കനത്ത മഴ: സംസ്ഥാനത്ത് മരണം ആറായി; രണ്ടു പേരെ കാണാതായി
text_fieldsതിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ സംസ്ഥാനത്ത് മരണം ആറായി. രണ്ടു പേരെ കാണാതായി. അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനു നിവാസിൽ അശോകൻ (56) കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബുധനൂരിൽ കാൽവഴുതി തോട്ടിൽ വീണ വയോധിക മരിച്ചു. ബുധനൂർ കടമ്പൂർ ഒന്നാം വാർഡിൽ ചന്ദ്ര വിലാസത്തിൽ പരേതനായ രാഘവന്റെ ഭാര്യ പൊടിയമ്മയാണ് (80) മരിച്ചത്.
ഞായറാഴ്ച രാത്രി 7.30ഓടെയാണ് അപകടം സംഭവിച്ചത്. തോടിനുമുകളിലെ സ്ലാബിൽ ചവിട്ടിയപ്പോൾ കാൽവഴുതി വെള്ളത്തിൽ വീഴുകയായിരുന്നു.
അതേസമയം, കോട്ടയം മുണ്ടക്കയത്ത് മണിമലയാറ്റിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. കല്ലേപ്പാലം കളപ്പുരയ്ക്കൽ തിലകനെ (46) മണിമലയാറ്റിൽ കാണാതായി.
നാലു ജില്ലകളിൽ മഴക്ക് സാധ്യത
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്.
കടലിൽ പോകരുത്
ശക്തമായ കാറ്റും മോശം കാലാവസ്ഥയെയും തുടർന്ന് തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം ജില്ലകൾ ഓറഞ്ച് അലർട്ടിലും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകൾ യെല്ലോ അലർട്ടിലുമാണ്.
കനത്ത മഴയെ തുടർന്ന് വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്ര നിരോധിച്ചു. ഈരാറ്റുപേട്ട-വാഗമൺ റോഡ് തീക്കോയി കല്ലംഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.