തൃശൂർ ജില്ലയിൽ കനത്ത മഴ; അണക്കെട്ടുകൾ തുറന്നു, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
text_fieldsതൃശൂർ: കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതോടെ പെരിങ്ങല്‍കുത്ത്, ഷോളയാര്‍, പറമ്പിക്കുളം ഡാമുകൾ തുറന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ ദിവസം മുതല്‍ കനത്ത മഴ ചെയ്തതിനെ തുടര്‍ന്നാണ് ഡാമുകള്‍ തുറന്നത്. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പരിയാരം, മേലൂര്‍, കുറ്റിക്കാട് പ്രദേശങ്ങളിലും ചാലക്കുടി നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും പുഴയില്‍ നിന്നും വെള്ളം കയറിതുടങ്ങി. ഈ പ്രദേശങ്ങളിലെ പുഴയോരവാസികളെ ഒഴിപ്പിച്ചു. പല സ്ഥലങ്ങളിലും ക്യാമ്പുകള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 6 മീറ്ററാണ് പുഴയില്‍ വെള്ളം ഉയര്‍ന്നിരിക്കുന്നത്. ഒരു മീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2018ലെ മഹാപ്രളയത്തില്‍ പുഴയില്‍ പത്തര മീറ്ററാണ് വെള്ളം ഉയര്‍ന്നത്. വെള്ളം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനെ തുടര്‍ന്ന് ചാലക്കുടിപുഴയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പമ്പിങ് നിര്‍ത്തിവച്ചിരിക്കുകയാണ്. ചാലക്കുടിയിലെ റെയിൽവേ അടിപ്പാത വെള്ളത്തിൽ മുങ്ങി.
അതിരപ്പള്ളിയിലും വാഴച്ചാലിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അന്തര്‍സംസ്ഥാന പാതയായ ആനമല റോഡില്‍ വെള്ളം കയറിയതോടെ അതിരപ്പിള്ളി ഭാഗത്തേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ജാഗ്രത നിര്‍ദേശം നൽകുന്ന അനൗണ്‍സ്‌മെന്‍റും നടത്തുന്നുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നു. ജില്ല കലക്ടർ ഹരിത വി. കുമാർ, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ ഐ.ജെ. മധുസൂദനൻ, തഹസിൽദാർ ഇ.എൻ. രാജു എന്നിവർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.
ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷണൽ ഓഫീസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു. ചാലക്കുടിയിൽ അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പർ- 0480 2705800, 8848357472.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.