കനത്തമഴ: കണ്ണൂരിലെ മലയോര ഗ്രാമങ്ങൾ പ്രകൃതിദുരന്ത ഭീഷണിയിൽ
text_fieldsകേളകം: ഒരാഴ്ച്ചയായുള്ള പെരുമഴയിൽ കണ്ണൂർ ജില്ലയിലെ പത്തോളം മലയോര ഗ്രാമങ്ങൾ പ്രകൃതിദുരന്ത ഭീഷണിയിൽ. നിരവധിയിടങ്ങളിൽ ഉരുൾ പൊട്ടലുണ്ടായി. ചൊവ്വാഴ്ച്ച മുതൽ പെയ്യാൻ തുടങ്ങിയ കനത്ത മഴയെ തുടർന്ന് അയ്യംകുന്ന് മുടിക്കയത്ത്, പേരട്ട ഉദ്ദേശിക്കുന്ന്, ആറളം വനം എന്നിവടങ്ങളിൽ ഉരുൾപൊട്ടി.
ബാരാപ്പുഴ കരകവിഞ്ഞൊഴുകി നിരവധി പേരുടെ കൃഷി നശിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇരിട്ടി തഹസിൽദാർ കെ.കെ ദിവാകരൻ അറിയിച്ചു. അടക്കാത്തോട് മുട്ടുമാറ്റിയിൽ പുനർ നിർമ്മാണത്തിലിരുന്ന ആന മതിൽ വീണ്ടും തകർന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴയിൽ ആനമതിൽ തകർന്നത് പുനർനിർമ്മിക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി ചാപ്പ തോട്ടിലുണ്ടായ കുത്തൊഴുക്കിൽ ആന മതിലിൻെറ നിർമ്മാണത്തിലിരുന്ന ഭാഗം വീണ്ടും തകർന്നത്.
ചീങ്കണ്ണിപ്പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് വാളുമുക്ക് ,മുട്ടുമാറ്റി, നരിക്കടവ്, പൂക്കുണ്ട്, വളയഞ്ചാൽ തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിയിടങ്ങളിൽ വെള്ളം കയറി. വളയഞ്ചാൽ മുതൽ കരിയങ്കാപ്പ് വരെയുള്ള ആന മതിലിൻെറ നിരവധി ഭാഗങ്ങളിൽ വെള്ളം കവിഞ്ഞൊഴുകിയത് മതിലിൻെറ ബലക്ഷയത്തിന് കാരണമായി.
മലയോര ഹൈവെയുടെ വിവിധ ഭാഗങ്ങളിലും പുഴവെള്ളം കയറിയത് ഗതാഗത പ്രതിസന്ധിയുണ്ടാക്കി. ബാവലിപ്പുഴയിലെ വെള്ളപ്പൊക്കത്തെ തുടർന്ന് ഇരട്ടത്തോട്ടിൽ പുഴഗതി മാറിയൊഴുകി കനത്ത കൃഷി നാശമുണ്ടായി. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയുള്ള കൊട്ടിയൂർ-പാൽച്ചുരം-വയനാട് റോഡിൽ പൊലീസ്, പൊതുമരാമത്ത് അധികൃതർ എന്നിവർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊട്ടിയൂർ- മാനന്തവാടി റൂട്ടിൽ പാൽചുരത്ത് ചെകുത്താൻ തോടിനു സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായി ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മണ്ണ് നീക്കം ചെയ്യുന്ന പ്രവർത്തി നടക്കുകയാണ്. വലിയ പാറകൾ ഏതു നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിലാണ് ഇവിടെ. നിലവിൽ റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും മണ്ണ് ഇടിയുന്നുണ്ട്.
കനത്തമഴയിൽ ശാന്തിഗിരി പാലുകാച്ചി റോഡിൽ വൻ മണ്ണിടിച്ചിലിൽ വീടുകൾ ഒറ്റപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ബുധനാഴ്ച്ച പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇരിട്ടി ഉളിക്കൽ അറബിക്കുളത്ത് ഉരുൾപൊട്ടി കനത്ത നാശമുണ്ടായി. കൃഷിഭൂമിയിൽ വലിയ ഒഴുക്ക് രൂപപ്പെട്ടത്. അറബിത്തോടും നിറഞ്ഞ് കവിഞ്ഞൊഴുകുന്നു.
ഇരിട്ടി ഉളിക്കല്‍ മേഖലയില്‍ പുഴ കരകവിഞ്ഞൊഴുകി മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി ഗതാഗതം മുടങ്ങി. മാട്ടറ, വട്യാംതോട്, മണിക്കടവ് പാലങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. വയത്തൂര്‍ പാലവും വെള്ളത്തിനടിയിലായി. സമീപപ്രദേശങ്ങളിലെ നിരവധി വീടുകളും കടകളും സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
മേഖലയിലെ ബാവലി, ആറളം, ബാരാപ്പുഴ, ഇരിട്ടി പുഴകള്‍ കരകവിഞ്ഞൊഴുകുകയാണ്. കച്ചേരിക്കടവ്, മുടിക്കയം, ആറളം വനമേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായ മട്ടിലാണ്. പുഴകളില്‍ ആശങ്കാജനകമായ നിലയില്‍ ജലവിതാനവും ഒഴുക്കും കനത്തു. മാക്കൂട്ടം, കച്ചേരിക്കടവ് ഉരുള്‍പൊട്ടലിൻെറ ആഘാതത്തില്‍ നിന്ന് മലയോരം വിടുതല്‍ നേടിയിട്ടില്ല. കനത്ത മഴ യെ തുടർന്ന് മണ്ണിടിച്ചിലിൽ നിരവധി വീടുകളും തകർന്നിട്ടുണ്ട്. മേഖലയിൽ അധികൃതർ ജാഗ്രത നിർദ്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.