ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത; സംസ്ഥാനത്ത് മൂന്ന് ദിവസം മഴ കനക്കും
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. അടുത്ത 24 മണിക്കൂറിനിടെ അതിതീവ്ര ന്യൂനർമർദ്ദമായും ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിൻെറ തെക്കൻ തീരത്ത് കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നാളെയോടെ ന്യൂനമർദ്ദം ബുറൈവി ചുഴലിക്കാറ്റായി മാറാനാണ് സാധ്യത.
നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് കേരളത്തിൽ കനത്ത മഴ പ്രവചിക്കുന്നത്. തീരദേശത്തും മലയോരത്തുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. തമിഴ്നാട് തീരം വഴി ന്യൂനമർദ്ദത്തിൻെറ പ്രഭാവം കേരളത്തിലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ നാളെ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോയവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങാൻ നിർദേശമുണ്ട്.
ശക്തമായ മഴയുള്ള സാഹചര്യത്തില്‍ ജലാശയങ്ങളില്‍ ഇറങ്ങരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ ശ്രദ്ധിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും അപകടത്തിന് സാധ്യതയുണ്ട്. മേൽക്കൂരകളിൽ കേടുപാടുകളോ ദ്വാരങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ അറ്റകുറ്റപ്പണി നടത്തുക. കാറ്റടിക്കുന്ന സാഹചര്യത്തിൽ വാതിലുകളും ജനാലകളും അടച്ചിടുക. മഴയിലും കാറ്റിലും ഒടിഞ്ഞു വീഴാൻ സാധ്യത ഉള്ള മരച്ചില്ലകളും ശാഖകളും വെട്ടി ഒതുക്കുക എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.
പൊന്മുടിയടക്കം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ക്വാറികളുടെ പ്രവർത്തനവും മറ്റു ഖനന ജോലികളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിരോധിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ നാളെയോടെ സജ്ജമാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്ക് തലത്തിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. അപകടാവസ്ഥ 1077 എന്ന നമ്പറിൽ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.