മഴയിൽ കുതിർന്ന് ആലപ്പുഴ ജില്ല; പെയ്തിറങ്ങി ദുരിതവും
text_fieldsആലപ്പുഴ: തോരാമഴയിൽ ജില്ലയിൽ കനത്തനാശം. കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ വെള്ളപ്പൊക്കവും തീരദേശമേഖലകളിൽ കടൽ ക്ഷോഭവും രൂക്ഷമായതോടെ ദുരിതം ഇരട്ടിയായി. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പാനൂർ മേഖലയിൽ തീരദേശറോഡ് കവിഞ്ഞൊഴുകി വെള്ളമെത്തി. നാട്ടുകാർ തോട്ടപ്പള്ളി-വലീയഴീക്കൽ പാത ഉപരോധിച്ചു. തീരദേശമേഖലകളായ ഒറ്റമശ്ശേരി, പുന്നപ്ര, വണ്ടാനം, കാക്കാഴം, പുറക്കാട് അടക്കമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ ഭീതിയിലാണ്. പുന്നപ്ര വടക്ക് പഞ്ചായത്ത് പാര്യക്കാടനിൽ 150 ഏക്കർ നെൽകൃഷി മടവീഴ്ചയിൽ നശിച്ചു.
മൂന്നുദിവസമായി പെയ്യുന്ന മഴയിൽ മരംവീണ് 112 വീടുകളാണ് തകർന്നത്. ബുധനാഴ്ച മാത്രം 25 വീടുകൾ ഭാഗികമായി തകർന്നു. കാലവർഷത്തിൽ ഒരു മരണവും ജില്ലയിലുണ്ടായി. തോട്ടപ്പള്ളി പൊഴിയിൽ വള്ളം മറിഞ്ഞ് ബിഹാർ സ്വദേശിയും ഐ.ആർ.ഇ.സി എക്സ്കവേറ്റർ ജീവനക്കാരനുമായ രാജ്കുമാറാണ് (23) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പൊഴിമുറിക്കൽ ജോലിക്കായി വള്ളത്തിൽ വരുമ്പോൾ ശക്തമായ കാറ്റിലും മഴയിലും പെട്ട് മറിഞ്ഞാണ് രാജ്കുമാറിനെ കാണാതായത്. അഗ്നിരക്ഷാസേന, സ്കൂബ ടീം നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മരംവീണുള്ള നാശത്തിൽ അമ്പലപ്പുഴ താലൂക്കിലാണ് ഏറെനഷ്ടം. ഇവിടെ മാത്രം ബുധനാഴ്ച 12 വീടുകൾ തകർന്നു. ചേർത്തല -നാല്, കുട്ടനാട് -നാല്, കാർത്തികപ്പള്ളി -മൂന്ന്, ചെങ്ങന്നൂർ -രണ്ട് എന്നിങ്ങനെയാണ് മറ്റ് താലൂക്കിലെ കണക്ക്. ചേർത്തല മാർക്കറ്റിൽ സജിമോന്റെ ഉടമസ്ഥതയിലെ പച്ചക്കറികട മരംവീണ് തകർന്നു. ആലപ്പുഴ തുമ്പോളി പ്രൊവിഡൻസ് ആശുപത്രിക്ക് സമീപം പാടത്തുപറമ്പിൽ റോജി, ആലപ്പുഴ വട്ടപ്പള്ളി ലജ്നത്ത് വാർഡ് പട്ടാണിപറമ്പിൽ കെ. റിയാസ് എന്നിവരുടെ വീടുകളും മരംവീണ് തകർന്നു. ആലപ്പുഴ നഗരത്തിൽ 14 ഇടത്ത് മരംവീണ് വീടുകൾക്ക് നാശമുണ്ടായി. ആലപ്പുഴ ചുങ്കത്ത് വൈദ്യുതി പോസ്റ്റിന് തീപിടിച്ചു.
കാവാലം, തകഴി, പുളിങ്കുന്ന്, കൈനകരി എന്നിവിടങ്ങളിലായി നാലുവീടുകൾ മരംവീണ് ഭാഗികമായി തകർന്നു. ദേശീയപാതയോരത്ത് മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ചാരുംമൂട് കരിമുളയ്ക്കൽ കശുവണ്ടി ഫാക്ടറിയുടെ മതിൽ ഇടിഞ്ഞ് സമീപത്തെ രണ്ടു പെട്ടിക്കട പൂർണമായും തകർന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ജില്ലയിൽ ലഭിച്ചിട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയില്ലെന്ന് ആക്ഷേപമുണ്ട്. ബുധനാഴ്ച കുട്ടനാട് താലൂക്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും മാത്രമാണ് അവധി നൽകിയത്. രാത്രി ഏറെ വൈകിയാണ് ഈ അറിയിപ്പ് എത്തിയത്. ഇതിനെതിരെ കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വിമർശനവും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.