കനത്ത മഴ; കോട്ടയം ജില്ലയിൽ ബുധനാഴ്ച വരെ ഓറഞ്ച് അലർട്ട്
text_fieldsകോട്ടയം: ജില്ലയിൽ കാലവർഷം ശക്തമായി. ഞായറാഴ്ച രാത്രി ആരംഭിച്ച മഴ തിങ്കളാഴ്ച പകലും ഇടവേളയില്ലാതെ തുടർന്നു. വൈകീട്ടോടെയാണ് അൽപം ശമനമായത്. കിഴക്കൻ മേഖലയിലും മഴ ശക്തമാണ്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആറുകൾ ഒറ്റദിവസം കൊണ്ട് നിറഞ്ഞു. ഈ രീതിയിൽ മഴ തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും.
ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ ജില്ലയിൽ തിങ്കൾ മുതൽ ബുധൻ വരെ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്ത മഴയായി കണക്കാക്കുന്നത്. അതിശക്ത മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നുവീണും അപകടം ഉണ്ടാകാനിടയുള്ളതിനാൽ ശ്രദ്ധിക്കണം. അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കണമെന്നും നിർദേശമുണ്ട്.
സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങളും മരച്ചില്ലകളും മുറിച്ചുമാറ്റണമെന്നും കലക്ടർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നില്ല. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം മണ്‍സൂണ്‍ മഴയിൽ 61 ശതമാനം കുറവുണ്ടായിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഇത്രയുംകുറവ് ആദ്യമായാണെന്ന് നിരീക്ഷകര്‍ പറയുന്നു. ഞായറാഴ്ച വരെയുള്ള കണക്കുപ്രകാരം 683.7 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ പെയ്തത് 267 മില്ലീമീറ്റര്‍ മാത്രമായിരുന്നു.
തിങ്കളാഴ്ച മഴ തകർത്തുപെയ്യാൻ തുടങ്ങിയതോടെ ഈ കുറവ് നികത്തപ്പെടുമെന്നാണ് കരുതുന്നത്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മാറിനിന്ന മഴ തീവ്രമാകുന്നത് ജനങ്ങളെ ആശങ്കയിലാക്കുന്നുമുണ്ട്. തിങ്കളാഴ്ച അവസാനിച്ച 24 മണിക്കൂറിൽ ജില്ലയിൽ 397.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മുണ്ടക്കയത്താണ് കൂടുതൽ മഴ പെയ്തത്- 81 മില്ലിമീറ്റർ.
മണിമലയാറും പുല്ലകയാറും നിറഞ്ഞൊഴുകി, ആശങ്കയിൽ മലയോര മേഖല
മുണ്ടക്കയം: ഞായറാഴ്ച രാത്രി ആരംഭിച്ച കനത്തമഴ തിങ്കളാഴ്ചയും ശക്തമായി തുടർന്നതോടെ മലയോര മേഖല നിവാസികളിൽ ആശങ്ക ശക്തമായി. ശക്തമായ മഴയാണ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ അനുഭവപ്പെട്ടത്. ചെറിയ കൈത്തോടുകൾ മുതൽ ആറുകളിൽവരെ ജലനിരപ്പ് ഉയർന്നു. മണിമലയാർ, പുല്ലകയാർ എന്നിവിടങ്ങളിൽ ജലനിരപ്പുയർന്നത് നാടിന് ഭീഷണിയായി. മുണ്ടക്കയം കോസ് വേയിൽ വെള്ളം ഉയർന്ന് പാലത്തിനോളം എത്തി.
2021ലുണ്ടായ പ്രളയത്തിന് സമാനമായ രീതിയിൽ മഴ പെയ്തത് നാടിനെ ആശങ്കയിലാക്കി. ഇതോടെ കൂട്ടിക്കൽ, മുണ്ടക്കയം, പെരുവന്താനം, കോരുത്തോട്, കൊക്കയാർ പഞ്ചായത്തുകളുടെ മലയോരമേഖല ഉരുൾപൊട്ടൽ ഭീതിയിലാണ്. കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ അപകടസാധ്യതയുള്ള മേഖലയിലുള്ള ആളുകൾക്ക് സുരക്ഷക്രമീകരണങ്ങൾ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അരയാഞ്ഞിലിമൺ കോസ് വേയിൽ വെള്ളം കയറി
എരുമേലി: തിങ്കളാഴ്ച പെയ്ത തോരാമഴയിൽ പമ്പ, അഴുത, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പയാറിന് കുറുകേയുള്ള അരയാഞ്ഞിലിമൺ കോസ് വേയിൽ വെള്ളം കയറിയതോടെ അരയാഞ്ഞിലിമൺ പ്രദേശം മണിക്കൂറോളം ഒറ്റപ്പെട്ടു.
മഴയോടൊപ്പം ഉണ്ടായ കാറ്റിൽ പലയിടങ്ങളിലും മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കൊരട്ടി - കണ്ണിമല റോഡിലും, എരുമേലി - പമ്പാവാലി റോഡിലും, കണമല - അടിമാലി റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നിരക്ഷാസേന എത്തിയാണ് മരങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. പലയിടങ്ങളിലും സംരക്ഷണഭിത്തികളും ഇടിഞ്ഞുവീണു.
ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കോട്ടയം: ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ സെന്റ് അൽഫോൻസ് പള്ളിയുടെ പാരിസ് ഹാളിൽ ദുരിതാശ്വാസക്യാമ്പ് തുറന്നു. ക്യാമ്പിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളുമുണ്ട്.
ഒറ്റമഴയിൽ മറ്റക്കരയിൽ വെള്ളപ്പൊക്കം
മറ്റക്കര: കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്ക വരൾച്ചക്ക് വിരാമമിട്ട് മറ്റക്കരയിൽ പന്നഗം കരകവിഞ്ഞു.ഒറ്റദിവസത്തെ ശക്തമായ മഴയിലാണ് പന്നഗം കരകവിഞ്ഞത്. പടിഞ്ഞാറെപാലം, വാഴപ്പള്ളി പാലം, നെല്ലിക്കുന്ന്, ചുവന്ന പ്ലാവ് എന്നിവിടങ്ങളിൽ പന്നഗം തിങ്കളാഴ്ച വൈകീട്ടോടെ കരകവിഞ്ഞു. വരുന്ന വെള്ളം തടസ്സംകൂടാതെ ഒഴുകിപ്പോകാത്തതാണ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണം.
കൺട്രോൾ റൂം നമ്പറുകൾ
കോട്ടയം: ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ല-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. ജില്ല എമർജൻസി ഓപറേഷൻസ് സെന്റർ-0481 2565400, 9446562236, 9188610017.
താലൂക്ക് കൺട്രോൾ റൂമുകൾ
- മീനച്ചിൽ-04822 212325,
- ചങ്ങനാശ്ശേരി-0481 2420037,
- കോട്ടയം-0481 2568007
- കാഞ്ഞിരപ്പള്ളി-04828 202331,
- വൈക്കം-04829 231331.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.