കനത്തമഴയും കടൽക്ഷോഭവും; സംസ്ഥാനത്ത് മൂന്ന് മരണം
text_fieldsതിരുവനന്തപുരം: കനത്തമഴയും കടലാക്രമണവും സംസ്ഥാനത്ത് വ്യാപക നാശം വിതച്ചു. കണ്ണൂർ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം തൃശൂർ, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് കാര്യമായ നാശനഷ്ടമുണ്ടായത്. പാലക്കാടും കണ്ണൂരും ഉരുൾപൊട്ടലുണ്ടായി. തൃശൂരും തിരുവനന്തപുരത്തും വയനാട്ടിലും ഒരാൾ വീതം മരിച്ചു. തൃശൂർ കുറ്റുമുക്കിൽ കുളത്തിൽ കുളിക്കാനിറങ്ങിയ ഏറന്നൂര് മന നാരായണന് നമ്പൂതിരിയാണ് (85) മരിച്ചത്. തിരുവനന്തപുരത്ത് കാറ്റിൽ പൊട്ടി വീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് നാലാഞ്ചിറ കുരിശ്ശടിക്ക് സമീപം ചാമക്കാലിൽ ജോർജ് കുട്ടിയും (74) വയനാട്ടിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് ആദിവാസി മധ്യവയസ്കൻ പടിഞ്ഞാറത്തറ മാടത്തുംപാറ കോളനിയിലെ ബാലനുമാണ് (56) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിനായിരുന്നു സംഭവം.
കോഴിക്കോട് താമരശ്ശേരിക്കടുത്ത് പരപ്പൻപൊയിൽ രാരോത്ത് ഗവ. മാപ്പിള സ്കൂൾ കെട്ടിടം തകർന്നുവീണു. വൈകീട്ട് 4.20നാണ് സംഭവം. സാധാരണ 4.30ന് വിടേണ്ട സ്കൂൾ മൂന്ന് മണിക്ക് വിട്ടതിനാൽ വൻദുരന്തം ഒഴിവായി. രാമനാട്ടുകര അങ്ങാടിയിൽ പഴകിയ കെട്ടിടം തകർന്നുവീണ് രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. വയനാട് ദേശീയപാതയിൽ ഇൗങ്ങാപ്പുഴ കരകവിഞ്ഞ് ഗതാഗതം നിലച്ചു. കക്കയം ഡാം വീണ്ടും തുറന്നുവിടേണ്ട അവസ്ഥയിലാണ്. രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കണ്ണൂർ ജില്ലയിൽ ആറളം വനത്തിൽ ചൊവ്വാഴ്ച രാവിലെയാണ് ഉരുൾപൊട്ടലുണ്ടായത്. ചീങ്കണ്ണിപ്പുഴ കവിഞ്ഞൊഴുകി. വളയഞ്ചാൽ കമ്പിപ്പാലവും ആനമതിലും തകർന്നു. ബാവലിപ്പുഴ കവിഞ്ഞൊഴുകി നൂറുകണക്കിനാളുകളുടെ കൃഷിയിടങ്ങൾ നശിച്ചു.
പാലക്കാട് നാലാമതും ഉരുൾപൊട്ടലുണ്ടായി. മംഗലം ഡാമിെൻറ സമീപപ്രദേശമായ കടപ്പാറയിലാണ് ചൊവ്വാഴ്ച ഉരുൾപൊട്ടിയത്. 125 പേരെ മാറ്റിപ്പാർപ്പിച്ചു. മംഗലം, പോത്തുണ്ടി ഡാമുകൾ തുറന്നു. മലമ്പുഴ ഡാമിെൻറ ഷട്ടറുകൾ ബുധനാഴ്ച തുറക്കും. നഗരത്തിലെ ടിപ്പു സുൽത്താൻ കോട്ടയിലെ കിടങ്ങുകൾ വർഷങ്ങൾക്കുശേഷം നിറഞ്ഞു. മറ്റിടങ്ങളിൽ മഴ കനക്കുമ്പോഴും അട്ടപ്പാടി മേഖലയിൽ മഴ പെയ്തിട്ടില്ല. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം അടക്കുകയും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെ ഗതാഗതം നിരോധിച്ചു. പീച്ചിയിൽ ഷട്ടറുകൾ ഒന്നരയടിയോളം ഉയർത്തി. ഏറിയാട്, വാടാനപ്പള്ളി, ചേറ്റുവ തുടങ്ങിയ തീരമേഖലയിൽ കടൽ പ്രക്ഷുബ്ധമാണ്. കടലിൽ പോകരുതെന്ന് കലക്ടർ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരത്ത് നൂറോളം വീടുകളിൽ വെള്ളം കയറി. 19 വീടുകൾ തകർന്നു. പുത്തൻപാലം-വഞ്ചിയൂർ ഭാഗങ്ങളിൽ മാത്രം അമ്പതോളം വീടുകളിൽ വെള്ളം കയറി. ജില്ലയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 315 പേരാണ് ഇവിടങ്ങളിലുള്ളത്. ജലനിരപ്പുയർന്നതിനെ തുടർന്ന് നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകൾ തുറന്നുവിട്ടു. കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. വ്യാപക കൃഷിനാശവുമുണ്ടായി. കൊച്ചിയിൽ മീൻപിടിത്തത്തിനുശേഷം ചെല്ലാനം തീരത്തേക്ക് വരുകയായിരുന്ന വള്ളം തിരകളിൽപെട്ട് തകർന്നു. വള്ളത്തിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെയും രക്ഷപ്പെടുത്തി. കൊല്ലം ജില്ലയിൽ ഇരവിപുരം, കാക്കതോപ്പ്, ആലപ്പാട്, വാടി തീരങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. താന്നി മുതൽ മുണ്ടയ്ക്കൽ കളീക്കൽ കടപ്പുറംവരെ കൂറ്റൻ തിരമാലകൾ കരയിലേക്ക് കയറി. പരവൂർ-കൊല്ലം തീരദേശപാതയുടെ ഇരവിപുരം ഭാഗം പൂർണമായി തകർന്നനിലയിലാണ്.
കോട്ടയം ജില്ലയിൽ താഴ്ന്നപ്രദേശങ്ങൾ വീണ്ടും വെള്ളത്തിലായതോടെ പിരിച്ചുവിട്ട ദുരിതാശ്വാസ ക്യാമ്പുകൾ വീണ്ടും തുറന്നു. കോട്ടയം, ചങ്ങനാശ്ശേരി, മീനച്ചിൽ, വൈക്കം താലൂക്കിലാണ് കനത്ത നാശമുണ്ടായത്. കോട്ടയം, ചങ്ങനാശ്ശേരി താലൂക്കുകളിൽ ഇരുനൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നേരിയതോതിൽ ഉരുൾപൊട്ടിയെങ്കിലും അപകടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് റെയിൽപാളത്തിൽ വെള്ളം കയറിയതോടെ കോട്ടയം വഴി ട്രെയിൻ ഗതാഗതം തകരാറിലായി. പത്തനംതിട്ടയിൽ കനത്ത മഴയിൽ ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ സംഭരണിയിലെ കക്കി-ആനത്തോട് ഡാം നിറയുന്നു. ഇതോടെ അഞ്ചുവർഷത്തെ ഇടവേളക്കുശേഷം ഏതുസമയത്തും ഡാം തുറക്കുമെന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.