പെട്രോളിനും ഡീസലിനും വൻ വിലക്കുറവ്; മാഹിയിലെ പമ്പുകളിൽ തിരക്കോടെ തിരക്ക്
text_fieldsമാഹി: ഇന്ധന വില കേരളത്തേക്കാൾ കുറഞ്ഞതോടെ, കേന്ദ്രഭരണ പ്രദേശമായ മാഹിയില്‍ ഉപഭോക്താക്കളുടെ വൻതിരക്ക്. പെട്രോളിനു ലിറ്ററിനു 93.78 രൂപയും ഡീസലിനു 83.70 രൂപയുമാണ് മാഹിയിലെ പുതിയ നിരക്ക്. വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിനുപുറമെ ബാരലിലും നിറച്ചാണ് വാഹനങ്ങൾ തിരിച്ചുപോകുന്നത്. കണ്ണൂര്‍ ജില്ലയില്‍ പെട്രോളിന് 106.06 രൂപയും ഡീസലിന് 95 രൂപയുമാണ്. കേരളത്തിനേക്കാള്‍ പെട്രോളിന് ലിറ്ററിന് 12.28 രൂപയുടെയും ഡീസലിന് 11.30 രൂപയുടെയും കുറവാണ് മാഹിയിലുള്ളത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന മാഹിയില്‍ ഇന്ധനത്തിനായി എത്തുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ആളുകള്‍ ജോലി കഴിഞ്ഞുമടങ്ങുന്ന സമയങ്ങളില്‍ വാഹനങ്ങളുടെ നീണ്ടനിര മാഹി മേഖലയിലുള്ള പമ്പുകളിലുണ്ടാകും. ദേശീയപാതയിലൂടെ പോകുന്ന വലിയ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ മാഹിയില്‍നിന്നാണ് ഇന്ധനം നിറക്കുന്നത്. ഇതുമൂലം മിക്ക സമയങ്ങളിലും ഗതാഗതക്കുരുക്കും നേരിടുന്നു. ഇടുങ്ങിയ റോഡുകളുള്ള കോപ്പാലത്ത് നിരന്തരം ഗതാഗത തടസ്സമാണ്. ദേശീയപാതയിൽ ചിലപ്പോൾ പരിമഠം മുതൽ അഴിയൂർ വരെയും ഗതാഗതതടസ്സം രൂക്ഷമാവാറുണ്ട്. കേരളത്തില്‍ വില കൂടിയപ്പോള്‍ മാഹിയിലെ മിക്ക പമ്പുകളിലും വൈകീട്ടാവുന്നതോടെ സ്റ്റോക്ക് തീരുന്ന കാഴ്ചയാണ്.
മാഹി മേഖലയിൽ മാത്രം 16 പമ്പുകളാണുള്ളത്. ഇവിടെ 300ഓളം ജീവനക്കാരുണ്ട്. മുമ്പുണ്ടായിരുന്ന വേതനം തന്നെയാണ് ഇരട്ടി വാഹനങ്ങൾ ഇന്ധനം നിറക്കാൻ എത്തുന്ന ഇപ്പോഴും തങ്ങൾക്ക് ലഭിക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.