അവസരം മുതലാക്കി കച്ചവടം, ഹെൽമറ്റിന് കൂട്ടിയത് 200 രൂപ വരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയതോടെ അവസരം മുതലാക്കാൻ ഹെൽമറ്റിന് വിലകൂട്ടി കച്ചവടക്കാർ. മൂന്ന് ദിവസത്തിനുള്ളിൽ 100 മുതൽ 200 വരെയാണ് വിലവർധന. അതേസമയം, ഹെൽമറ്റ് നിർമാണ കമ്പനികളൊന്നും വില കൂട്ടിയിട്ടുമില്ല. ഫരീദാബാദ്, ബെൽഗാവ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ബ്രാൻഡ് മൂല്യമുള്ള ഹെൽമറ്റുകൾ കേരളത്തിേലക്കെത്തുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്ന് മാസം മുമ്പുതന്നെ പിൻസീറ്റ് ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നതിനാൽ നേരത്തേതന്നെ കമ്പനികൾ ഉൽപാദനം വർധിപ്പിച്ചിരുന്നു. ഇൗ ഘട്ടങ്ങളിലൊന്നും കമ്പനികൾ വില കൂട്ടിയിരുന്നില്ല.
ഹെൽമറ്റ് നിർമാതാക്കൾ വില വർധിപ്പിക്കാത്ത സാഹചര്യത്തിൽ അധികമായി വാങ്ങുന്ന തുക കച്ചവടക്കാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. 799 രൂപ മുതൽ 27,000 രൂപ വരെ വിലയുള്ള ഹെൽമറ്റുകൾ വിപണിയിലുണ്ട്.
എന്നാൽ, പിൻസീറ്റ് യാത്രക്കാർക്കടക്കം ഹെൽമറ്റ് കർശനമാക്കിയത് കണക്കിലെടുത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് ഗുണന്മേയില്ലാത്ത ഹെൽമറ്റുകൾ വഴിയോരങ്ങളിലടക്കം വിൽപനക്ക് എത്തുന്നു. തമിഴ്നാട്ടിൽ കുടിൽ വ്യവസായമായി നിർമിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.
ഗ്രാഫിക്സ്, കാർട്ടൂൺ ഹെൽമറ്റുകൾ പലവിധം
വിവിധ പ്രായത്തിലുള്ളവർക്കായി വ്യത്യസ്തതകളുമായാണ് ഹെൽമറ്റുകൾ വിപണിയിലുള്ളത്. പിൻസീറ്റിലായതിൽ ഫാഷൻ സങ്കൽപ്പത്തിലേക്ക് വരെ നീളുകയാണ് രൂപകൽപ്പന. സാധാരണ കറുപ്പ്, വെളുപ്പ് എന്നീ അടിസ്ഥാന നിറങ്ങളിലാണ് ഹെൽമറ്റുകൾ അധികവും. ഇതിന് പുറമേ യുവാക്കളെ ആകർഷിക്കുന്നതിന് പിങ്ക്, മിൻറ്, പർപ്പിൾ, മഞ്ഞ, ചുവപ്പ് തുടങ്ങിയ നിറങ്ങളിലും ഹെൽമറ്റുകൾ ധാരാളമായി എത്തുന്നുണ്ട്. 4000-5000 രൂപ വിലയുള്ള ഗ്രാഫിക്സ് പതിപ്പിച്ചവയാണ് യുവാക്കൾ അധികവും തെരഞ്ഞെടുക്കുന്നത്. 1000-1500 രൂപ വിലവരുന്ന ഹെൽമറ്റുകേളാടാണ് മുതിർന്നവർക്ക് പ്രിയം.
നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായതിനാൽ ഇവരെ ആകർഷിക്കുന്നതിന് കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ച കുട്ടിഹെൽമറ്റുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. സ്കൂൾ ബാഗുകളിൽ കണ്ടിരുന്ന ചോട്ടാബീം, സ്പൈഡർമാൻ, ബെൻടെൻ, ഡോറ എന്നീ കഥാപാത്രങ്ങളെല്ലാം ഹെൽമറ്റുകളിലേക്ക് കുടിയേറി. വലിയ ആവശ്യകതയാണ് കുട്ടിഹെൽമറ്റുകൾക്കുള്ളത്. എന്നാൽ, വിപണിയിൽ ആവശ്യാനുസരണം ഇവ ലഭ്യമാവാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.