അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ്; അടുത്ത അഞ്ചുദിവസം ശക്തമായ മഴ
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ശക്തികൂടിയ ന്യൂനമർദത്തിന്‍റെയും ചക്രവാതച്ചുഴിയുടെയും ചുഴലിക്കാറ്റിന്‍റെയും സ്വാധീനത്തിൽ കേരളത്തിലും തമിഴ്നാട്ടിലും തുലാവർഷം ആരംഭിച്ചു. 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്ക് മുകളിൽ എത്തും. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റ് ഒക്ടോബർ 25 രാവിലെയോടെ യെമൻ-ഒമാൻ തീരത്ത് അൽ ഗൈദാക്കിനും (യെമൻ) സലാലക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായുള്ള ന്യൂനമർദം ഞായറാഴ്ച മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും. തുടർന്നുള്ള മൂന്ന് ദിവസം വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ് പശ്ചിമ ബംഗാൾ തീരത്തേക്ക് നീങ്ങും.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുലാവർഷം തുടക്കത്തിൽ ദുർബലമായിരിക്കും. കഴിഞ്ഞവർഷം ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 31വരെയുള്ള തുലാവർഷക്കലത്ത് മെച്ചപ്പെട്ട മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ മൂന്ന് ശതമാനം മഴയുടെ കുറവ് മാത്രമാണുണ്ടായത്. ഇത്തവണ അധികമഴ ലഭിക്കുമെന്നാണ് പ്രവചനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.