ഡ്രോണിൽ പണിപാളി നിയമലംഘകർ
text_fieldsപൊന്നാനി: മണൽകടത്തിനിടെ ഡ്രോൺ എത്തിയപ്പോൾ കണ്ണുപൊത്തിക്കളി. ആൾക്കൂട്ടത്തിലേക്ക് കാമറ പറന്നിറങ്ങിയപ്പോൾ കണ്ടത് മീൻ വിൽപനയും ഇറച്ചി കച്ചവടവും. ലോക്ഡൗൺ മേഖലയിലെ ഹെലി കാം ഓപറേഷനിൽ നിരവധിപേർ കുടുങ്ങി. മൂന്നുപേർക്കെതിരെ കേസെടുത്തു. കോവിഡ് തീവ്ര മേഖലയായ പൊന്നാനിയിൽ അപ്രതീക്ഷിതമായി ആകാശ നിരീക്ഷണ കാമറ പറന്നിറങ്ങിയപ്പോൾ നിയമം ലംഘിച്ചവർ ശരിക്കും പെട്ടു.
ആദ്യം ഡ്രോൺ പറന്നത് പൊന്നാനി ലൈറ്റ് ഹൗസിന് സമീപമായിരുന്നു. കൂട്ടം കൂടി നിൽക്കുന്നവരും പുറത്തിറങ്ങിയവരും കാമറ കണ്ടതോടെ മുഖം പൊത്തി വീട്ടിലേക്ക് ഓടിക്കയറി. പിന്നീട് നഗരത്തിെൻറ വിവിധയിടങ്ങളിലായിരുന്നു കാമറയുടെ പ്രവർത്തനം. പതിവില്ലാത്ത ആൾക്കൂട്ടം കണ്ടതോടെ നിരീക്ഷണ കാമറ താഴ്ന്ന് പറന്നപ്പോൾ കണ്ടത് അനധികൃത മത്സ്യ, മാംസ വിൽപന. ഇക്കാര്യം ശ്രദ്ധയിൽപട്ടതോടെ നിമിഷങ്ങൾക്കകം പൊലീസെത്തി 45 കിലോ മത്സ്യവും ഒരു ക്വിൻറൽ ബീഫും കൈയോടെ പൊക്കി. വിൽപനക്കാർക്കെതിരെ കേസെടുക്കുകയും ചെയ്തു.
തുടർന്നാണ് ഭാരതപ്പുഴയിലേക്ക് ആകാശ നിരീക്ഷണ കാമറയെത്തിയത്. കാമറ പ്രവർത്തന മറിയാതെ ചിലർ പുഴയിൽനിന്ന് തകൃതിയായി മണൽ വാരുകയായിരുന്നു അപ്പോൾ. ഡ്രോൺ എത്തിയെന്ന് മനസ്സിലായതോടെ എൻജിൻ സ്റ്റാർട്ട് ചെയ്ത് വഞ്ചി കുതിച്ചു പാഞ്ഞു. വഞ്ചിയേക്കാൾ വേഗതയിൽ ഡ്രോണും പറന്നു. ഡ്രോൺ താഴ്ന്ന് വരുന്നത് മനസ്സിലാക്കിയ മണൽ തൊഴിലാളികൾ പിന്നെ കാമറയിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലായി. എന്നാൽ, ഇവരുടെ മുഖങ്ങൾ കൃത്യമായി പതിഞ്ഞതോടെ ഡ്രോൺ തിരിച്ചു പറന്നു. ഇവർക്കെതിരെയും കേസെടുക്കുമെന്നും സി.ഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.