മുല്ലപ്പെരിയാർ: ജലനിരപ്പ് കുറക്കാനുള്ള സാധ്യത പരിേശാധിക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: അതി ഗുരുതരമായ പ്രളയ സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി കുറക്കാനുള്ള സാധ്യത ആരായാൻ മുല്ലപ്പെരിയാർ ഉപസമിതിയോട് സുപ്രീംകോടതി. കേരളം, തമിഴ്നാട് ചീഫ് സെക്രട്ടറിമാരെയും ദേശീയ ദുരന്ത നിവാരണ സമിതിയെയും (എൻ.സി.എം.സി) വിളിച്ചുചേര്‍ത്ത് മുല്ലപ്പെരിയാര്‍ ഉപസമിതി വെള്ളിയാഴ്ച രാവിലെ അടിയന്തരയോഗം ചേരണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അടിയന്തര സാഹചര്യം പരിഗണിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.
മുല്ലപ്പെരിയാറിലെ ജലനിരപ്പ് തമിഴ്നാട് തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും ദുരന്ത നിവാരണ പദ്ധതി പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസ്സല്‍ ജോയി നല്കിയ ഹരജിയിലാണ് സുപ്രീംകോടതി ഇടപെടൽ. ഉദ്യോഗസ്ഥര്‍ക്ക് നേരിട്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സായി യോഗം നടത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. 142 അടിയെന്ന് സുപ്രീംകോടതി പറഞ്ഞത് സാധാരണ സാഹചര്യത്തിലാണെന്നും ഇതുപോലെ അസാധാരണ സാഹചര്യമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ഭീതിയകറ്റുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തമിഴ്നാടിനോട് പറഞ്ഞു. ഇരു സംസ്ഥാനങ്ങളും എൻ.സി.എം.സി.യുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. എന്‍.സി.എം.സി. ദുരന്തനിവാരണ പദ്ധതി തയാറാക്കണം. ഇരു സംസ്ഥാനങ്ങളും ഉപസമിതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
2005ലെ ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം നേരത്തെ ദുരന്ത നിവാരണ സമിതി രൂപവത്കരിച്ചത് സുപ്രീംകോടതി ആയിരുന്നുവെന്നും എന്നാല്‍, സമിതി നിർദേശങ്ങൾ സംസ്ഥാനങ്ങളോ കേന്ദ്രമോ ഇന്നുവരെയും പാലിച്ചില്ലെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. മനോജ് വി. ജോര്‍ജ് വാദിച്ചു. മുല്ലപ്പെരിയാര്‍ മേഖലയിലെ ജനങ്ങളുടെ ജീവന് തമിഴ്നാട് അപകടത്തിലാക്കിയിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാല്‍ കേരളത്തിലെ 39 അണക്കെട്ടുകളില്‍ 33ഉം തുറന്നുകഴിഞ്ഞു. സംസ്ഥാനത്തെ ഗതാഗതം, ആശയവിനിമയം എന്നിവയും താറുമാറായി. ദുരന്ത നിവാരണ നിയമത്തിലെ ഒമ്പതാം വകുപ്പുപ്രകാരം സമിതിയുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കാന്‍ കേന്ദ്രം തയാറാവണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, അണക്കെട്ടിലെ ജലനിരപ്പ് കുറക്കണമെന്ന വാദത്തെ തമിഴ്നാട് സര്‍ക്കാര്‍ എതിര്‍ത്തു. അണക്കെട്ടിലേക്ക് 12,000 ക്യൂസെക്സ് വെള്ളമാണ് എത്തിക്കൊണ്ടിരിക്കുന്നതെന്നും പുറത്തേക്ക് പോകുന്നത് 5000 ക്യൂസെക്സ് മാത്രമാണെന്നും തമിഴ്നാട് വാദിച്ചു.
പഴയ കാര്യങ്ങളിലേക്ക് നോക്കാനുള്ള സമയമല്ല ഇതെന്നും ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഇതിനോട് പ്രതികരിച്ചു. എന്‍.സി.എം.സിയുടെ യോഗം വ്യാഴാഴ്ച ചേര്‍ന്നതായി കേന്ദ്രത്തിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹ പറഞ്ഞു. വെള്ളപ്പൊക്കദുരിതം നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം മൂന്നംഗ സമിതി രൂപവത്കരിച്ചു; കേരളത്തിന് കൂടുതൽ സേനാ സഹായം
ന്യൂഡൽഹി: ജലനിരപ്പ് ഉയരുന്ന മുല്ലപ്പെരിയാർ ഡാമിെൻറ സ്ഥിതി അവലോകനം ചെയ്യാൻ കേന്ദ്രം മൂന്നംഗ സമിതി രൂപവത്കരിച്ചു. കേന്ദ്ര ജല കമീഷൻ ചെയർമാൻ അധ്യക്ഷനായ സമിതിയിൽ കേരള, തമിഴ്നാട് ചീഫ് എൻജിനീയർമാർ അംഗങ്ങളായിരിക്കും. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം കാബിനറ്റ് സെക്രട്ടറി വിളിച്ച ദേശീയ പ്രതിസന്ധി നിവാരണസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. കുടിവെള്ളം, ഉണങ്ങിയ പഴത്തിെൻറ പാക്കറ്റുകൾ, പാൽെപാടി എന്നിവ കേരളത്തിലേക്ക് വേഗം ലഭ്യമാക്കാൻ കാബിനറ്റ് സെക്രട്ടറി നിർദേശിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്ക് സേനാ സഹായം കൂടുതൽ ലഭ്യമാക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെ 18 ടീമുകൾ, കരസേന എൻജിനീയറിങ് ടാസ്ക് ഫോഴ്സിെൻറ എട്ടു ടീമുകൾ, കോസ്റ്റ് ഗാർഡിെൻറ 22 ടീമുകൾ, നേവിയുടെ 24 മുങ്ങൽ വിദഗ്ധ സംഘങ്ങൾ എന്നിവ കേരളത്തിൽ രക്ഷാദൗത്യത്തിലാണ്. ഹെലികോപ്ടറുകൾ, ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ തുടങ്ങിയവയും എത്തിച്ചിട്ടുണ്ട്. പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നു. വെള്ളിയാഴ്ചയും ദേശീയ പ്രതിസന്ധി നിവാരണ സമിതിയുടെ അവലോകന യോഗം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.