ആറാട്ടുപുഴയിൽ തീരം വിഴുങ്ങി തിര; ഏഴ് വീടുകൾ പൂർണമായും അമ്പതെണ്ണം ഭാഗികമായും തകർന്നു
text_fieldsആറാട്ടുപുഴ: ഭീകര തിരമാല തീരത്തെ വിഴുങ്ങുകയാണ്. നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത കടൽക്ഷോഭ ദുരിതങ്ങളാണ് രണ്ടുദിവസമായി ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്ത് നിവാസികൾ പേറുന്നത്. പലർക്കും ഇത് അപ്രതീക്ഷിത അനുഭവമായിരുന്നു. വലിയൊരു ദുരന്തത്തിെൻറ നടുവിലാണ് ഇവിടത്തെ ജനങ്ങളിൽ ഭൂരിഭാഗവും. ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ആർത്തിരമ്പിയെത്തുന്ന തിരമാല കിടപ്പാടം ഒഴുക്കിക്കൊണ്ട് പോകുമോയെന്ന ഭീതിയിലാണ് തീരവാസികൾ. മൂന്ന് പതിറ്റാണ്ടുമുമ്പ് സമാനമായൊരു കടലാക്രമണം ഉണ്ടായെങ്കിലും അതിനേക്കാൾ ഭീകരമാണ് ഇപ്പോഴത്തേതെന്ന് ഇവർ പറയുന്നു.
ശനിയാഴ്ച കടലാക്രമണം തുടങ്ങിയെങ്കിലും ആറാട്ടുപുഴയുടെ തെക്കൻ ഭാഗങ്ങളിൽ മാത്രമായിരുന്നു നാശം വിതച്ചത്. എന്നാൽ, ഞായറാഴ്ച എേട്ടാടെ ആരംഭിച്ച കടൽക്ഷോഭത്തിൽ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ ഭൂരിഭാഗം സ്ഥലങ്ങളെയും തിരമാല വിഴുങ്ങി. നാളിതുവരെ കടൽക്ഷോഭത്തിെൻറ ദുരിതം അനുഭവിച്ചിട്ടില്ലാത്ത കടലിൽനിന്ന് അര കിലോമീറ്ററിലധികം ദൂരത്തിൽ താമസിക്കുന്നവരും അല്ലാത്തവരുമായ ആളുകൾക്ക് വരെ ദുരിതം പേറേണ്ടിവന്നു.
തിരമാലയിൽപെട്ട് വഴിയാത്രികരും ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരും ഒലിച്ചുപോയി. പെരുമ്പള്ളിയിൽ തീരദേശ റോഡ് ഏതുനിമിഷവും മുറിഞ്ഞ് പൊഴി രൂപപ്പെടാനുള്ള അപകടാവസ്ഥയുണ്ട്. ഏഴ് വീടുകൾ പൂർണമായും അമ്പതോളം വീടുകൾ ഭാഗികമായും നശിച്ചു. നിരവധി കടകളെയും തൊഴിലിടങ്ങളെയും തിര വിഴുങ്ങി. കോവിഡ് ഭീഷണിമൂലം ദുരിതശ്വാസ ക്യാമ്പുകൾ തുറന്നിട്ടില്ല. ഭക്ഷണം വെക്കാൻ പോലുമാകാതെ നൂറുകണക്കിന് പേർ പട്ടിണിയിലായി.
കഷ്ടപ്പാട് വൃഥാവിലാക്കി വീണ്ടും ചളിവെള്ളം
ഞായറാഴ്ചയുണ്ടായ കടലാക്രമണത്തിൽ തീരത്തെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. രാത്രിയോടെ കടൽ അൽപമൊന്ന് ശമിച്ചപ്പോൾ മോട്ടോർ വെച്ച് കെട്ടിനിൽക്കുന്ന വെള്ളം കടലിലേക്ക് തന്നെ പമ്പ് ചെയ്ത് കളഞ്ഞ് രാത്രി മുഴുവൻ കഷ്ടപ്പെട്ട് ചളിയെല്ലാം നീക്കി വീടും പരിസരവും വൃത്തിയാക്കിയവർക്ക് തിങ്കളാഴ്ചയുണ്ടായ കടലാക്രമണം കനത്ത ആഘാതമായി.
അടുപ്പിച്ച് രണ്ട് ദിവസം ഭീകരമായ രീതിയിൽ കടൽ ക്ഷോഭം ഉണ്ടാകില്ലെന്ന് കണക്കുകൂട്ടിയാണ് ഈ പണികളെല്ലാം ചെയ്തത്. വീട്ടിലും പരിസരത്തും വീണ്ടും ചളിയും വെള്ളവും നിറഞ്ഞതോടെ ആഹാരം വെക്കാൻ പോലും കഴിയാതെ വീട്ടുകാർ പട്ടിണിയിലായിരുന്നു.
രക്ഷയായത് പുലിമുട്ട്
തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ തുടരുന്ന കടലിെൻറ സംഹാര താണ്ഡവത്തിൽ ഭൂരിഭാഗം പ്രദേശങ്ങളും പെട്ടുപോയപ്പോൾ പിടിച്ചുനിന്നത് കുറഞ്ഞ പ്രദേശങ്ങൾ മാത്രം. ഇവർക്ക് രക്ഷയായത് പുലിമുട്ട്. പുലിമുട്ടുള്ള പ്രദേശങ്ങളിൽ കടലാക്രമണം കാര്യമായി ബാധിച്ചില്ല. പുലിമുട്ടില്ലാത്ത ആറാട്ടുപുഴ പഞ്ചായത്തിലെ വട്ടച്ചാൽ, രാമഞ്ചേരി, നല്ലാണിക്കൽ, ആറാട്ടുപുഴ ബസ്സ്റ്റാൻഡ്, കാർത്തിക ജങ്ഷൻ, പത്തിശ്ശേരിൽ, മംഗലം, കുറിച്ചിക്കൽ എന്നിവിടങ്ങളിലായിരുന്നു കടൽ ദുരിതം തീർത്തത്.
പുലിമുട്ടുള്ള തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മതുക്കൽ, മൂത്തേരിൽ പാനൂർ പുത്തൻപുര തുടങ്ങിയ സ്ഥലങ്ങളിൽ കാര്യമായ നാശം സംഭവിക്കാതിരുന്നപ്പോൾ പുലിമുട്ടുകൾ ഇല്ലാത്ത ചേലക്കാട് മുതൽ പാനൂർ പള്ളിമുക്ക് വരെയും കടൽ കനത്തനാശമാണ് വിതച്ചത്. തീരസംരക്ഷണത്തിന് പുലിമുട്ടോടുകൂടിയ കടൽഭിത്തി നിർമിക്കണമെന്ന് തീരവാസികൾ കാലങ്ങളായി ആവശ്യപ്പെടുന്നു.
മാവേലി സ്റ്റോറിൽ വെള്ളം കയറി
ആറാട്ടുപുഴ മാവേലി സ്റ്റോറിൽ വെള്ളം കയറി സാധനങ്ങൾ നശിച്ചു. ആറാട്ടുപുഴ ഇ.സി പള്ളിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിലാണ് കടൽ വെള്ളം പലചരക്ക് സാധനങ്ങൾ ഉപയോഗശൂന്യമായത്. അടച്ചിട്ട ഷട്ടറിെൻറ അടിയിലൂടെയാണ് വെള്ളം കടക്കുള്ളിൽ പ്രവേശിച്ചത്.
പെരുമ്പള്ളിയിൽ തീരദേശ റോഡ് തകർന്നു
അപകടകരമായ സ്ഥിതിവിശേഷമാണ് പെരുമ്പള്ളിയിലേത്. വലിയഴീക്കൽ-തൃക്കുന്നപ്പുഴ തീരദേശ റോഡ് ഇവിടെ പൂർണമായും തകർന്നു. ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ ഗതാഗതം പൂർണമായും മുടങ്ങി. ഇവിടെ കടലും കായലും തമ്മിലുള്ള അകലം 40 മീറ്ററിൽ താഴെയാണ്. കടലാക്രമണം തുടർന്നാൽ കടലും കായലും ഒന്നിച്ച് ഈ പ്രദേശം പൊഴിയായി മാറാനുള്ള സാധ്യത ഏറെയാണ്.
ഇത് വഴി ഗതാഗതം മുടങ്ങിയതോടെ ആറാട്ടുപുഴയുടെ വടക്ക് ഭാഗത്തുള്ളവർക്ക് കായംകുളത്ത് എത്താൻ 10 കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരും.
കടൽകയറ്റവും കോവിഡും; തീരം ദുരന്തമുഖത്ത്
പല്ലന: കോവിഡ് സമൂഹവ്യാപനത്തിനൊപ്പം കടൽ കയറ്റ ഭീഷണികൂടി ആയപ്പോൾ വിറങ്ങലിച്ചു നിൽക്കുകയാണ് ജില്ലയുടെ തീരപ്രദേശം. ആറാട്ടുപുഴ, പതിയാങ്കര, തൃക്കുന്നപ്പുഴ തീരങ്ങളിൽ കോവിഡ് സമൂഹവ്യാപനം കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് പ്രദേശം മുഴുവൻ കണ്ടെയ്ൻമെൻറ് സോൺ ആക്കിയിരുന്നു. കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച മൂന്നുപേർ 90ലധികം പേരുമായാണ് പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ളത്. ഇത് സ്ഥിതി കൂടുതൽ ആശങ്കയുണ്ടാക്കുന്നു.
തീരങ്ങളിൽ കോവിഡ് വ്യാപന ഭീഷണി ഗുരുതരമായിട്ടും പരിശോധന വേണ്ട അളവിൽ നടക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. ജില്ലയിൽ ആകെ 200നും 300നും ഇടയിൽ മാത്രമാണ് ഒരു ദിവസം സ്രവപരിശോധന നടക്കുന്നത്. സ്രവപരിശോധനഫലം വൈകുന്നതും അവസ്ഥ കൂടുതൽ ഗുരുതരമാക്കുന്നു. ഫലം വൈകുന്നതിനാൽ ക്വാറൻറീനിൽ കഴിയുന്ന പലരും പുറത്തിറങ്ങി നടക്കുന്ന അവസ്ഥയും ഉണ്ട്. തൃക്കുന്നപ്പുഴ പഞ്ചായത്ത് വാർഡ് 16ൽ രോഗം സ്ഥിരീകരിച്ച് രണ്ടുദിവസം കഴിഞ്ഞാണ് കണ്ടെയ്ൻമെൻറ് സോണായി കലക്ടർ പ്രഖ്യാപിച്ചത്.
ഈ മേഖലയിൽ തന്നെയാണ് കടൽകയറ്റവും രൂക്ഷമായിരിക്കുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്ത് 12, 13 വാർഡുകളിൽ രൂക്ഷമായ കടൽകയറ്റമാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. തീരദേശ റോഡ് മുഴുവൻ തകർന്നു. വീടുകളിൽ മുഴുവൻ വെള്ളം കയറി. പല വീടുകളും തകർച്ചയുടെ വക്കിലാണ്. കോവിഡ് സമൂഹ വ്യാപനവും കടൽകയറ്റവുംകൂടി ആയപ്പോൾ താങ്ങാനാവാത്ത പ്രയാസത്തിലാണ് ഓരോ തീരദേശ കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.