ഹെലികോപ്റ്റർ അപകടം: രക്ഷിച്ച ബിജിയുടെ വീട്ടിലെത്തി നന്ദി പറഞ്ഞ് എം.എ യൂസഫലി
text_fieldsപനങ്ങാട്: ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അത്ഭുതരമായി രക്ഷപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നന്ദി പറയാൻ കുമ്പളം സ്വദേശി എ.വി ബിജിയുടെ വീട്ടിലെത്തി. ഉച്ചയോടെയാണ് പനങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഒാഫീസർ കൂടിയായ ബിജിയുടെ കുമ്പളത്തെ വീട്ടിൽ നേരിട്ടെത്തി നന്ദി പറഞ്ഞത്.
ബിജിയുടെ വീട്ടിലെ സന്ദർശനത്തിന് പിന്നാലെ ഹെലികോപ്റ്റർ ഇടിച്ചിറക്കിയ സ്ഥലത്തിന്‍റെ ഉടമയും നെട്ടൂർ സ്വദേശിയുമായ പീറ്റർ ഏലിയാസ് നികോളാസിന്‍റെ വീട്ടിലും യൂസഫലി എത്തി. പീറ്റർ ഏലിയാസിനോടും കുടുംബത്തോടും നന്ദി പറയുകയും വിശേഷങ്ങൾ തിരക്കുകയും ചെയ്ത യൂസഫലി, കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.
നന്ദി പറയാനാണ് എത്തിയതെന്ന് യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. ലോക് ഷോർ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ദൈവമാണ് രക്ഷിച്ചത്. അപകടം നടന്നപ്പോൾ മഴയത്ത് കുടയുമായെത്തി സഹായിച്ചത് തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥനാണ്. എല്ലാവരും ചേർന്നാണ് ഹെലികോപ്റ്ററിൽ നിന്ന് താഴെയിറക്കിയത്. ആശുപത്രിയിലേക്ക് പോകുന്നതു വരെ ഈ വീട്ടിലാണ് കഴിഞ്ഞത്.
ഇവരെ കാണാൻ എത്തുമെന്ന് നേരത്തെ പറഞ്ഞതാണ്. എന്നാൽ, പല കാരണം കൊണ്ട് കഴിഞ്ഞില്ല. അപകടത്തെ തുടർന്ന് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. നാലു മാസം വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയക്കും വിശ്രമത്തിനും ശേഷം ഇപ്പോൾ നടക്കാൻ തുടങ്ങി. എല്ലാവരും നൽകിയ മനുഷ്യത്വപരമായ സ്നേഹത്തിന് നന്ദി പറയുന്നു. ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും എനിക്ക് മറക്കാൻ സാധിക്കില്ല -യൂസഫലി പറഞ്ഞു.
വീട്ടിലെത്തിയ യൂസഫലിയെ ബിജിയും ഭർത്താവ് രാജേഷ് ഖന്നയും ചേർന്ന് സ്വീകരിച്ചു. കുടുംബാംഗങ്ങളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ യൂസഫലി സമ്മാനങ്ങൾ നൽകുകയും ചെയ്തു. ബിജിക്കും കുടുംബത്തിനുമൊപ്പം അൽപ സമയം ചെലവഴിച്ച ശേഷമാണ് യൂസഫലി മടങ്ങിയത്. യൂസഫിയുടെ സന്ദർശനത്തിൽ സന്തോഷമുണ്ടെന്ന് ബിജിയും രാജേഷ് ഖന്നും മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ഏപ്രില്‍ 11നാണ് യൂസഫലിയും ഭാര്യയും ജീവനക്കാരും സഞ്ചരിച്ച ഹെലികോപ്റ്റര്‍ യന്ത്രതകരാറിനെ തുടർന്ന് എറണാകുളം പനങ്ങാടുള്ള ചതുപ്പുനിലത്തിൽ ഇടിച്ചിറക്കിയത്. കടവന്ത്രയിലെ വീട്ടിൽ നിന്ന് ലേക് ഷോയർ ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കാൻ പോകവെയായിരുന്നു അപകടം. അപകടസമയത്ത് യൂസഫലിയും ഭാര്യയും ജീവനക്കാരും അടക്കം ആറു പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
പനങ്ങാട് ഫിഷറീസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ലാൻഡിങ്ങിന് നിമിഷങ്ങൾ മാത്രം ഉള്ളപ്പോഴാണ് ഹെലികോപ്ടറിന് തകരാറുണ്ടായത്. പ്രധാനഭാഗം ചതുപ്പിൽ മുങ്ങിയ കോപ്റ്ററിൽ നിന്ന് യൂസഫലിയെയും ഭാര്യയെയും വിൻഡോ ഗ്ലാസ് നീക്കിയാണ് പൈലറ്റ് പുറത്തിറക്കിയത്.
തുടർന്ന് ബിജിയും ഭർത്താവ് രാജേഷ് ഖന്നയും ചേർന്ന് വീട്ടിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് സമീപത്തെ പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി ബിജി വിവരമറിയിക്കുകയും ജീപ്പ് എത്തിച്ച് യൂസഫലിയെയും കുടുംബത്തെയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് കാണിച്ച ധീരതക്ക് വനിത പൊലീസ് ഒാഫീസറായ ബിജിക്ക് ഡി.ജി.പിയുടെ പ്രശംസാപത്രവും പാരിതോഷികവും നല്‍കി കേരള പൊലീസ് ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.