മഴക്കെടുതി; അപ്പർകുട്ടനാട്ടിലെ നൂറിലേറെ വീടുകൾ വെള്ളത്തിനടിയിൽ
text_fieldsമാന്നാർ: മഴക്കെടുതിയിൽ ദുരിതങ്ങൾ താണ്ടി അപ്പർകുട്ടനാടൻ കാർഷികമേഖലയിലെ ജനങ്ങൾ. നുറിലേറെ വീടുകളിൽ വെള്ളം കയറിയതോടെ ജനജീവിതം ദുസഹമായി. മിക്കവരെയും ക്യാമ്പുകളിലേക്ക് മാറ്റി.
പമ്പ, അച്ചൻകോവിലാറുകളിൽ ജലനിരപ്പുയർന്നതോടെ മാന്നാർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളത്തിലായി. ചെന്നിത്തല പടിഞ്ഞാറെ വഴി ഇഞ്ചക്കത്തറ കോളനി മുങ്ങി. ഇവിടെയുള്ള ഏക റോഡിലെ ശുദ്ധജല ടാപ്പുകൾ വെള്ളത്തിൽ മുങ്ങിയതോടെ കുടിവെള്ളവും മുട്ടി.
വളളാംകടവ്, സ്വാമിത്തറ,പുത്തനാർ, തേവർകടവ്, കുരയ്ക്കലാർ, തകിടി, നാമങ്കേരി, പറയൻങ്കേരി, പാമ്പനം ചിറ, വാഴക്കൂട്ടം, കാരിക്കുഴി, മുണ്ടോലിക്കടവ്, കാങ്കേരി ദ്വീപ് ഈഴക്കടവ്, വലിയ പെരുമ്പുഴ, പ്രായിക്കര എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്.
മാന്നാർ പഞ്ചായത്തിലെ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി കോളനി, മാന്തറ കോളനി, വൈദ്യൻ കോളനി, ഇടത്തേകോളനി, കോവും പുറം കോളനി, പൊതുവുർ കൊച്ചുതറ, മണപ്പുറം ഭാഗം എന്നിവിടങ്ങളിലും, 45 -ൽ ഭാഗം, കിളുംന്നേരി ഭാഗം, കുട്ടം പേരുർതൈച്ചിറ കോളനി, ബുധനുർ പ്ലാക്കത്തറ കോളനി എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ വീടുകളിൽ കഴിയുന്നവർ ആശങ്കയിലാണ്.
പുഞ്ചപാടശേഖരത്തോടു ചേർന്നു കിടക്കുന്ന മിക്ക വീടുകളിലും വെള്ളം കയറി. റോഡ് ഗതാഗതം താറുമാറായി. രണ്ടാം വാർഡിൽ താമരവേലി പമ്പ് ഹൗസിന് സമീപം മട വീണ് വീടുകളിൽ വെള്ളം കയറി. നാലാം വാർഡിൽ മൂർത്തിട്ടക്ക് പടിഞ്ഞാറ് കിളിന്നേരിൽ ഭാഗത്ത് 24 വീടുകളും, കുട്ടംപേരൂർ മൂന്നു പുരയ്ക്കൽ ഭാഗത്ത് ഏഴ് വീടുകളിലും വെള്ളം കയറി വീട്ടു സാധനങ്ങൾ ഉൾപ്പടെ നശിച്ചു.
പരുമലയിൽ കോട്ടയ്ക്കമാലി കോളനിയിലെ 20-ഓളം വീട്ടുകൾ വെളളത്തിലായി. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കുരട്ടിക്കാട് കോട്ടയ്ക്കൽ കടവ് ആംബുലൻസ് പാലവും മുങ്ങിയതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
മാന്നാറിൽ കുട്ടം പേരൂർ, പാവുക്കര എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. ചെന്നിത്തല തൃപ്പെരുംന്തുറ ഗവ.എൽ പി സ്കൂളിൽ മൂന്ന് കുടുംബങ്ങളിലെ പത്ത് പേരും, ചെറുകോൽ മേഡൽ ഗവ:യു പി സ്കൂളിൽ ഒരു കുടുംബവും, ബുധനൂർ തയ്യൂർ പകൽ വീട്ടിൽ പത്ത് പേരും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.