കനത്ത വേനൽമഴ ലഭിക്കുമ്പോഴും കോട്ടയത്ത് ചൂട് ഉയർന്ന് തന്നെ
text_fieldsകോട്ടയം: രാജ്യത്തു കൂടുതൽ വേനൽ മഴ ലഭിക്കുമ്പോഴും കോട്ടയത്ത് താപനിലയിൽ നേരിയ കുറവു മാത്രം. ആൾട്രാ വൈലറ്റ് സൂചികയും ജില്ലയിൽ ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചതു കോട്ടയം ജില്ലയിലാണ്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 24.4 മില്ലിമീറ്റർ വേനൽമഴ ലഭിച്ചു.
വൈക്കം (53.5 മിമീ), കോട്ടയം ( 28.6 ), കാഞ്ഞിരപ്പള്ളി (24.0), കുമരകം (8.1), പൂഞ്ഞാർ (5.0) എന്നിങ്ങനെയാണ് പ്രാദേശിക മഴക്കണക്ക്.
ഇന്നലെ ലഭിച്ച മഴയോടെ മാർച്ച് ഒന്നിന് ആരംഭിച്ച പ്രീ മൺസൂൺ സീസണിൽ ഇതുവരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ചതും കോട്ടയം ജില്ലയിലാണ്. മാർച്ച് 1 മുതൽ 26 വരെ 107.8 മിമീ മഴ ലഭിച്ചു. ലഭിക്കേണ്ട മഴ 44 മിമീ. 145 ശതമാനം മഴ അധികമായി ലഭിച്ചു.
രണ്ടാംസ്ഥാനം തിരുവനന്തപുരം ജില്ല (99.8 മിമീ).
കഴിഞ്ഞ വർഷം മാർച്ച് 1 മുതൽ മേയ് 31 വരെ വേനൽക്കാല സീസണിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന മഴ ലഭിച്ചതും കോട്ടയം ജില്ലയിലാണ്. 838.7 മിമീ. ജില്ലയിൽ ഇത്രയധികം മഴ ലഭിച്ചിട്ടും താപനിലയിൽ നേരിയ കുറവു മാത്രമാണുള്ളത്. കോട്ടയത്തെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ ഉയർന്ന പകൽ ചൂട് 35.1 ഡിഗ്രി സെൽഷ്യസ് വരെ എത്തി. അൾട്രാ വൈലറ്റ് ഇൻഡക്സ് ഓറഞ്ച് അലർട്ടിലാണ്. ഇന്നലെ 8 ആണ് രേഖപ്പെടുത്തിയത്.
സൂര്യാതപം, നിർജലീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. അൾട്രാ വയലറ്റ് രശ്മികൾ സൂര്യാതപത്തിനു പുറമേ ത്വക് രോഗങ്ങളും ഉണ്ടാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.