മഴയിൽ മുങ്ങി കോട്ടയം ജില്ല; എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു
text_fieldsകോട്ടയം: ജില്ലയിൽ രണ്ടാം ദിവസവും മഴക്ക് ശമനമില്ല. ഉച്ചക്ക് അൽപനേരം മാറിനിന്നതൊഴിച്ചാൽ ശക്തമായ മഴ തന്നെയാണ് ജില്ലയിൽ. താഴ്ന്ന പ്രദേശങ്ങളിൽ റോഡുകളും വീടുകളും വെള്ളത്തിലായി. തുടർച്ചയായ മഴയിൽ മലയോര മേഖല മണ്ണിടിച്ചിൽ ഭീതിയിലാണ്. ആറുകളിൽ ജലനിരപ്പ് ഉയർന്നു. മീനച്ചിലാറ്റിൽ തീക്കോയിയിലും പേരൂരിലും ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നു. മഴ തുടർന്നാൽ പടിഞ്ഞാറൻ മേഖലകൾ വെള്ളത്തിലാവും. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്.
ചൊവ്വാഴ്ച രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറില്‍ ജില്ലയില്‍ കോട്ടയത്താണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്- 149.2 മില്ലീമീറ്റര്‍.ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും വരുംദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും വ്യാഴാഴ്ച വരെ ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു.
ജില്ലയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
കോട്ടയം: മഴയെത്തുടർന്ന് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നായി. ചങ്ങനാശേരി താലൂക്കിൽ രണ്ടും കോട്ടയം താലൂക്കിൽ ഒരു ക്യാമ്പുമാണുള്ളത്. ഏഴു കുടുംബങ്ങളിലായി 25 പേരാണ് ക്യാമ്പുകളിലുള്ളത്. 12 പുരുഷന്മാരും ഏഴു സ്ത്രീകളും ആറു കുട്ടികളുമാണുള്ളത്.
ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ തൃക്കോതമംഗലം ഗവ. എൽ. പി സ്കൂളിലും നെടുങ്കുന്നത് ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിലുമാണ് ക്യാമ്പുകൾ. തൃക്കോതമംഗലത്ത് നാല് കുടുംബവും നെടുങ്കുന്നത്ത് രണ്ടു കുടുംബവുമാണുള്ളത്. വാകത്താനം പഞ്ചായത്ത് രണ്ടാം വാർഡ്, നെടുംകുന്നം പഞ്ചായത്ത് ഒമ്പതാം വാർഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങളെയാണ് ക്യാമ്പിൽ താമസിപ്പിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തനസജ്ജമായ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ 0481 -2420037
മലയോര മേഖല ഒറ്റപ്പെടൽ ഭീഷണിയിൽ
എരുമേലി: തോരാമഴയിൽ ആറുകൾ കരകവിഞ്ഞതോടെ മലയോര മേഖലകൾ ഒറ്റപ്പെടൽ ഭീഷണിയിൽ. അഴുത, പമ്പാ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതോടെ പ്രധാന കോസ്വേകളിൽ വെള്ളം കയറി. മണിമലയാറിന് കുറുകെ നിർമിച്ച ഒരുങ്കൽകടവ് പാലം, അഴുതയാറിന് കുറുകേ നിർമിച്ച മൂക്കൻപെട്ടി കോസ്വേ, പമ്പയാറിന് കുറുകെ ഇടകടത്തി-അരയാഞ്ഞിലിമൺ കോസ്വേ എന്നിവ വെള്ളത്തിനടിയിലായി.
അരയാഞ്ഞിലിമൺ നിവാസികളുടെ ഏക യാത്രാമാർഗം വെള്ളത്തിനടിയിലായതോടെ പ്രദേശം ഒറ്റപ്പെട്ടു. മൂക്കൻപെട്ടി കോസ്വേ വെള്ളം മുട്ടിയതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.മണിപ്പുഴ-പത്തായക്കുഴി റോഡിൽ തോടിന് കുറുകെ നിർമിച്ച പാലം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു.
പനച്ചിക്കാട്-അമ്പാട്ടുകടവ് റോഡിൽ വെള്ളം കയറി
കോട്ടയം: പുതുപ്പള്ളി-പനച്ചിക്കാട് റോഡിലെ അമ്പാട്ടുകടവ് പാടശേഖരത്ത് ചേർന്നുള്ള റോഡിൽ വെള്ളം കയറി.ഇതോടെ ഇതുവഴി ഗതാഗതം നിരോധിച്ചു. റോഡിൽ യാത്ര പാടില്ലെന്ന മുന്നറിയിപ്പ് ബോർഡും റോഡിന് ഇരുവശത്തുമുള്ള കോട്ടയം ഈസ്റ്റ്, ചിങ്ങവനം പൊലീസ് അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ റോഡിൽ അരയടിയോളം ഉയരത്തിൽ വെള്ളമുണ്ട്.വെള്ളപ്പൊക്ക സമയത്ത് റോഡും പാടശേഖരങ്ങളും മനസ്സിലാകാതെ യാത്ര ചെയ്ത നിരവധിപേരാണ് ഇവിടെ അപകടത്തിൽപെട്ടത്. ഇതേ തുടർന്നാണ് യാത്രാനിരോധനം ഏർപ്പെടുത്തിയത്.
തെക്കേക്കരയില്‍ വീട് തകർന്നു; ഒരുഭാഗം മീനച്ചിലാറ്റിൽ പതിച്ചു
ഈരാറ്റുപേട്ട: കനത്ത മഴയിൽ പൂഞ്ഞാര്‍ തെക്കേക്കരയില്‍ വീട് തകർന്നു. സംരക്ഷണഭിത്തി തകര്‍ന്നതിനെത്തുടർന്ന് വീടിന്റെ ഒരു ഭാഗം മീനച്ചിലാറ്റില്‍ പതിക്കുകയായിരുന്നു. പെരിങ്ങുളം റോഡില്‍ ആറ്റുതീരത്തോട് ചേര്‍ന്ന് താമസിക്കുന്ന പാറയില്‍ ജോസിന്റെ വീടാണ് തകര്‍ന്നത്. വീട്ടിലുണ്ടായിരുന്ന ആറുപേർ രക്ഷപ്പെട്ടു.
റോഡിന് പിന്നിലായി സംരക്ഷണഭിത്തിയോട് ചേര്‍ന്നാണ് വീട് നിര്‍മിച്ചിരിക്കുന്നത്. സംരക്ഷണഭിത്തി ആറ്റിലേക്ക് പതിച്ചതിനൊപ്പം വീടിന്റെ ഒരു ഭാഗവും വീഴുകയായിരുന്നു. വീട്ടുപകരണങ്ങളും നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് അത്യാലില്‍, സെക്രട്ടറി സിജി, വില്ലേജ് ഓഫിസര്‍ ഇന്‍-ചാർജ്, വാര്‍ഡ് അംഗം റോജി തോമസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. വീട്ടുകാർക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശം നൽകി.
പഴയിടം കോസ്വേ മുങ്ങി
പൊൻകുന്നം: മണിമലയാറ്റിലെ പഴയിടം കോസ്വേയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കോസ് വേയുടെ കൈവരിക്ക് മുകളിലൂടെ വെള്ളം കയറി ഒഴുകിത്തുടങ്ങിയത്. ഇരുവശത്തെ റോഡുകളിലേക്കും വെള്ളം കയറി. പ്രദേശത്ത് വൻതോതിൽ മാലിന്യവും അടിഞ്ഞുകൂടി.
കോരുത്തോട് കോസടിയിൽ മലവെള്ളപ്പാച്ചിൽ
മുണ്ടക്കയം: ശമനമില്ലാത്ത മഴയിൽ കരകവിഞ്ഞ് മണിമലയാറും അഴുതയാറും. ഞായറാഴ്ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്ചയും തുടർന്നു. ഇതിനിടെ, ചൊവ്വാഴ്ച വൈകീട്ട് കോരുത്തോട് കോസടി ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായാണ് സംശയം. വൈകീട്ട് 3.30ഓടെയായിരുന്നു വെള്ളപ്പാച്ചിൽ. ഇതിൽ കോസടി മണ്ഡപത്തിൽ കുട്ടിയച്ചന്റെ പശുത്തൊഴുത്ത് ഒലിച്ചുപോയി. സമീപത്തെ റോഡുകളുടെയും വീടുകളുടെയും സംരക്ഷണഭിത്തി തകർന്നു.
മുണ്ടക്കയം കോസ്വേ, കൂട്ടിക്കൽ ചപ്പാത്ത് എന്നിവിടങ്ങളിൽ വെള്ളം പാലത്തിനൊപ്പം എത്തിയ നിലയിലാണ്. കോസ്വേ വെള്ളത്തിനടിയിലായാൽ എരുമേലി ഭാഗത്തേക്കും കൂട്ടിക്കൽ ചപ്പാത്ത് പാലത്തിൽ വെള്ളം കയറിയാൽ കൊക്കയാർ ഭാഗത്തേക്കും യാത്ര മുടങ്ങുമെന്ന ആശങ്കയിൽ പലരും സ്കൂളുകളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. അഴുതയാർ, മണിമലയാർ, പുല്ലകയാർ എന്നിവയും നിരവധി കൈത്തോടുകളും കവിഞ്ഞൊഴുകുകയാണ്.
അറ്റകുറ്റപ്പണി നടക്കുന്നതിനിടെ പാലം തകർന്നു
പൊൻകുന്നം: അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന പാലം കനത്ത മഴയിൽ തകർന്നു.ചിറക്കടവ് 18ാം വാർഡിലെ മൂലേപ്പടി പാലമാണ് പൊളിഞ്ഞുവീണത്. കഴിഞ്ഞവർഷത്തെ മഴയിൽ ശോച്യാവസ്ഥയിലായതിനെത്തുടർന്ന് ഒരു ലക്ഷം രൂപ അനുവദിച്ച് അടുത്തിടെ അറ്റകുറ്റപ്പണി ആരംഭിച്ചതാണ്. പൂർണമായി തകർന്നതോടെ പുനർനിർമാണത്തിന് 10 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് വാർഡ് അംഗം ഉഷ ശ്രീകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.