ ജോലി നിർത്തിവെച്ചു.
കൺട്രോൾ റൂം നമ്പറുകൾ
- ജില്ല: 9383463036, 04862 233111, 233130
- ഉടുമ്പൻചോല: 04868 232050
- ദേവികുളം: 04865 264231
- പീരുമേട്: 04869 232077
- തൊടുപുഴ: 04862 222503
- ഇടുക്കി: 04862 235361
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.