ടൗട്ടെ കേരളം വിട്ടു; മണിക്കൂറിൽ 160 കി.മീ വരെ വേഗത, 20 വരെ മഴ തുടരും; കനത്ത ജാഗ്രത
text_fieldsന്യുഡൽഹി/തിരുവനന്തപുരം: കേരളത്തിലും ഗോവയിലും കനത്ത നാശം വിതച്ച് നീങ്ങിയ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിൽ അതിവേഗത്തിൽ ആഞ്ഞടിക്കാൻ സാധ്യതയെന്ന് ദേശീയ ദുരന്ത നിവാരണ സമിതി. മേയ് 18ന് രാവിലെ ഗുജറാത്ത് തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചുഴലിക്കാറ്റിന്‍റെ ഏറ്റവും പുതിയ അവസ്ഥയെക്കുറിച്ച് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ (ഐ.എം.ഡി) സമിതിയെ അറിയിച്ചു.
മണിക്കൂറില്‍ 150 മുതല്‍ 160 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റായിട്ടായിരിക്കും ഇത് എത്തുക. ഇതിനോടനുബന്ധിച്ച് ഗുജറാത്തിലെ തീരദേശ ജില്ലകളില്‍ കനത്ത മഴും കൊടുങ്കാറ്റും ഉണ്ടായേക്കും. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. അതീവ ജാഗ്രത തുടരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിനെ നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടത്തിയ തയാറെടുപ്പുകള്‍ ഇന്ന് ചേർന്ന ദുരന്ത നിവാരണ സമിതി യോഗം അവലോകനം ചെയ്തു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജിവ് ഗൗബേ അധ്യക്ഷത വഹിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ലക്ഷദ്വീപ്, ദാദ്രാ -നാഗര്‍ഹവേലി, ദാമന്‍ -ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്ഥരും ആഭ്യന്തര, ഊര്‍ജ്ജ, ഷിപ്പിംഗ്, ടെലികോം, വ്യോമയാന, ഫിഷറീസ് മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍, എന്‍.ഡി.എം.എ മെമ്പര്‍ സെക്രട്ടറി തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.
ചുഴലിക്കാറ്റിനെ നേരിടാനുള്ള മുൻകരുതൽ നടപടികളെക്കുറിച്ച് ചീഫ് സെക്രട്ടറിമാര്‍ സമിതിയെ അറിയിച്ചു. 79 എന്‍.ഡി.ആര്‍.എഫ് ടീമുകളെ ഇവിടങ്ങളിൽ നിയോഗിച്ചു. 22 ടീമുകളെ സന്നദ്ധരാക്കി നിര്‍ത്തിയിട്ടുണ്ട്. കപ്പലുകള്‍ക്കും വിമാനങ്ങള്‍ക്കുമൊപ്പം കര-നാവിക-തീരസംരക്ഷണ സേനകളുടെ രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍, കുടിവെള്ളം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയുടെ മതിയായ സ്‌റ്റോക്കുകള്‍ ഒരുക്കുകയും വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ എന്നീ അവശ്യ സേവനങ്ങള്‍ പരിപാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും നടത്തിയതായും യോഗത്തെ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ചയും ശക്തമായ മഴയും കടലാക്രമണവും തുടരുകയാണ്. എല്ലാ ജില്ലകളിലും 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മേയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോർബന്ദർ, മഹുവ (ഭാവ്നഗർ ജില്ല ) തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തിൽ വടക്കൻ ജില്ലകളായ കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്‍റെ സാന്നിധ്യം മൂലം അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടൽക്ഷോഭവും വരും മണിക്കൂറുകളിലും തുടരും. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ നാലുപേരാണ് മരിച്ചത്. നിരവധി വീടുകൾ തകരുകയും കൃഷി നശിക്കുകയും ചെയ്തു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Live Updates
- 16 May 2021 5:49 AM GMT
പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം
തൃശൂർ: മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു വിടാന്‍ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. 419.41 മീറ്ററിനു മുകളിലേക്ക് ജലനിരപ്പ് ഉയര്‍ന്നാലാണ് സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണെമെന്നും നിര്‍ദ്ദേശമുണ്ട്.
പുഴയില്‍ മത്സബന്ധനം, അനുബന്ധ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 418.05 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കാന്‍ ഇടമലയാര്‍ ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
- 16 May 2021 4:40 AM GMT
11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , തൃശൂർ, പാലക്കാട് , കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
- 16 May 2021 4:40 AM GMT
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്.
- 16 May 2021 4:36 AM GMT
പഴശ്ശി ഡാം ഭാഗികമായി തുറക്കും
മട്ടന്നൂർ: പഴശ്ശി ഡാം ഇന്ന് ഉച്ച 12 മണിക്ക് ഭാഗികമായി തുറക്കും. നിലവിൽ 24.55m ജലനിരപ്പുള്ള ഡാമിൽ ഓരോ മണിക്കൂറിലും 10 സെൻ്റീമീറ്റർ വച്ച് കൂടികൊണ്ടിരിക്കുന്നതായി കലക്ടർ അറിയിച്ചു.
ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ അനുമതി നൽകിയിട്ടുണ്ട്.
പടിയൂർ, ഇരിക്കൂർ, നാരാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടണം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകൾ, ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ പ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
- 16 May 2021 4:16 AM GMT
കടലാക്രമണം രൂക്ഷം
വടകര അഴിത്തല മുതൽ കുരിയാടി വരെ നാലു കിലോമീറ്റർ ദൂരത്തിൽ കടലാക്രമണം രൂക്ഷം. കടൽ ഭിത്തിയില്ലാത്ത സ്ഥലങ്ങൾ പൂർണമായും കടലെടുത്തു. കരിങ്കൽ ഭിത്തി തിരയടിച്ച് തകരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.