തുടർച്ചയായി ശക്തമായ മഴ; പടിഞ്ഞാറൻ കൊച്ചി മേഖലയിൽ കനത്ത വെള്ളക്കെട്ട്
text_fieldsമട്ടാഞ്ചേരി: തുടർച്ചയായി മൂന്നര മണിക്കൂറോളം പെയ്ത ശക്തമായ മഴയിൽ പശ്ചിമ കൊച്ചി വെള്ളക്കെട്ടിലമർന്നു.കനത്ത മഴയ്ക്കൊപ്പം വേലിയേറ്റവും കടൽ കയറ്റവുമായതോടെ തീരദേശ മേഖലയും ദുരിതത്തിലായി. മട്ടാഞ്ചേരി ബസാറിൽ ഗോഡൗണുകളിലേക്ക് വെള്ളം കയറിയതോടെ നൂറുകണക്കിന് ചാക്ക് അരി നനഞ്ഞ് നശിച്ചു. പലയിടങ്ങളിലും കടകളിൽ വെള്ളം കയറിയതോടെ വ്യാപാരികൾ വലഞ്ഞു.
നിരവധി വീടുകളിലും വെള്ളം കയറി. റോഡും കാനയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം ഉടലെടുത്തതോടെ കാൽനട യാത്രക്കാരും ഇരുചക്ര വാഹന യാത്രികരും ദുരിതത്തിലായി. ഓടകൾ വൃത്തിയാക്കുന്നതിൽ കാണിച്ച അനാസ്ഥയാണ് ദുരിതത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു. കനത്ത വെള്ളക്കെട്ട് മൂലം ഗതാഗത തടസ്സവും മാലിന്യങ്ങൾ റോഡിലൂടെ ഒഴുകുകയും ചെയ്തതോടെ ജനം അക്ഷരാർഥത്തിൽ വലഞ്ഞു. തോരാതെയുള്ള മഴയിൽ താഴ്ന്ന പ്രദേശത്തെ വീടുകളും റോഡുകളും ചെറുവഴികളുമെല്ലാം വെള്ളക്കെട്ടിലായി. വീടുകളിൽ വെള്ളം കയറിയതോടെ ചിലർ ബന്ധുവീടുകളിലേക്ക് താമസം മാറ്റി. ഫോർട്ട്കൊച്ചി, ഈരവേലി, ചക്കാമാടം, ചെറളായി, വെളി, കേമ്പേരി, കുവപ്പാടം, ചുള്ളിക്കൽ, നസ്രത്ത്, രാമേശ്വരം മുതലിയാർ ദേശം, മുണ്ടംവേലി, രാമേശ്വരം കോളനിദേശം, കഴുത്തുമുട്ട്, തോപ്പുംപടി, പള്ളിച്ചാൽ, ബീച്ച് റോഡ്, പരിപ്പ് ജങ്ഷൻ, പപ്പങ്ങാമുക്ക്, പെരുമ്പടപ്പ് , പള്ളിച്ചാൽ റോഡ് തുടങ്ങിയ മേഖലകളിൽ കനത്ത വെള്ളകെട്ടുണ്ടായി. വഴിയോര മാലിന്യങ്ങൾ വെള്ളക്കെട്ടിൽ ഒഴുകിയതോടെ കാൽനടയാത്രക്കാരും റോഡിനോട് ചേർന്നുള്ള വീട്ടുകാരും ഏറെ വലഞ്ഞു.
മാലിന്യ തടസം മൂലം കാനകളിലെ നീരൊഴുക്ക് തടസപ്പെട്ടത് വെള്ളക്കെട്ടിനെ രൂക്ഷമാക്കി. മൺസൂൺ കാല മുന്നൊരുക്ക പ്രവർത്തനത്തിൽ പല ഡിവിഷനുകളിലും ശുചീകരണം നടന്നിട്ടില്ലന്നതും ബന്ധപ്പെട്ടവരുടെ അലംഭാവവും ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കി. രാമേശ്വരം, കൽവത്തി കനാലുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ കാര്യമായി നടക്കാത്തതും വെളളക്കെട്ട് രൂക്ഷമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.