കേരളതീരത്ത് ഇരട്ട ചക്രവാതച്ചുഴി
text_fieldsതിരുവനന്തപുരം: കാലവർഷത്തിന് കരുത്തുകൂട്ടി തെക്കുകിഴക്കൻ അറബിക്കടലിൽ കേരള, ആന്ധ്ര തീരങ്ങളിൽ രൂപംകൊണ്ട ഇരട്ട ചക്രവാതച്ചുഴിയെ തുടർന്ന് മധ്യ-വടക്കൻ കേരളത്തിൽ അതിതീവ്രമഴ. തിരുവനന്തപുരം ശംഖുമുഖത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് (32) കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴയാണ് (യെല്ലോ അലർട്ട്) കാലാവസ്ഥ കേന്ദ്രം പ്രവചിച്ചിരുന്നത്. എന്നാൽ, പ്രവചനങ്ങളെ കാറ്റിൽപ്പറത്തി അതിരാവിലെ ആരംഭിച്ച മഴ പെരുമഴയായി മാറി. കനത്ത മഴയിൽ തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പലപ്രദേശങ്ങളും മുങ്ങി. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ടും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥ കേന്ദ്രം പ്രഖ്യാപിച്ചത്. ഇതോടെ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകളിൽ അതൃപ്തി അറിയിച്ച് റവന്യൂ മന്ത്രി കെ. രാജൻ രംഗത്തെത്തി.
വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ 8.30 വരെ ഇടുക്കിയിൽ ഉടുമ്പന്നൂരിലെ സംസ്ഥാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിലെ മഴമാപിനിയിൽ രേഖപ്പെടുത്തിയത് 230 മില്ലി മീറ്റർ മഴയാണ്. ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ തൃശൂർ കുന്നംകുളത്ത് 131 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. കേരളതീരത്ത് പടിഞ്ഞാറൻ കാറ്റുള്ളതിനാൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.