അട്ടപ്പാടിയിൽ ഉരുൾപൊട്ടൽ: നാലു വീടുകൾ തകർന്നു; ഇടുക്കിയിൽ മഴക്കെടുതി തുടരുന്നു
text_fieldsപാലക്കാട്: അട്ടപ്പാടിയിൽ രണ്ടിടത്തായി ഇന്ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. ആനക്കല്ലിൽ നാലു വീടുകൾ ഭാഗികമായി തകർന്നു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. മൂന്നു ദിവസമായി കനത്ത മഴ തുടരുകയാണ്. മഴയിൽ മരങ്ങൾ വീണതും ഗട്ടർ രൂപപ്പെട്ടതും മൂലം വാഹന ഗതാഗതം തടസപ്പെട്ടു. ഭവാനിപ്പുഴ നിറഞ്ഞു കവിഞ്ഞതിനാൽ പല ആദിവാസി കോളനികളും ഒറ്റെപ്പട്ടു പോയിരിക്കുകയാണ്.
ഇടുക്കിയിലും മഴക്കെടുതി രൂക്ഷമായി. ഹൈറേഞ്ചില്‍ ഇന്നലെയും കനത്തമഴ തുടരുകയാണ്. നാല് ദിവസമായി തുടരുന്ന മഴയില്‍ വ്യാപക കൃഷിനാശവും മണ്ണിടിച്ചിലുമുണ്ടായി. കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും രണ്ട് ഹെക്ടറോളം കൃഷിയിടങ്ങളാണ് ഒലിച്ചുപോയത്. വണ്ടിപ്പെരിയാര്‍, ഏലപ്പാറ, ദേവികുളം, അടിമാലി, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ എന്നിവിടങ്ങില്‍ മണ്ണിടിച്ചിലുണ്ടായി. പുല്ലുപാറയില്‍ ഉരുള്‍പൊട്ടി. ഗ്ലെന്‍മേരി റോഡിലെ മുണ്ടയ്ക്കല്‍ കോളനിയിലേക്കുള്ള പാലം കനത്ത മഴയില്‍ ഒലിച്ചു പോയി.
പീരുട്ടില്‍ മാത്രം കഴിഞ്ഞ ദിവസം 147 മില്ലി മീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഹൈറേഞ്ചില്‍ ഇരുപതിലേറെ സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ജൂണ്‍ മുതല്‍ തുടരുന്ന മഴയില്‍ ഇതുവരെ കൃഷിനാശത്തിന്‍റെ കണക്ക് മൂന്നു കോടി കവിഞ്ഞുവെന്ന് കൃഷിവകുപ്പ് വ്യക്തമാക്കുന്നു.
കനത്ത മഴ തുടരുന്നതിനാൽ കോഴിക്കോട്, വയനാട്, കോട്ടയം, ഇടുക്കി ജില്ലകളിൽ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കനത്ത മഴ രണ്ട് ദിവസംകൂടി തുടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.