പത്തനംതിട്ടയിൽ കനത്ത മഴ; മലയാലപ്പുഴയിൽ ഉരുൾപൊട്ടി
text_fieldsപത്തനംതിട്ട: ജില്ലയിൽ രാവിലെ ഉണ്ടായത് റെക്കോഡ് മഴ. രാവിലെ ഏഴുമുതൽ 10 മണിവരെയുള്ള മൂന്നു മണിക്കൂറിനിടെ പെയ്തത് 70 മില്ലീമീറ്റർ മഴ. പ്രളയ കാലത്തിന് ശേഷം ആദ്യമായാണ് ജില്ലയിൽ ഇത്രയും കനത്ത മഴ രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും ജില്ലയിലെ ഏറ്റവും വലിയ അണക്കെട്ടായ കക്കി -ആനത്തോട് അണെക്കട്ട് തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ല. അതിനാൽ പ്രളയ ഭീഷണിയില്ല.
മലയാലപ്പുഴയിൽ ഉരുൾപൊട്ടി നിരവധി വീടുകളിൽ വെള്ളം കയറി. പന്തളത്ത് കാർ തോട്ടിലേക്ക് മറിഞ്ഞ അപകടമുണ്ടായെങ്കിലും ആർക്കും പരിക്കില്ല. ജില്ലയിൽ എല്ലായിടത്തും കനത്ത മഴ തുടരുകയാണ്. റാന്നി താലൂക്കാശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ വെള്ളം കയറിയതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു.
വെച്ചൂച്ചിറക്കടുത്ത് കൊല്ലമുള ടൗണിൽ വെള്ളംകയറി. വ്യാപാര സ്ഥാപനങ്ങൾക്കുള്ളിൽ വെള്ളംകയറി. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ആശങ്കാപരമായി ഉയർന്നിട്ടുണ്ട്. അച്ചൻകോവിലാറ്റിലാണ് ഏറ്റവുമധികം ജലനിരപ്പ് ഉയർന്നിട്ടുള്ളത്.
അപ്പർ കുട്ടനാടൻ പ്രദേശങ്ങളിൽ മിക്കയിടത്തും വെള്ളം കയറിതുടങ്ങി. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ കക്കി ആനത്തോട് നിറയുന്നതിന് ഇനി 11 ശതമാനം കൂടി അവശേഷിക്കുന്നതിനാൽ അത് തുറക്കേണ്ട സാഹചര്യമില്ലെന്ന് ശനിയാഴ്ച രാവിലെ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
വെള്ളിയാഴ്ച ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത് ആശങ്ക പരത്തിയിരുന്നു. തുലാമാസ പുജകൾക്കായി ശനിയാഴ്ച വൈകിട്ട് നട തുറക്കുന്ന ശബരിമലയിൽ പമ്പാ സ്നാനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചു. നേരത്തെ പമ്പാ സ്നാനം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പമ്പയാറ്റിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയർന്നതിനാലാണ് സ്നാനം വിലക്കിയത്. മലയോരമേഖലയിൽ കനത്തമഴ തുടരുകയാണ്. കോന്നിയിൽ ശനിയാഴ്ച രാവിലെ 10 മണിവരെ 97 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.