ട്രെയിനിൽ നിന്ന് കാലുകഴച്ചു; അൺ റിസർവ്ഡ് കോച്ചുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
text_fieldsകോട്ടയം: കോവിഡാനന്തരം ട്രെയിനുകളിൽ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചതും അൺ റിസർവ്ഡ് കോച്ചുകൾ കൂടുതൽ അനുവദിക്കാത്തതും നിത്യയാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി.
കാലുകുത്താൻ ഇടമില്ലാതെ സ്ഥിതിയാണ് അൺ റിസർവ്ഡ് കമ്പാർട്ട്മെൻറുകളിൽ. വഞ്ചിനാട്, വേണാട്, ഇൻറർസിറ്റി എക്സ്പ്രസുകളിൽ കടുത്ത ദുരിതമാണ് നിത്യയാത്രികർക്ക്.
മണിക്കൂറുകൾ നിന്ന് യാത്ര ചെയ്താണ് ഓഫിസിൽ എത്തുന്നത്. പുലർച്ച എറണാകുളത്തുനിന്നുള്ള വഞ്ചിനാട് കോട്ടയം എത്തുമ്പോഴേ സീറ്റുകൾ നിറഞ്ഞിരിക്കും. ചവിട്ടുപടിയിലും ശൗചാലയങ്ങളുടെ ഇടനാഴിയിലും മൂന്നര മണിക്കൂറിലധികം നിന്നുതിരിയാൻ പോലും കഴിയാതെ കഷ്ടപ്പെടുകയാണ് യാത്രക്കാർ.
കോവിഡിന് മുമ്പ് സർവിസ് നടത്തിയിരുന്ന മെമു, പാസഞ്ചർ ട്രെയിനുകൾ ഓടിക്കാത്തതും മലബാർ, മാവേലി, ശബരിപോലെ ഓഫിസ് സമയം പാലിക്കുന്ന ട്രെയിനുകളിൽ അൺ റിസർവ്ഡ് കോച്ചുകൾ അനുവദിക്കാത്തതുമാണ് അൺ റിസർവ്ഡ് ട്രെയിനുകളിൽ തിരക്ക് വർധിക്കാൻ കാരണം.
100 ശതമാനം ജനറൽ േകാച്ചുകളായി സർവിസ് നടത്തിയിരുന്ന മംഗളൂരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിൽ ഇപ്പോൾ ഒരു കോച്ചുപോലും അൺ റിസർവ്ഡ് അനുവദിച്ചിട്ടില്ല.
സമയം ശരിയായില്ല
എറണാകുളം, കോട്ടയം ഭാഗത്തുനിന്ന് കൊല്ലം ജില്ലയിൽ ജോലിക്കെത്തുന്ന സ്ഥിരം യാത്രികർക്ക് അതിരാവിലെ 5.30ന് പാസഞ്ചർ െട്രയിനും 6.25നു വഞ്ചിനാടും പോയിക്കഴിഞ്ഞാൽ പിന്നെയുള്ള ആശ്രയം എട്ടു മണിയോടെ കോട്ടയത്തും രാവിലെ 10ഓടെ കൊല്ലത്തും എത്തേണ്ട ചെന്നൈ മെയിൽ മാത്രമാണ്. ഈ വണ്ടി മിക്കവാറും വൈകി ഓടുന്നതിനാൽ കൊല്ലത്ത് കൃത്യസമയത്ത് ഓഫിസിലെത്താൻ ആർക്കും കഴിയാറില്ല.
എല്ലാ മേഖലയിലും ഓഫിസുകളുടെ പ്രവർത്തനം പൂർവ സ്ഥിതിയിലാവുകയും സർക്കാർ ജീവനക്കാർക്ക് പഞ്ചിങ് പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് ഏറെ പ്രയോജനകരമായിരുന്ന കൊല്ലം ഭാഗത്തേക്കുള്ള മെമു സർവിസ് പഴയ സമയത്തുതന്നെ ഓടുന്ന രീതിയിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സ്ഥിരം യാത്രക്കാർ റെയിൽവേ ഡിവിഷനൽ മാനേജർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ടിക്കറ്റ് റിസർവ് ചെയ്ത് പോകുന്ന സമയത്ത് വേണാട് എക്സ്പ്രസ് കൃത്യസമയത്ത് എത്തിയിരുന്നു. ടിക്കറ്റ് പരിശോധകരും എത്തിയിരുന്നു. എന്നാൽ, അൺറിസർവ്ഡ് ആക്കിയപ്പോൾ വൈകി ഓടാൻ തുടങ്ങിയെന്ന് യാത്രക്കാർ പറയുന്നു. രാവിലെ ഒമ്പതിനുമുമ്പ് പിറവം സ്റ്റേഷനിൽ വരാറുള്ള വേണാട് ഇപ്പോൾ വരുന്നത് 9.20 നും 9.30 നും ഒക്കെ ആണ്. എറണാകുളം സൗത്ത് സ്റ്റേഷനിൽ കൃത്യസമയത്ത് എത്തുകയും ചെയ്യും. ഇതുമൂലം ഒമ്പതുമണിക്ക് ജോലിക്ക് കയറുന്നവർക്ക് ബുദ്ധിമുട്ടാണ്.
ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കി
കോവിഡിനെ മറയാക്കി യാത്രക്കാരുടെ ആനുകൂല്യങ്ങൾ ഒന്നൊന്നായി റെയിൽവേ വെട്ടിച്ചുരുക്കി. മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ പൂർണമായി റദ്ദാക്കി. സീസൺ യാത്രകൾ പേരിലൊതുക്കി. പാസഞ്ചർ സർവിസുകൾ നാലിലൊന്നായി. പാസഞ്ചർ നിരക്കുകൾ ഒഴിവാക്കി പകരം എക്സ്പ്രസ് നിരക്കുകൾ കർശനമാക്കി. ഓഫിസ് സമയങ്ങൾ ഒഴിവാക്കി പുതിയ സമയപരിഷ്കരണം നടപ്പാക്കി.
സാധാരണക്കാരൻ ഏറെ ആശ്രയിച്ചിരുന്ന സെക്കൻഡ് സിറ്റിങ്ങിൽ റിസർവേഷൻ നിലനിർത്താൻതന്നെയാണ് റെയിൽവേയുടെ തീരുമാനം. സ്ഥിരയാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളെ അശാസ്ത്രീയമായി പിടിച്ചിട്ട് ചരക്കുവണ്ടികളെയും പ്രതിവാര എക്സ്പ്രസുകളെയും കടത്തിവിടുന്നത് പതിവ് സംഭവമാണ്.
ലോക്കോ പൈലറ്റിെൻറ അഭാവമാണ് പാസഞ്ചർ സർവിസുകൾ വൈകാൻ കാരണമെന്ന് റെയിൽവേ ചൂണ്ടിക്കാട്ടുന്നു. ഒഴിവുകൾ നികത്താൻ റെയിൽവേയുടെ ശ്രമവും നടക്കുന്നില്ല. യാത്രക്കാരുടെ ബുദ്ധിമുട്ട് റെയിൽവേ മനഃപൂർവം കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസിെൻറ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.