മഴ: കോട്ടയം കറുകച്ചാലിൽ മലവെള്ളപ്പാച്ചിൽ; പത്തനംതിട്ടയിൽ പലയിടത്തും വെള്ളക്കെട്ട്
text_fieldsകോട്ടയം/പത്തനംതിട്ട: കോട്ടയം കറുകച്ചാൽ പുലിയിളക്കാലിൽ മലവെള്ളപ്പാച്ചിൽ. മാന്തുരുത്തിയിൽ വീടുകളിൽ വെള്ളംകയറി.
നെടുമണ്ണി-കോവേലി പ്രദേശങ്ങളിൽ ജലനിരപ്പ് ഉയർന്നു. രണ്ടുവീടിന്റെ മതിലുകൾ തകർന്നു. നെടുമണ്ണി പാലം വെള്ളത്തിൽ മുങ്ങി. വാഹന ഗതാഗതം തടസപ്പെട്ടു. ഒമ്പതാം വാർഡിലെ ഇടവട്ടാൽ പ്രദേശങ്ങൾ വെള്ളത്തിലായി. വാഴൂർ റോഡിൽ പന്ത്രണ്ടാം മൈലിൽ മുട്ടറ്റം വെള്ളം കയറി.
വാഹന ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ കഴിഞ്ഞ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. തോടുകൾ കരകവിഞ്ഞ് റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ചുങ്കപ്പറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.
വെണ്ണിക്കുളം-വാളക്കുഴി റോഡിൽ കനത്ത വെള്ളക്കെട്ടാണുണ്ടായത്. പെരിങ്ങമലയിൽ വയലിൽ കെട്ടിയിരുന്ന പോത്ത് മുങ്ങിചത്തു. കേരഫെഡ് സംഭരണ കേന്ദ്രത്തിലും വെള്ളം കയറിയിട്ടുണ്ടെന്നാണ് വിവരം. മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി, അയിരൂർ കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലും ശക്തമായ മഴ പെയ്തു.
നദികളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. തോടുകൾ കരകവിഞ്ഞാണ് പലയിടത്തും വെള്ളം കയറിയത്. സംസ്ഥാനത്ത് കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഒമ്പത് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.