ഒാഖി: ഹെലികോപ്റ്ററിലെത്തിയത് കേന്ദ്രസംഘത്തെ കാണാൻ- മുഖ്യമന്ത്രി
text_fieldsഇടുക്കി: ഒാഖി ദുരന്തം പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തെ കാണാനാണ് ഹെലികോപ്റ്ററിൽ യാത്ര ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹെലികോപ്ടറിൽ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറിൽ യാത്രചെയ്താലും ചെലവുവഹിക്കുന്നത് സർക്കാറാണ്. എന്നാൽ, ഏതു കണക്കിൽനിന്നാണ് ഇതെന്ന് ഒരു മന്ത്രിയും അന്വേഷിക്കാറില്ല. താൻ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലർ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘത്തെ കാണാനാണ് പോയത്. അവരെ കണ്ടില്ലെങ്കിൽ അതാവും പിന്നീട് ആക്ഷേപം. സി.പി.എം ഇടുക്കി ജില്ല സമ്മേളനസമാപനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മുൻ മുഖ്യമന്ത്രിയും ഇത്തരത്തിൽ ഇടുക്കിയിലേക്ക് യാത്രനടത്തിയിരുന്നു. സുഹൃത്തുക്കൾ ഇക്കാര്യവും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. താൻ ഹെലികോപ്ടറില്‍ യാത്ര ചെയ്തതിൽ വിവാദത്തിെൻറ ആവശ്യമില്ല. സാധാരണ നടക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. ഇനിയും ഇത്തരം യാത്രകൾ വേണ്ടിവരും. തനിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്ടറിെൻറ വാടകനൽകുന്നത് ദുരിതാശ്വാസ ഫണ്ടിൽനിന്നാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാൽ, അറിഞ്ഞില്ലെന്നുപറഞ്ഞ് ഒഴിയാൻ കഴിയുന്ന പദവിയിലല്ലല്ലോ താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂരിലെ സി.പി.എം സമ്മേളനവേദിയിൽനിന്ന് ഓഖി സംഘത്തെ കാണാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി സ്വകാര്യ ഹെലികോപ്ടറിൽ യാത്രചെയ്തത്. തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രക്ക് എട്ടു ലക്ഷം രൂപയാണ് ചെലവായത്. ഇൗ തുക ഓഖി ദുരിതാശ്വാസനിധിയിൽനിന്ന് എടുത്തതാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.